ഡോ.ബിജു കൈപ്പാറേടൻ
ഒന്നിനും പിണങ്ങാത്തയെന്നോടു
നീയെന്തിനിങ്ങനെ
എപ്പൊഴുമെപ്പോഴും പരിഭവിപ്പൂ.
മന്ദമായൊഴുകുന്ന കബനിയിൽ നിന്നു നീ
പ്രളയക്കുത്തൊഴുക്കിലെ
ചതിച്ചുഴിപോലെയായ്…..
ഇന്നലെ നമ്മളൊരു പൂങ്കാവനത്തിലെ
രണ്ടിതൾപ്പൂ പോലെ ചേർന്നങ്ങു നിന്നവർ.
ഇന്നു നിൻ കണ്ണീരുമിടറുന്ന തേങ്ങലും …!
ഓമലേ…. കഥയേതുമറിയാതെ
വിങ്ങുന്നിതെൻ മനം ….
നമ്മിലേക്കൊഴുകിയ തേൻവസന്തം
കൊഴിഞ്ഞതിൽ പിന്നെ
ഇടനെഞ്ചു പിളർക്കാതെ
വന്നതില്ലൊരുനാളുമത്രമേൽ –
തീഷ്ണമാം നൊമ്പരങ്ങൾ
എൻ
മിഴിരണ്ടും നനയ്ക്കാതെ
വന്നതില്ലൊരുനാളുമൊരുകാറ്റിലുo-
നിൻചുടു നിശ്വാസമൂറുന്ന
കിന്നര മർമ്മരങ്ങൾ …..