രാത്രി (കവിത -എം.വിജയരാഘവൻ )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

14 June 2022

രാത്രി (കവിത -എം.വിജയരാഘവൻ )

രാത്രി
ഒരുന്മാദിനിയെപ്പോലെ
അണിഞ്ഞൊരുങ്ങി
മോഹനസ്വപ്നങ്ങളിലേ
ക്കുറ്റുനോക്കുന്നു

മുംബയിലെ മറൈൻഡ്രൈവിൽ
നയനാനന്ദകരമായ
*ക്യൂൻസ് നെക്ക്ലേസ് എന്ന
അത്ഭുതക്കാഴ്ചയും
കണ്ടിരിക്കുമ്പോൾ
ഇങ്ങിനെയൊരു രാത്രി
കല്പനകളിൽപ്പോലും
ഒരുങ്ങിനിന്നിട്ടില്ല

ഗ്രാമത്തിൽ
എവിടെയോ കേട്ടുമറന്ന
പ്രിയതരമായ
പാട്ടിൻ വരികൾ
നിയോഗംപോലെ
യൊഴുകിയെത്തുമ്പോൾ
തോന്നലുകൾ
ഫിക്‌ഷന്റെ
മേലങ്കിയണിയുന്നു

ഒരനുരാഗിപോലെ
രാവിന്റെ
തപ്തനിശ്വാസങ്ങളെ
ആവാഹിക്കാൻ
കാമനകളെ
നിലയില്ലാക്കയത്തിലേക്ക്
തുറന്നുവിടാൻ
കല്പനാജാലമല്ലാതെ
മറ്റെന്തുണ്ട്

ഗഗനവീഥിയിൽത്തെളിയുന്ന
നക്ഷത്രജാലങ്ങൾ
പുഞ്ചിരിപൊഴിക്കുന്ന
മധുമാസചന്ദ്രൻ
ഇടയ്ക്കിടെ
തഴുകിക്കടന്നുപോകുന്ന
സുഗന്ധവാഹിയായ
തെന്നൽ
ഇതെല്ലാം സംഗമിക്കുന്ന
അവ്യവസ്ഥിതമായ
കാല്പനികാവസ്ഥ

ഓർക്കാപ്പുറത്തനുഭവപ്പെടുന്ന
നിയോഗം
വെളിപാട്
അനിർവചനീയമായ
ആഹ്ലാദാതിരേകം

രാത്രിയുടെ
ദീപ്ത ഞരമ്പുകളിൽ
പ്രവഹിക്കുന്നത്
സ്വപ്നങ്ങളുടെ
അപ്രമേയമായ
വേലിയേറ്റമാണ്
സുഷുപ്തി അത്
അന്യവും അമേയവുമായ
ഒരു ലോകത്തിലേക്കുള്ള
ഷിപ്രപ്രയാണമാണ്

________
*മുംബയിലെ മറൈൻഡ്രൈവ് രാത്രി കാലങ്ങളിൽ “queens necklace” എന്ന പേരിൽ അറിയപ്പെടുന്നു. മുകളിൽ നിന്ന് വീക്ഷിക്കുമ്പോൾ വഴിവിളക്കുകളുടെ മാന്ത്രികത
രത്നങ്ങൾ കോർത്ത മുത്തുമാലപോലെ കാണാകുന്നു

എം.വിജയരാഘവൻ