മൗനം (കവിത-കവിത മേനോൻ ,ഡിട്രോയിറ്റ്‌ )

sponsored advertisements

sponsored advertisements

sponsored advertisements

5 August 2022

മൗനം (കവിത-കവിത മേനോൻ ,ഡിട്രോയിറ്റ്‌ )

കവിത മേനോൻ ,ഡിട്രോയിറ്റ്‌

നിശബ്ദതകളുടെ ചുരംകേറി
മൗനങ്ങളുടെ ആകാശമളക്കാൻ
കിതച്ചു കിതച്ചു വരുന്നുണ്ട്
ഒരു പരിഭവം..
ചുമലിലെ ഭാണ്ഡത്തിൽ നിറച്ചുമുണ്ട്
തനിച്ചാക്കപ്പെട്ട നിമിഷങ്ങളുടെ
പരാതികളുടെ മുറുമുറുപ്പും,
ആവലാതിയുടെ കെട്ടഴിച്ചുവിട്ടാൽ
അണക്കെട്ട് തകർത്തൊഴുകാൻ
തയ്യാറായിനിൽക്കുന്ന
രണ്ട്‌ കരിമഷിപ്പുഴകളും..
സ്വയംപഴിച്ചുകൊണ്ടുള്ള
ചില പ്രകമ്പനങ്ങളും,
വിങ്ങുന്ന നെഞ്ചിടിപ്പുകളുടെ
ഇടിമിന്നലുമെല്ലാം
ഒച്ചയില്ലാതെ അലറിവിളിക്കുന്നുണ്ട്..
നീ അറിയുന്നുണ്ടോ ഇത് വല്ലതും?!
നിന്റെ മൗനങ്ങളുടെ താഴ്വാരത്തിൽ
എന്റെയോർമ്മകൾക്കുപോലും
പ്രവേശനമില്ലല്ലോ..
നിന്റെ മൗനതപസ്സവസാനിപ്പിച്ച്,
എന്റെ ഒറ്റവരിക്കവിതയിലേക്ക്
നീ ഇറങ്ങിവരുന്നതുവരെ
ഞാൻ ചിന്തകളുടെ എത്രയെത്ര
കൊടുമുടികളാണ് കയറിയിറങ്ങുന്നതെന്ന്
നീ അറിയുന്നുണ്ടോ?
ക്ഷമയുടെ നെല്ലിപ്പടിയിൽ നില്ക്കുമ്പോഴും,
ഒരു ഉൾവിളിപോലെ നീയെന്ന വാക്ക്
എന്റെ ഹൃദയത്തിൽ ആവർത്തിച്ചവർത്തിച്ച്
എഴുതപ്പെടുന്നത്
ഞാൻ നിനക്കെങ്ങനെ പറഞ്ഞുതരാനാണ്?
നിന്നെപ്പോലെ എനിക്ക് മൗനത്തിന്റെ
ഭാഷ വശമില്ലല്ലോ!
ഈ അക്ഷരക്കൂട്ടങ്ങളെ നെഞ്ചോടടുക്കിപ്പിടിച്ച്,
നിന്റെ നിശ്ശബ്ദതകൾക്ക് മൊഴി നൽകാനും
എനിക്കാവുന്നില്ലല്ലോ!
നിന്നിൽത്തുടങ്ങി നിന്നിൽ
അവസാനിപ്പിക്കാനായ്,
ഇനിയൊരു ജന്മമെനിക്കില്ലെങ്കിലോ?
നിശബ്ദതയുടെ മൂടുപടം അഴിച്ചുമാറ്റി
ഒരു വാക്ക് കടം തരുമോ?
ഞാനെന്ന വരിയെ പൂർണ്ണമാക്കട്ടെ
ഇനിയെങ്കിലും!

കവിത മേനോൻ ,ഡിട്രോയിറ്റ്‌