സൗഹൃദങ്ങൾ (കവിത -ജിഷ .യു.സി)

sponsored advertisements

sponsored advertisements

sponsored advertisements

21 September 2022

സൗഹൃദങ്ങൾ (കവിത -ജിഷ .യു.സി)

ജിഷ .യു.സി

സൗഹൃദങ്ങൾ …
ചിലത് ഇത്തിക്കണ്ണി പോലെയങ്ങ്‌ പടർന്നു കയറും
പിന്നെ തടിയൂരാനായാൽ നല്ലത്

ഇനി ചിലത്, ആഴത്തിലാഴ്ന്നു
വേരിറങ്ങും
അവ ഹൃദയത്തിൽ മുളച്ച്
രക്തത്തിൽ വേരോടി
മാംസത്തിൽ ഉറച്ച്
ഉറപ്പോടെ വളർന്നവ
അത് പറിച്ചു മാറ്റിയാൽ
ചോര കിനിയും

ഇതിലൊന്നും പെടാത്തവ
തീരെ വിലയിടാത്തവ
തമ്മിലറിയാതെ ,വെറും കുമിളയായവ
മഴവിൽ നിറത്തോടെ ഇത്തിരി കാലം പറന്നു
കളിച്ച്അങ്ങ്പൊട്ടിപ്പോകും

ചിലതിനൊരുനീരാളിപ്പിടുത്തത്തിൻ്റെമുറുക്കംകാണും
അതിൽനിന്ന്ഊരിപ്പോവാൻ
ഭഗീരഥപ്രയത്നം തന്നെ വേണ്ടി വരും

ഇനി ചിലതിന് തേനിൻ്റെ മധുരവും ഗുണവും
അവക്കൊരു ഔഷധക്കൂട്ടിൻ്റെ ഗുണം

ചിലവ അമ്മത്തണലിൻ്റെ കുളിര്
അച്ഛൻ്റെ കരുതൽ
അവയ്ക്കുള്ളിൽചേർന്നുറങ്ങാം,
ധൈര്യമായി

ഇനിയുംചിലത് , മഞ്ഞുതുള്ളിയുടെ
നൈർമല്യവും തെളിച്ചവും
അവയിൽ കുളിരണിയാം വേണ്ടോളം ,പക്ഷേ …
കാലത്തിനൊപ്പം പോരും എന്ന് കരുതേണ്ടതല്ല

പ്രണയച്ചൂടും ,ചൂരും നിറഞ്ഞ ചിലവതുണ്ട്
അവക്കിടയിൽ വിരഹവും ,പരിഭവവും
മേമ്പൊടി
അവയങ്ങനെഒഴുകിക്കൊണ്ടേയിരിക്കും..

പെട്ടു പോയാൽ പെട്ടു
എന്നവയെ, പേടിച്ചേ ഒക്കൂ
അവക്കൊരു വൃത്തികെട്ട മുഖവും ,
കെട്ടമൈദപ്പശയുടെ ചൂരും ഒട്ടിപ്പിടുത്തവും

ഇനി ചിലത് …
പുതുമഴയുടെ മണവും താളവും കുളിരും
അത് ശരിക്കും ഒരുവേനൽ മഴപോലെ,
അവയുടെ താളം തെറ്റാതെ നോക്കണം
പിന്നെ ആ മഴവെള്ളം കരുതിവക്കണം
നല്ല നാളേക്കായി …