അവളിലെ പെണ്ണ് (കവിത -ദേവി ശങ്കർ)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


26 July 2022

അവളിലെ പെണ്ണ് (കവിത -ദേവി ശങ്കർ)

ദേവി ശങ്കർ

ചിട്ടപെടുത്താത്ത,
അടുക്കിതീരാത്ത
ബാല്യമവൾക്കും ഉണ്ടായിരുന്നു…
വെള്ളിക്കൊലുസിന്റെ പതിഞ്ഞ
മണിനാദംപോലവളടക്കിച്ചിരിച്ചു
വിരലിലെണ്ണിത്തീർത്ത
സൗഹൃദങ്ങളിൽ ലിംഗഭേദമുണ്ടായി
നിഷ്കളങ്കത ചോദ്യം ചെയ്യപ്പെടുന്നയവസ്ഥ….
കലത്തിന്റെ കരിത്തിളക്കത്തിൽ
അവളെയൊരുനോക്കു കണ്ടറിഞ്ഞു…
കാലം മായ്ക്കാത്ത മഷിയെഴുതിയ
കുന്നിക്കുരുവിനെ ഇമവെട്ടാതെ
നോക്കിയവൾ നെടുവീർപ്പിട്ടു…
തന്റെ മിഴികളുടെ ചുവപ്പിലും
മാഞ്ഞു പോകാത്ത മഷിയെഴുതാൻ
കഴിഞ്ഞെങ്കിൽ ….
പാറിപ്പറന്നകന്നുപോകുന്ന
ചിത്രശലഭത്തെയവൾ കണ്ടുനിന്നു
കൈകളിൽ വിലങ്ങിന്റെ തടിപ്പ്…
രജസ്വലയായതും കോലായിലെ
പക്ഷിക്കൂടിന് താഴുവീണു
പറക്കാൻതുനിയുന്ന പറവയുടെ
ചിറകുകൾ “അരുതരുത് ”
എന്നവാക്കിൽ കുടുങ്ങി …
വിദ്യാലയത്തിലും, യാത്രകളിലും
അവൾക്ക് സൗമിത്രരേഖ തെളിഞ്ഞു…
കൗമാരത്തിന്റെ പടിവാതിൽ
മെല്ലെതുറന്നു
നുണക്കുഴിതെളിഞ്ഞ പനിനീരുപോലുള്ള
വദനത്തിൽ മോഹക്കുരുക്കൾതെളിഞ്ഞു…
ഇടംകണ്ണിട്ട നോട്ടങ്ങളിൽ
അവളും പരവശയായി
സൗഹൃദങ്ങളുമായി
മേഘക്കീറുകളിൽ സഞ്ചരിക്കാൻ
നീലാകാശം തൊട്ടിറങ്ങാൻ
അവളും കൊതിച്ചു…
കല്പനകളിൽ
അവളിലെ പെണ്ണിന്
നിഷിദ്ധമായത്തീർന്നിരുന്ന പാതകൾ …
സിന്ദൂരചെപ്പ്
തുറന്നവൾ യൗവ്വനത്തിലേയ്ക്ക്
മന്ദസമീരനെപ്പോലെ
കടന്നുചെന്നു…
വിടർന്നതും, കൊഴിഞ്ഞതും
വീണ്ടുംതളിർത്തതുമായ
കുറച്ചുനാളുകൾ…
ചന്ദ്രനിലിറങ്ങാനുള്ള മോഹങ്ങൾ
വീടിന്നകത്തളങ്ങളിലായി
അവളിലെ പെണ്ണിന്
മറുവാക്കില്ലായിരുന്നു…
അവളിലും അവനിലും
സാമ്യതകളുള്ള
ചിലപൊരുത്തക്കേടുകൾ
നിയന്ത്രണാധീനതയിലല്ലാത്ത
ശ്വാസഗതികൾ
എപ്പോഴോ നിലച്ചുപോയി…
മാതൃത്വമവളിലെ
പെണ്ണാൽ
അവളറിഞ്ഞു
താനെന്ന പെണ്ണിന്റെ
ചട്ടക്കൂടുകൾ
പൊട്ടിച്ചെറിയാൻ
ഈശ്വരൻ നൽകിയ
ചെഞ്ചോരപൂവിനെ
നോക്കി
മെല്ലെയവൾപുഞ്ചിരി
തൂകിമൊഴിഞ്ഞു …
അസ്വാതന്ത്ര്യത്തിൻ ചങ്ങലക്കണ്ണികൾ
ഭേദിച്ച്,
നീയ്യെന്ന പെണ്ണ് ലക്ഷ്യങ്ങളിലേയ്ക്ക് കുതിക്കണം ,
ചരടുവലികളിലുൾവാങ്ങാതെ
പറന്നുയരണം…
പാകമാകാതെ
ഞെട്ടറ്റുപോയ
ഞാനെന്നപെണ്ണിന്റെ പൂർണ്ണത
നിന്നിലൂടെ ഞാനറിയണം
ഞാനതു കണ്ട് പൊട്ടിച്ചിരിക്കണം
അവിടെയാണെന്റെ നിരാശകൾക്ക്
മരണവും,
സ്വപ്നങ്ങൾക്ക് ജനനവും …
അടങ്ങാത്ത
അഭിനിവേശതിമർപ്പിലും
പൊന്നോമനയുടെ
മൂർദ്ധാവിലേയ്ക്ക്
അടർന്നുവീണു
ഉപ്പും മധുരവും ചേർന്ന രണ്ടിറ്റു
മിഴിനീർ പൂക്കൾ ….
ഭൂലോകം മുഴുവൻ വെട്ടിപിടിച്ച
സമ്മിശ്രവികാരങ്ങളാൽ ആ അശ്രുകണങ്ങൾ
സംപൂർണ്ണരായിരുന്നു…