ഡോ.ബിജു കൈപ്പാറേടൻ
നക്ഷത്ര മദ്ധ്യേകണ്ടു ഞാനിന്നലെനിന്നെ-
യെൻ സ്വപ്നദേവതേ
താരണിക്കാടുകൾ കണ്ടു കണ്ട്
താമരത്തോണിയിൽ പോയനേരം
തീരത്തുനിൽക്കുമാ മാൻപേടയെ
കണ്ടു ഞാനിന്നലെ
തീരെയെന്നരികത്ത് ..
ലാവണ്യമെന്നതിൻ സത്യരൂപം
കാനന ജ്വാലയായ് കൺമുമ്പിൽ തെളിയവേ
എൻ കരൾ തുടിച്ചു ….
ഹൊ!കാന്താരമല്ലാതെയൂഴിയിങ്കൽ
വേറെങ്ങിരുന്നീടുമിത്ര ഭംഗി!
ഇത്രമേലുത്തമമായൊരംഗം
ഇത്രനാൾ അക്ഷികൾക്കജ്ഞാതമാം
ഈ കാനനാന്തരേ കണ്ടപാരം
ഇന്ദ്രിയാനന്ദ മെനിക്കേറിവന്നു!
കണ്ണിമ ചിമ്മാതെ നോക്കി നിൽക്കേ
തീരെദുരൂഹമാം അർദ്ധസ്മിതവുമായ്
വിണ്ണീന്നിറങ്ങിയദേവ രൂപീ…നീ
മണ്ണിൽ പദം വെച്ചു നിന്നു മെല്ലെ …
എന്നുള്ളിൽ കവിത നിറച്ചു തന്നു ….
നീണ്ടിടമ്പെട്ട കൺപൂവുകളിൽ
നീരസം മറന്നു
കുതൂഹല ചിത്തയായ് നീ-
യുലഞ്ഞു ലഞ്ഞങ്ങുനിന്നീടവേ
നിറചിത്രപതംഗ മായ് ആരാമ മധ്യേ
പാറിപ്പറന്നു നീ മൂളിപ്പടരവേ
ഇരുമിഴിചിമ്മാതെ
കാമനദാഹി ഞാൻ
നോക്കിനിന്നു,
ദൃഷ്ടികൾ മാറ്റാതെ നോക്കി നിന്നു.
നിന്നെ നോക്കി നിന്നു.
