ദീപ വിഷ്ണു,ബോസ്റ്റൺ
ചിന്നിച്ചിതറുന്ന വെള്ളാരംകല്ലുകളോ,
പൊട്ടിച്ചിരിക്കുന്ന പഞ്ചാരമുത്തുകളോ,
ചിറകുവിരിക്കുന്ന വെൺപ്രാവിൻപറ്റങ്ങളോ,
പാറിപ്പറക്കുന്ന സ്വപ്നശകലങ്ങളോ,
വെണ്‍കൊറ്റക്കുടനീർത്തും സ്മരണകളോ,
പാൽക്കടലായ്പെയ്യും
പ്രണയപരാഗങ്ങളോ,
നീലരാവിന്റെ മെയ്യില്‍ നിലാവെഴുതും കവിതകളോ,
മഞ്ഞുപടലങ്ങളടുക്കടുക്കായ്
കൈകോർത്തുരമിക്കുന്നതോ,
ഹൃദയത്തിൽ പരക്കുന്ന ചന്ദ്രികാധവളിമയോ
സന്ദേഹങ്ങളൊട്ടേറെയുണ്ടെന്നിരിക്കിലും,
ജീവനസൗന്ദര്യരഹസ്യങ്ങളെനിക്കോതി
ഇന്നീജാലകമേഘക്കാഴ്ച്ചകൾ,
ജീവാമൃതം പകർന്നെന്നിൽ
നവനീതത്വരയേറ്റി
ജീവിതജാലകക്കാഴ്ചകൾ കണ്ടിടാൻ.
( ബോസ്റ്റൺ – ചിക്കാഗോ വിമാനയാത്രയിൽ , പുറംകാഴ്‌ചകൾ കണ്ട് എഴുതിയത്)