ഗൗരിയുടെ തീൻമേശയിലെ അക്ഷരങ്ങൾ (കവിത -ഡോ. അജയ് നാരായണൻ)

sponsored advertisements

sponsored advertisements

sponsored advertisements

28 September 2022

ഗൗരിയുടെ തീൻമേശയിലെ അക്ഷരങ്ങൾ (കവിത -ഡോ. അജയ് നാരായണൻ)

ഡോ. അജയ് നാരായണൻ

ഞെട്ടിത്തെറിക്കരുത്,
തീൻമേശയിൽ
ഇരിക്കുമ്പോൾ
കതകിൽ മുട്ടുന്ന
അജ്ഞാതശബ്ദം
കേൾക്കുമ്പോൾ
അശ്രദ്ധയരുത്.
കൈനിറയെ
കവിതയുടെ വറ്റുമായി
എഴുന്നേൽക്കരുത്
അവരെ വരവേൽക്കരുത്.

കതകിന്നപ്പുറം,
നിന്റെ അക്ഷരങ്ങൾക്ക്
വിലയിടാൻ,
നിന്റെ ആത്മാവിനു
ചിതയൊരുക്കാൻ
നിന്റെ ചിന്തകളെ
ചിതറിത്തെറിപ്പിക്കാൻ വരുന്ന
കൂട്ടിക്കൊടുപ്പുകാരാണവർ…

തീൻമേശയിൽ
ഭക്ഷണവുമായി
പൊരുത്തപ്പെടാൻ
നീ ശ്രമിക്കുമ്പോൾ
കവിതയുമായി
സംവദിക്കുമ്പോൾ
അക്ഷരവറ്റുകളെ
നുള്ളിപ്പെറുക്കി
അന്തരാത്മാവിനു
തർപ്പണമേകുമ്പോൾ
തരിച്ചുനിൽക്കരുത്.

കതകിൽ മുട്ടുന്നവരുടെ
കനമേറിയ
കൈവിരലുകൾക്കുള്ളിൽ
കൂർത്ത മുള്ളുകളുണ്ട്
മുള്ളിൻതുമ്പിൽ
കൊടിയ വിഷമുണ്ട്
അക്ഷരങ്ങളെ
അരിഞ്ഞുതള്ളാനുള്ള
വെമ്പലുണ്ട്.

രാപകലെന്യേ
അതിന്റെ സീൽക്കാരത്തിൽ
ഏതുനിമിഷവും
പൊളിഞ്ഞുവീണേക്കാവുന്ന
നിന്റെ രക്ഷാകവചം
അവർക്കായി
എന്തിനു നീ തുറക്കണം?

അക്ഷരങ്ങളെ
അന്നജമാക്കി
അഗ്നിയാക്കി
മനസ്സും ശരീരവും
ഊർജമാക്കി
ഞങ്ങളെ നീ
അത്താഴമൂട്ടുക.

തീൻമേശയിലെ
വിഭവങ്ങളിൽ
വിപ്ലവം നിറയുമ്പോൾ
ചിതറിയ
അക്ഷരങ്ങൾക്കിപ്പോഴും
ചിറകുമുളയ്ക്കുന്നുണ്ട്
ആകാശത്തിലവ
വട്ടമിട്ടുപറക്കുന്നുണ്ട്.

ഗൗരീ,
കതകിൽ മുട്ടുന്ന
അപശബ്ദങ്ങളെ
ഇനിയെങ്കിലും നീ
അവഗണിക്കുക,
ഞങ്ങളെയഗ്നിയിൽ
നീറ്റിയെടുക്കുക!

ഡോ. അജയ് നാരായണൻ