ഒരു പ്രവാസിയുടെ വിഷുവോർമ്മകൾ(കവിത -ദീപ വിഷ്ണു,ബോസ്റ്റൺ )

sponsored advertisements

sponsored advertisements

sponsored advertisements

15 April 2022

ഒരു പ്രവാസിയുടെ വിഷുവോർമ്മകൾ(കവിത -ദീപ വിഷ്ണു,ബോസ്റ്റൺ )

കൊന്നപ്പൂങ്കുലശോഭയിൽ ഞാനിന്നു
മഞ്ഞനിറത്തിന്നഴകറിഞ്ഞൂ,
വിഷുക്കണിക്കാഴ്‌ച്ചയിൽ
കണ്ണാ ഞാനറിയുന്നൂ,
നിൻതിരുസാന്നിധ്യസായൂജ്യവും.
എന്നില്ലത്തെ ശ്രീലകമോർമ്മയിലെത്തുന്നൂ,
വിഷുപ്പൊൻപുലരിയണഞ്ഞിടുമ്പോൾ.
അവിടുത്തെ വിഷുക്കണി
മിന്നുംപൊൻവെളിച്ചമായ്
എന്മനമാകെ നിറച്ചൂ
അനിതരാഹ്ലാദാനുഭൂതികൾ!
എൻപ്രിയമുത്തശ്ശിതൻ സ്നേഹവായ്പാണതിൻ
പിന്നിൽ എന്ന തിരിച്ചറിവിന്നെനിക്ക്.
പടക്കങ്ങൾ പൊട്ടുന്ന ശബ്ദലോകത്തേക്ക്,
പൂത്തിരിത്തിളക്കത്തിൻ വർണ്ണലോകത്തേക്ക്,
ഞങ്ങൾ കുട്ടികൾ മുങ്ങാംകുഴിയിടുമ്പോൾ,
മുതിർന്നവരുമതിനൊപ്പം
ബാലരായ്മാറുന്നൊരു വിസ്മയക്കാഴ്ചയും
സ്മൃതിപ്പൂക്കളായ് വിരിയുന്നൂ.
പൂക്കുറ്റി, കമ്പിത്തിരി, നിലച്ചക്രക്കറക്കത്തിൻ
സുന്ദരലോകമെന്നെ മാടിവിളിക്കുന്നപോൽ;
വൃക്ഷനിബിഡമാം തൊടിയും പൂമുറ്റവും
മാമ്പൂമണവുമെന്നോർമ്മയിൽ
മാത്രമായ്;
വിഷുപ്പക്ഷിയീണങ്ങൾ
മുഴങ്ങുന്നപോൽ കാതിൽ,
നഷ്ടവസന്തസ്മൃതികാഹളങ്ങളായ്!

ദീപ വിഷ്ണു,ബോസ്റ്റൺ