വെളിപാട് (കവിത -നിത്യ.എസ് )

sponsored advertisements

sponsored advertisements

sponsored advertisements

12 June 2022

വെളിപാട് (കവിത -നിത്യ.എസ് )

നിത്യ.എസ്

എല്ലാ ആസക്തികളെയും
ചുംബിച്ചു കൊല്ലുന്ന
ഒരു മനുഷ്യൻ പുനർജനിക്കുമെന്ന്
രാത്രിയാമത്തിൽ
വെളിപാടുണ്ടായി.
ഒരു കാലത്തും മടുക്കാത്ത
വിധം അയാൾ തന്റെ
നാഡീഞരമ്പുകളെ പുനർജീവിപ്പിക്കുമെന്ന്
അഗാധമായി വിശ്വസിച്ച്
ആ രാത്രി ഉറക്കത്തിലേക്ക്
കുതികാൽ വെച്ചു.
നിലാവിൽ നക്ഷത്രങ്ങൾ
കണ്ണടച്ച ശേഷം ആരോ ഒരാൾ
തന്റെ ഇടംകയ്യിലെ
മോതിരവിരലിൽ
സ്പർശിക്കുന്നതവളറിഞ്ഞു.
അശരീരി പോലെ
ശരീരമൊന്നാകെ ഉണർന്ന്
അത്യാനന്ദത്തിന്റെ
വള്ളിപ്പടർപ്പുകളിൽ
നൃത്തം ചെയ്തു തുടങ്ങി.
ഉപ്പൂറ്റി മുതൽ നെറുക്
വരെയുള്ള തണുപ്…
തീവ്രാസക്തിയുടെ യാമങ്ങൾ…
നക്ഷത്രങ്ങൾ കവിതകൾ…
മൂല്ല പൂക്കുന്ന മണം മൂക്കിലൊളിച്ചു.
നിലാവിന്റെ ഒരു തുണ്ട്
വാതിൽത്തുറന്ന് അകത്ത് കയറി
മന്ത്രവാദിനിയെപ്പോലെ
ഉടുവസ്ത്രമഴിച്ച് നൃത്തം തുടങ്ങി.
സർവാസക്തികളും എന്നിലൊടുങ്ങി.
അജ്ഞാതന്റെ പ്രേമം
എന്റെ ഉൾക്കടലിൽ തിരയടിച്ചു.
ഉടലൊന്നാകെ ഒരു പ്രണയത്തിൽ
നൃത്തം ചെയ്തു കൊണ്ടേയിരുന്നു…
ഒരു പൂവിറുക്കും വിധം പുലർകാലെ
ഞാനെണീറ്റൊരു കവിതയെഴുതി.
ഹാ! എന്റെ സ്വപ്നമേ എന്നെ
ഇത്ര വേഗം നീ മറന്നുകളഞ്ഞല്ലോ..