എന്തുകൊണ്ട്? (കവിത -ദേവദാസ് കോട്ടയം)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

18 March 2023

എന്തുകൊണ്ട്? (കവിത -ദേവദാസ് കോട്ടയം)

ദേവദാസ് കോട്ടയം

നീതിശാസ്ത്രങ്ങളെ നിങ്ങളീനാരിക്ക്
തടവറകൾ തീർക്കുന്നതെന്തുകൊണ്ട്?
ശോകാഗ്നിയെരിയുന്ന ഹോമകുണ്ഡത്തിലെ
തങ്കശില്പങ്ങളായ് തീർത്തതെന്ത്? – നിത്യ
ദുഃഖപ്രതീകമായ് തീർത്തതെന്ത്?

നിയതിയുടെ നിയമമോ സത്യമോ മിഥ്യയോ
സ്ത്രീയിന്നു തടവറയ്ക്കുള്ളിലായി?
കുരുതിക്കളങ്ങളിൽ അവിളിന്നു ബലിമൃഗം
ചുടുചോരവീഴ്ത്തുന്നു മണ്ണിലിന്നും -ശ്രുതി
ഭംഗം വിതുമ്പുന്നു ചിത്തിലിന്നും

ഗർഭപാത്രത്തിൽ ചുമന്നു പാലിച്ചവൾ
പാലമൃതൂട്ടി വളർത്തിയെന്നെ
പിച്ചവെച്ചാമടിത്തട്ടിൽ കളിച്ചോരോ
കളമൊഴികളെന്നെ പഠിപ്പിച്ചവൾ -പിന്നെ
ജ്ഞാനം വിജ്ഞാനദീപം തെളിച്ചു.

പ്രകൃതിയുടെ ജനനിയിവളബലയെന്നാരോ
പറഞ്ഞതിൻ പൊരുളെന്തറിഞ്ഞതില്ല
അർദ്ധനാരീശ്വര മുക്തഭാവത്തിലെ
അർത്ഥമെന്താണെന്നറിഞ്ഞതില്ല.-നാരി
പാരിനു ഭാരമോ നാരായണാ!

ചാപല്യചാതുരി ചപലയായ് ചാര
ത്തണഞ്ഞതില്ലെങ്കിലീ ലോകമില്ല
സ്നേഹം വിളമ്പിക്കുണുങ്ങിച്ചിരിച്ചവൾ
നിൽപ്പതില്ലെങ്കിലീ ജൻമമില്ല.-നിത്യ
ജീവൻ തുടിക്കും പ്രപഞ്ചമില്ല.
ലോകാധികാരക്കളങ്ങളിൽ നാരികൾ

മാറ്റിമറിക്കും കരുക്കളായി
വെട്ടുന്നു മാറ്റുന്നു വെച്ചരശ്ശാക്കുന്നു
കായ്ക്കരുത്തുള്ളോർ പണം വാരിടും- നാരി
നാവടച്ചിന്നും കരഞ്ഞോടിടും.

നീതി നിഘണ്ടുക്കളിന്നുമുണ്ട്- സ്ത്രീയ്ക്കു
നീതിക്കു വേറെനിഘണ്ടുവുണ്ടോ?
തത്വശാസ്ത്രങ്ങളേ വേദവാക്യങ്ങളേ
നിങ്ങളിമൗനത്തിലായതെന്തേ?-നാരി
നീതിക്കുകേഴുന്നറിഞ്ഞതില്ലേ?

ദേവദാസ് കോട്ടയം