മണ്ണ് തേടുന്ന വേരുകൾ (കവിത -നിമ്മിപ്രകാശ്)

sponsored advertisements

sponsored advertisements

sponsored advertisements

17 June 2022

മണ്ണ് തേടുന്ന വേരുകൾ (കവിത -നിമ്മിപ്രകാശ്)

ജന്മങ്ങൾ പാഴ്ജന്മങ്ങൾ, നിയോഗത്താൽ
അസ്തിത്വംനഷ്ടപ്പെട്ട് മണ്ണിലേക്ക്
ഊർന്നിറങ്ങിയ പാഴ് ജന്മങ്ങൾ..
ചുട്ടെരിക്കപ്പെട്ട യൗവ്വനവും പേറി
ജരാനര ബാധിച്ച പാഴ്ജന്മങ്ങൾ..
മൂർദ്ധാവിൽ പതിച്ച കൊടിയ വേനലിന്‍റെ
ചുംബനങ്ങളേറ്റ് പൊള്ളിയടർന്ന ഉടലും
മുണ്ഡനം ചെയ്തശിരസ്സുമായ് മണ്ണടരിലഭയം
തിരയുന്ന നീർവറ്റി വരണ്ട പാഴ്വേരുകൾ..
സ്മൃതി മുറിവുകളിൽ ഉപ്പുപരൽ ചാറി
പെയ്യുമ്പോഴും പാതിമാഞ്ഞുപോയ
സ്വപ്നങ്ങൾ തടവറയിലടച്ചിട്ട്
വേവ്മണക്കുന്ന ഉടലുമായി
ഉറവവറ്റിയ മണ്ണടുക്കുകളിൽ പ്രാണജലം
തേടിയലയുന്ന വേർ നീണ്ടവിരലുകൾ..
സംവത്സരങ്ങളായ് പച്ചില ചാറുറ്റിച്ചും
തണൽ വിരിച്ചും തണുപ്പിച്ച നിന്‍റെ
ഹൃദയാഴങ്ങളിൽ പടർന്നുകിടക്കുന്ന
എന്‍റെ ജടകളിലൊക്കയും
പ്രണയത്തിന്‍റെ ജലകണങ്ങൾ
പറ്റിച്ചേർന്ന് കിടക്കുന്നുണ്ടിപ്പോഴും..
യൗവ്വനം വാരിഭക്ഷിച്ച് ഉദരംനിറച്ച്
അന്ധകാരത്തിലേക്ക് ഓടിമറയുന്ന
കാലത്തിനെനോക്കി നിസ്സംഗതയാൽ
നെടുവീർപ്പുകളുതിർക്കുമ്പോഴും
കൊഴിഞ്ഞുപോയ വസന്തത്തിന്‍റെ കുളിരും..
ചുണ്ടുരഞ്ഞ തണുപ്പും ഹൃദയത്തിന്‍റെ
നീരാഴത്തോളം വരിഞ്ഞുകിടപ്പുണ്ട്.
മഴപുണർന്ന രാവുകളിൽ
ഋതുമതിയായ് കുളിരണിയുമ്പോൾ
നിന്‍റെ നനഞ്ഞ മാറിടത്തിൽ ഞാൻ
പൊഴിച്ചപൂക്കൾ എന്‍റെ പ്രണയത്തിന്‍റെ
നിഴലനക്കങ്ങളായിരുന്നു…
പാതി മരിച്ച ഉടലുമായി ആത്മവേദനയാൽ
പിടയുമ്പോൾ എന്നിലെ അവശേഷിച്ച
പ്രാണന്‍റെ അവസാനതുടിപ്പിന് പോലും
നിന്‍റെ ശ്വാസത്തിന്‍റെ ഗന്ധമായിരുന്നു..
ചുംബിച്ചടരുന്ന ഓരോ ഋതുക്കളും
ഓരോ ജനിതക രേഖകളാണ്…..
ഓരോ വസന്ത രാവുകളും
ഓരോ മാമരങ്ങളും നിത്യസ്മരണകളുടെ
അടയാളപ്പെടുത്തലുകളാണ്..