സ്ഥിരം കോളത്തിലെ മുഖങ്ങളിലൊന്ന് (കവിത -മനീഷ മുകേഷ് ലാൽ )

sponsored advertisements

sponsored advertisements

sponsored advertisements

7 May 2022

സ്ഥിരം കോളത്തിലെ മുഖങ്ങളിലൊന്ന് (കവിത -മനീഷ മുകേഷ് ലാൽ )

സ്വപ്നത്തിൽ
വിജനത.
നിലാവ് ഒഴുകുന്ന
പൊയ്ക.
നടുവിലൊരു
തോണിയിൽ
നക്ഷത്രങ്ങളെണ്ണി
ചിരിച്ചു നിൽക്കുന്ന
പെൺകുട്ടി.
അത് ഞാനല്ലേ
അവൾ അതിശയിച്ചു.

വിരൽ തുമ്പിൽ,
നാസികയിൽ
പിൻകഴുത്തിൽ
ജലത്തിന്റെ
പ്രണയ ചുംബനം..
പ്രണയത്തിന്റെ
നീല ഞരമ്പ്
പ്രത്യക്ഷപ്പെട്ടു
നിലാവ് മന്ദഹസിച്ചു.
രാവിന്റെ ശബ്ദങ്ങൾ.
അവൾക്കു
ഭയമേതുമില്ല.
തോണി തുഴഞ്ഞു
പൊയ്കയിൽ
സ്വതന്ത്ര വിഹാരം.

സ്വപ്നത്തിനപ്പുറം
നിലാവ് മാഞ്ഞു.
പൊയ്ക, തോണി..
ആകെയും.
വിവാഹത്തിനപ്പുറം
മറഞ്ഞ പ്രണയം പോലെ.
വളരെ പെട്ടെന്ന്..

ഇപ്പോൾ ‘അവരുടെ’
മുറിയിൽ അവൾ മാത്രം.
അവഗണനയുടെ,
അസഭ്യത്തിന്റെ
അരികുചേർന്നു,
കിട്ടാതെ പോയ
സ്ത്രീ ധനത്തിന്റെ
സ്മരണപത്രമെന്നോണം
നിർദയമേറ്റ
ക്ഷതങ്ങൾ പേറി
‘മനസ്സില്ലാതെ ‘
അവൾ..
ഇറങ്ങി പോന്ന
വീട്ടിലേക്കു
തിരികെ
പോകാനാകാതെ
സമൂഹത്തിന്റെ
പാളിനോട്ടം
ഏൽക്കാനാകാതെ,
പ്രണയം തോറ്റെന്നു
സമ്മതിക്കാനാകാതെ
അവളുടെ ശരീരം
അവരുടെ മുറിയിൽ
ആത്മഹത്യ ചെയ്തു.
‘സ്ത്രീധന
മരണകോളത്തിലെ ‘
അന്നത്തെ മുഖം
അവളുടേതായിരുന്നു.
അന്നത്തേത് മാത്രം.

മനീഷ മുകേഷ് ലാൽ