റാണി സുനിൽ
ആകാശം തേരിറക്കിയ അന്ന്,
മേഘക്കുതിരകൾ
കുപ്പായം മാറ്റി കോട്ടനുടുത്തു.
അനങ്ങുന്നതേയില്ലന്നു
തോന്നിപ്പിയ്ക്കും വിധം
തെല്ലും തിരക്കിടാതെ
ഒഴുകി മേഞ്ഞുനടന്നു.
അധികമകലെയല്ലാത്ത
അക്കരക്കുന്നിലെ കിളുന്തിലയിൽ
വെള്ളപുതച്ച് ഉറക്കം നടിച്ചു.
അവിടെന്നുമങ്ങനെയാണത്രെ.
ബാൽക്കണിയ്ക്കുള്ളിലേയ്ക്ക്
ഒളിഞ്ഞുനോക്കിയ
ഹിമകണങ്ങളെല്ലാം
നനുനനുത്ത് നാണിച്ചലുത്തു.
ഉച്ചയായിക്കാണും
ഉറപ്പില്ല…
ക്രോപ്ടോപ്പിനുള്ളിലെ
പൊക്കിൾചുഴിപോലെ
ഒളിഞ്ഞും തെളിഞ്ഞുമല്പം
പച്ചപ്പ്.
നെഞ്ചോടുനെഞ്ചുചേർന്ന്
സ്വപ്നത്തിലോയെന്ന് നുള്ളി
ഒറ്റപ്പുതപ്പിലൊട്ടി
സുന്ദരിയും സുന്ദരനുമായി.
നുര പതയുന്ന
കോഫികപ്പിലെ ചൂട്
നെഞ്ചിലെ ചൂടോടു ചേർത്തു
ചുണ്ടിലേയ്ക്ക് പകർന്നു.
എന്നും അങ്ങനെയാണത്രെ.
കണ്ണാടിവാതിൽ തള്ളിതുറന്ന്
കൈ വിടർത്തി
തല അല്പം പുറത്തിട്ടു
നൂൽതുള്ളികളെ ചെറുങ്ങനെ തൊട്ടു.
കൈവെള്ളയിൽ കവിതപരന്ന്
മുടിവരെ കോരിത്തരിച്ചു.
മഞ്ഞിനെ തുളച്ചു വഴികാട്ടുന്ന
കുരുവിക്കൂട്ടങ്ങളുടെ ചിലുചിലപ്പ്.
കുളിര് കവിളിൽ കിളിർത്തപ്പോൾ
ഹൃദയം കണ്ണിൽ മുത്തമിട്ടു .
തുറന്നിട്ട ബാൽക്കണിയിൽ
കാണ്ണാടിക്കതകിനുള്ളിൽ
മോഹച്ചുഴിയിൽപ്പെട്ടവർ.
ഓടിമറയുന്ന
ഹിമക്കുതിരകളെ നോക്കി
നാല് അതിശയക്കണ്ണുകൾ.
ഈ നാട്ടിൽ ഇങ്ങനെയാണത്രെ.
നീണ്ട നിഴലുകൾകൊണ്ട്
കുതിരകളെയാകാശം
തിരികെയെടുത്തു.
എന്നും വേലിയേറ്റവും
ഇറക്കവുമുള്ള ആകാശമുള്ളയിടം.
അവിടെയെന്നും അങ്ങനെയാണത്രെ.