ഇരയെന്നാൽ (കവിത-ഡോ.എസ് .രമ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

21 September 2022

ഇരയെന്നാൽ (കവിത-ഡോ.എസ് .രമ)

ഡോ.എസ് .രമ

“ഇര”യെന്നാൽ
ജീവിതം വിഭജിക്കപ്പെടുന്നു.
ഒരുവൾ അവളിൽ തന്നെ
ആത്മഹത്യ ചെയ്യുന്നു.
ഉറ്റവരുടെ ഉള്ളകങ്ങൾ തനിക്കു
ചിതയൊരുക്കിയെന്നത് അവൾക്കല്ലാതെ
മറ്റാർക്കാണ് അറിയാനാവുക..

“ഇര”യെന്നാൽ
ദൃഷ്ടികളും വാക്കുകളും
കീറിമുറിച്ച മൃതദേഹമാണ്.
ആമോദത്തിന്റെ വഴികളിലേയ്ക്കതിന്
തിരിച്ചു നടക്കാനാവില്ല..
ആഘോഷങ്ങളുടെയും
ആർഭാടങ്ങളുടെയും വർണ്ണങ്ങൾ
എന്നെന്നേക്കുമായി നഷ്ടപ്പെട്ടിട്ടുണ്ടാവും..
അല്ലെങ്കിൽ തന്നെ മരിച്ചു പോയ
ഒരുവളുടെ മിഴികളിൽ
നരച്ച നിറങ്ങളല്ലാതെ
റ്റെന്താണ് ഉണ്ടാവുക..

“ഇര”യെന്നാൽ
ചലിക്കുമുടലിനുള്ളിലെ
ചത്ത മനസ്സാണ്.
പ്രതികൂലങ്ങളിൽ സുരക്ഷിത
കവചത്തിനുള്ളിലിരിക്കും
സൂക്ഷ്മജീവിയെന്നോണം
തന്നിലേയ്ക്കൊരുവൾ ഉൾവലിയും…
സ്വന്തം സാന്ത്വനത്തിൽ സമാധാനിക്കും..
വേട്ടക്കാരുടെ അന്നപഥങ്ങളിൽ
അവളുടെ മുഖവും പേരും
ദഹിച്ചു പോയിട്ടുണ്ടാവും..

“ഇര”യെന്നാൽ
ഒരിക്കലും തിരിച്ചു കിട്ടാത്ത
മുഖവും പേരും വൃഥാ തിരയുന്ന
ചത്ത മനസ്സാണ്.
മറവു ചെയ്ത മൃതദേഹം
ഉയിർത്തെഴുനേൽക്കാതിരിക്കാൻ
വേട്ടക്കാരപ്പോൾ
തിരക്കിട്ടു തന്ത്രങ്ങൾ
മെനയുന്നുണ്ടാവും.

ഡോ.എസ് .രമ