മഴപ്പെണ്ണ്‌ (കവിത -ശൈലജ വർമ്മ)

sponsored advertisements

sponsored advertisements

sponsored advertisements

5 July 2022

മഴപ്പെണ്ണ്‌ (കവിത -ശൈലജ വർമ്മ)

പ്രശാന്ത സുന്ദരമായ നീലാകാശത്തിൽ
വെളുത്തു സുന്ദരമായ മേഘങ്ങൾ
ഭാരരഹിതരായി ഓടിക്കളിച്ചു
പെട്ടെന്നൊരു കുശുകുശുപ്പ് ഉയർന്നു.
ചിന്താഭാരത്തോടെ കറുത്ത മേഘങ്ങൾ
എവിടെയൊക്കെയോ അലഞ്ഞു നടന്നു.

ഇടിമുഴക്കവും മിന്നൽപ്പിണരും പക്കമേളം
ഒരുക്കി
മഴപ്പെണ്ണിൻ കല്യാണ സുമൂഹൂർത്തം
ആഗതമായി
ആകാശപ്പറവകൾ കുരവയിട്ടു
തിമിർത്തു
നക്ഷത്രപ്പെൺകൊടികൾ താലമെടുത്തു
കുണുങ്ങി നിന്നു
മന്ദാനിലൻ പനിനീർ കുടഞ്ഞു
മടങ്ങിപ്പോയി
പൂവനങ്ങൾ വസന്തം പൊഴിച്ചവളെ
വരവേറ്റു
സൂര്യനും ചന്ദ്രനും അനുഗ്രഹാശിസ്സുകൾ
വർഷിച്ചു
ധൂമകേതു സൂര്യനു നേരെ വാൽ ചലിപ്പിച്ച്‌
മാനത്ത്‌ പറന്നു.

ആകാശത്തോട്‌ എന്നെന്നേയ്ക്കുമായൊരു
വിട വാങ്ങൽ
പിറന്ന വീടിനോട്‌ കണ്ണീരോടെയൊരു
യാത്രാമൊഴി
ഇനി തിരിച്ച്‌ ആ വഴിയില്ല,
വാതിൽ കൊട്ടി അടയ്ക്കപ്പെട്ടു കഴിഞ്ഞു.

കടൽപ്പുരുഷന്റെ മാറിലേയ്ക്ക്‌ നാണം
കുണുങ്ങി വീണവൾ
ഒത്തിരി സ്വ്പ്നങ്ങളും പ്രതീക്ഷകളും
മിഴികളിൽ ഒളിപ്പിച്ച്‌
ചിണുങ്ങിവന്നു പുതിയ കുടിയിൽ
ആയിരമായിരം ആശകളുടെ
ചിറകിലേറിയവൾ മഴപ്പെണ്ണു്.

പുതുമഴപ്പെണ്ണിന്റെ മധുരക്കിനാക്കൾ
ജീവിതത്തിരമാലകളിൽ പെട്ടുഴറി
ആ സ്വപ്നങ്ങളുടെ ലഹരിയിൽ
കടലിലെ ഉപ്പുതരികൾ പരന്നു
പിന്നെയവളുടെ രസനയിൽ ലവണരസം
മാത്രം തങ്ങിനിന്നു
കടലിലേയ്ക്കവൾ ആവാഹിക്കപ്പെട്ടു
ഒടുവിൽ മുഖവും മനസ്സും ഇല്ലാത്ത
മുഷിഞ്ഞ മഴപ്പെണ്ണായിമാറി
സ്വത്വം നഷ്ടപ്പെട്ടവൾ.

എന്നെന്നും പുതുമഴകൾ കടലിനെ
തേടിയെത്തിക്കൊണ്ടേയിരുന്നു
കടലൊ എപ്പോഴും തിരയിളക്കിയിളക്കി മദിച്ച്‌ ആനന്ദിച്ചുകൊണ്ടേയിരുന്നു.

അശാന്തമായ മനസ്സോടെ ഓരോ മഴപ്പെണ്ണും
ഒരിറ്റ്‌ സ്നേഹജലത്തിനായ്‌ ദാഹിച്ച്‌
ജീവിതം ജീവിച്ചു തീർക്കുന്നു….

ശൈലജ വർമ്മ