വള്ളിയും പുള്ളിയുമില്ലാത്ത ചോദ്യങ്ങൾ (കവിത-ദത്താത്രേയ ദത്തു)

sponsored advertisements

sponsored advertisements

sponsored advertisements

17 July 2022

വള്ളിയും പുള്ളിയുമില്ലാത്ത ചോദ്യങ്ങൾ (കവിത-ദത്താത്രേയ ദത്തു)

ദത്താത്രേയ ദത്തു

എത്രയെത്ര എഴുതിയാലാണ്
ഞാനെന്ന പുഴയുടെ
ഒരു തുള്ളിജലമെങ്കിലും
നിങ്ങളിലേക്കൊരു
ദാഹശമനിയാകുന്നത്?
എത്ര ഉറക്കെ
ഘോഷിച്ചാലാണ്
ആത്മാഭിമാനത്തിന്റെ
ഒരണയെങ്കിലും
കാത്തുസൂക്ഷിക്കാനാകുന്നത്??
എത്ര മൗനം ഭുജിച്ചാലാണ്
നിന്റെ ചോദ്യശരങ്ങൾക്ക്മേൽ
ഉത്തരമില്ലായ്മയുടെ
പുറംചട്ട
എനിക്കണിയാനാകുന്നത്?
എത്ര കാറികരഞ്ഞാലാണ്
വേദനകളുടെ പടിക്കലാണ്
ജീവിതം കെട്ടിപ്പടുക്കുന്നതെന്ന്
തിരിച്ചറിയാനാകുന്നത്??
എത്ര നിലവിളിച്ചാലാണ്
കുടുങ്ങിപ്പോയ
നൊമ്പരങ്ങളെ
കുരുക്കഴിച്ചു
പുറത്തെടുക്കാനാകുന്നത്?
ഇനിയുമെത്ര തുറന്നുകാട്ടിയാലാണ്
നിന്നെ കുടിയിരുത്തിയ
കരളിന്റെ കനൽകട്ടയെ
നീറ്റാതെ ഊതിയണക്കാനാകുന്നത്??
എത്ര കെട്ടിവച്ചാലാണ്
പുഴുവരിക്കാതെ
ഈ ജീവിതമൊന്ന്
ധനാശി പാടാനാകുന്നത്??
ഇനിയുമെത്ര ചോദ്യങ്ങൾ
ഇടതടവില്ലാതെ
ആവർത്തിച്ചാലാണ്
“നീ “യെന്ന
ഉത്തരമില്ലായ്മയിലേക്ക്
എനിക്കോടിയണയാനാകുന്നത് ?

ദത്താത്രേയ ദത്തു