ജീവിതം മദ്ധ്യാഹ്നത്തിലെത്തുമ്പോൾ
പിന്തിരിഞ്ഞൊരു നടത്തമാണ്.
നടന്നു തീർത്ത പാതകളിലൂടെ,
വീണുടഞ്ഞൊരു കാലത്തെ നോക്കി നെടുവീർപ്പിടും.
നട്ടുച്ചവെയിലിൽ വെന്തു നിൽക്കുമ്പോഴാണ്
ബോധോദയം ഉണ്ടായി തുടങ്ങുക.
ആരുടെയൊ കാൽ പാദങ്ങൾ
പിന്തുടർന്നതിനെക്കുറിച്ചോർത്ത് ലജ്ജ തോന്നും.
എരിച്ച് കളഞ്ഞൊരു സൂര്യകാന്തി പൂവിനെ
ഓർത്ത് കരൾ വിങ്ങും.
വിറക് കൊള്ളിയായും ചുമട് താങ്ങിയായും
അലക്ക് യന്ത്രമായും മാറി മറിഞ് നരച്ച
ആകാശത്തിൽ നീന്തി തളർന്ന ഋതുക്കളെ ശപിക്കും.
ചുട്ടുപഴുത്ത മണലാരണ്യങ്ങളിൽ ഓർമ മഴ ചെയ്യും.
വേനൽ കരിച്ച മോഹവിത്തുകളൊക്കെ
ഒരിക്കൽ കൂടി മരമായി വസന്തം
വിരിച്ചെങ്കിലെന്ന് വെറുതെ നിനക്കും.
പിന്നെയും നെഞ്ചിലൊരു കുറുകൽ പിടയും.
ചാരത്തിൽ നിന്നെഴുന്നേൽക്കുമ്പോൾ
വാക്കുകൾക്ക് ഇരുമ്പിന്റ മൂർച്ച താനെ കൈവരും.
പ്യൂപ്പക്കുള്ളിൽ ഒളിച്ചിരിക്കുന്ന ചിത്രശലഭം
പുറത്തേക്ക് പാറുന്നത് മധ്യാഹ്നത്തിലെ
തിളക്കം കണ്ടു കൊണ്ടാണ്. ചില തിരമാലകൾ
ആർത്തലച്ച് വരുന്നത് കരയെ വിഴുങ്ങാൻ മാത്രമാണ്..
മിഴികളിൽ നിന്നൊരു നനവ്
കിനിഞ്ഞിറങ്ങുന്നത് നഷ്ടപ്പെടുത്തിയ
ഭൂതകാലം കല്ല് മഴയായി നെഞ്ചിൽ പെയ്യുന്നത് കൊണ്ടാണ്