ഭൂപടത്തിൽ ശൂന്യതയെ
അടയാളപ്പെടുത്തേണ്ടതെങ്ങനെ?
ചായപ്പെട്ടിയിലൊന്നും കിട്ടാത്ത
ചാരനിറപ്പെൻസിൽ കൊണ്ട്
പുറംരേഖ വരയ്ക്കണം.
നീർ തുളുമ്പിയിരുന്നതിന്നോർമ്മയ്ക്കായ്
എന്നേയ്ക്കുമായി നീലിച്ചിരുണ്ടു പോയ കണ്ണുകൾ
രണ്ടു നദികളായ് വരയ്ക്കണം.
ചിരിച്ചും വിതുമ്പിയും സ്വകാര്യപ്പെട്ടുമ്മവെച്ചും
ഉലഞ്ഞ ചുണ്ടുകൾ
രണ്ടിതൾ പൂക്കളായ് ചുവപ്പിക്കണം.
നൊമ്പരമൊതുക്കിക്കിതച്ചനെഞ്ചത്തു
രണ്ടു പാറക്കല്ലുകൾ മതി.
വെണ്ണിലാവുറഞ്ഞതെന്നു തോന്നിക്കുമെങ്കിലും
അതിന്റെ ഉൾനിറം നീലയാണ് –
വിഷം ചാലിച്ചു നിറംചേർത്ത നീല.
വശീകരിച്ചെടുത്ത കാമുകൻമാരുടെ
അടങ്ങാത്ത ദാഹത്തിനായി സമർപ്പിച്ചത്.
ആർക്കുമാർക്കും നീന്തിക്കയറാനാവാത്ത
ചുഴികൾ, മലരികൾ, കയങ്ങൾ
ഇളം തവിട്ടുനിറത്തിൽ
വട്ടത്തിലാഴത്തിൽ കറുപ്പിക്കണം.
ആരാലുമാരാലുമോർത്തു വെയ്ക്കാതെ
ആരാലുമാരാലുമോമനിക്കപ്പെടാതെ
പിടഞ്ഞു തണുത്തുറഞ്ഞുനൊന്ത്
തമോഗർത്തസമാനമൊരു ഹൃദയം
നിരതിശായിയായ ദു:ഖത്തിന്റെ
മേലാപ്പു മൂടി നിശ്ശബ്ദമിരിപ്പുണ്ട് ,
എന്നിട്ടും
നിറമില്ലാത്ത വെറും കുത്തിവര കൊണ്ട്
എന്റെ ഭൂപടത്തിൽ നിന്റെ ശൂന്യതയെ
അടയാളപ്പെടുത്തേണ്ടതെങ്ങനെ?