ഋതുക്കൾ (കവിത-കവിത മേനോൻ )

sponsored advertisements

sponsored advertisements

sponsored advertisements

31 January 2023

ഋതുക്കൾ (കവിത-കവിത മേനോൻ )

കവിത മേനോൻ

നോക്കിനിൽക്കേ,
മരങ്ങളിൽനിന്ന്
നിറംവാർന്നൊഴുകുന്നു.
ദേഹംമറയ്ക്കാനവർ
തോൽകൊണ്ട് ഉടുപ്പുതുന്നുന്നു..
തൂവൽപൊഴിച്ചിട്ട പക്ഷികൾ
ഇളംകാറ്റിൽ വിറയ്ക്കുന്നു..
കൂടുകൂട്ടാനായ്
ഉണങ്ങാത്ത മരച്ചില്ല തേടുന്നു..
കാലത്തിന്റെ അനുസ്മരണമെന്നോണം
ഞരമ്പുമുറിച്ച വേരുകൾ,
മൃതിയുടെ തണുത്തുറഞ്ഞ
മഞ്ഞുകാലത്തിലേക്ക്
സ്വയം അടക്കം ചെയ്യുന്നു..
ഇനിയൊരു വസന്തം പൂവിടുന്നതുവരെ
എന്റെ കവിതകളെ ഞാൻ
വെള്ളപുതപ്പിക്കുന്നു..

കവിത മേനോൻ