നമ്മൾ
രണ്ട് ഒറ്റത്തുരുത്തുകളായിരുന്നു
നീയും ഞാനുമെന്നാൽ
നീ എന്നിലേയ്ക്കും ഞാൻ നിന്നിലേയ്ക്കും
നടന്നെത്തിയ ദൂരങ്ങളായിരുന്നു.
ഒരുമിച്ചു പിന്നിട്ട വഴികളായിരുന്നു.
സമയസാഗരത്തിൽ
ജനിച്ചു മരിച്ച സംവാദങ്ങളായിരുന്നു..
നമ്മുക്കിടയിൽ പെയ്തു തോർന്ന
വാക്കുകളായിരുന്നു.
നീയും ഞാനുമെന്നാൽ
നീയറിയുന്ന ഞാനും ഞാനറിയുന്ന
നീയുമായിരുന്നു..
നമ്മൾ രണ്ടു പുസ്തകങ്ങളായിരുന്നു.
പരസ്പരം വായിച്ചു കൊണ്ടേയിരുന്ന
രണ്ടു പുസ്തകങ്ങൾ..
വ്യക്തമല്ലാത്ത അക്ഷരങ്ങളിൽ
എന്നിലെ ഞാനും നിന്നിലെ നീയും
ചില അദ്ധ്യായങ്ങളിലെങ്കിലും
നിഗൂഢമായി നിലകൊണ്ടു.
സാമ്യമില്ലാത്ത രേഖാചിത്രങ്ങളിൽ
നീ എന്നെ വരച്ചു തുടങ്ങിയപ്പോഴാണ്
നിനക്കും എനിക്കുമിടയിലെ വഴികൾ വിജനമായത് ..
വാക്കുകളിപ്പോഴവിടെ പെയ്യുന്നതേയില്ല..
കാടു പിടിച്ചവിടെ ഇഴജന്തുക്കൾ
നിറഞ്ഞിരിക്കുന്നു..
എനിക്കിപ്പോൾ നിന്നിലേയ്ക്ക് നടക്കാൻ ഭയമാണ്..
നിനക്കും ഒരുപക്ഷെ അങ്ങനെയാവാം..
ഞാനിപ്പോൾ എനിക്ക് ചുറ്റും
മതിലുകൾ കെട്ടിയിരിക്കുന്നു..
പുറത്തേയ്ക്ക് തുറക്കാൻ
വഴികളില്ലാത്ത മതിലുകൾ..
നീയിപ്പോൾ പുതിയ
ഒരു പുസ്തകം വായിക്കുന്നുണ്ടാകും.
