ഗാനമേള (കവിത -റാണി സുനിൽ )

sponsored advertisements

sponsored advertisements

sponsored advertisements


26 April 2022

ഗാനമേള (കവിത -റാണി സുനിൽ )

കാശം പൊതിഞ്ഞ
പച്ചയ്ക്കു താഴെ
ഈണംവിരിയുന്ന ചില്ലകൾ
ഗാനമേളയ്ക്ക് തിരഞ്ഞ്
മൈനയും മരംകൊത്തിയും.
സുന്ദരസരിഗമ
പെറുക്കിയെടുക്കുന്ന
പച്ചിലക്കുടുക്കകൾ
ഹാർമോണിയത്തിൽ
താളം പിടിക്കുന്നുണ്ട്.
പുതുമഴതോർന്ന വിടവിൽ
ഈയൽ ആഘോഷിച്ചെത്തിയത്
കറന്റ്‌ കമ്പിയിൽ നിന്നു
പറന്നുകൊത്തിയ
ഇരട്ടവാലന്റെ ചുണ്ടിൽ.
ചീവീടിൻ ചിറകിൽ
ഒളിപ്പിച്ച
രീര് രീര് രീര് സംഗീതം
ബാക്ഗ്രൗണ്ടിൽ റഫ് പെയിന്റിംഗ്പോലെ
പെരുമഴയാവുന്നു.
കാടിനെ കീഴടക്കുന്നു.
വട്ടൻകൊത്തിയും കരിയിലപ്പിടയും
കോട വകഞ്ഞു കളിയാണ്.
അഴിച്ചുവിട്ട പശുക്കുട്ടിയെന്നോണം
ഡ്രംസിൽ തുള്ളിച്ചാടുന്ന ഉപ്പൻകുഞ്ഞ്.
അച്ഛൻ കൊമ്പത്തും അമ്മ വരമ്പത്തും.
അരിപ്രാവിന്
കോറസ്‌ മതിയത്രേ.
മടിച്ചി.
കുറുകിക്കിണുങ്ങി
തലയാട്ടി
കൊത്തിപ്പെറുക്കി
അവിടവിടെ അങ്ങനെ.
പൊന്മാനിണകൾ ഗാനമേളയ്ക്കായി
കർട്ടൻ തുറന്നിട്ട്
അഴകിൽ പറന്നുവന്ന്
കൊതിപ്പിച്ച്
കുതിച്ചുപോകും..
നീലയിൽ ജ്ഞാനസ്നാനപ്പെട്ടവർ.
തൂത്തുക്കുണുക്കിക്ക് വാലിൽ
ഗിഞ്ജിറയാണ് താളം.
ഗോക്ലിയ ഗോക്ലിയ… പാടുന്നവർ
കുട്ടു..റു കുട്ടു..റു പറയുന്നവർ
കീയം .. കീയം.. ചൊല്ലുന്നവർ
കുയിൽപ്പാട്ടിൽ നിറം മങ്ങുന്ന
കുഞ്ഞിപ്പാട്ടുകാർ!
ചിറകിൽ മഴവില്ലുവരച്ച്
പ്രഭാതത്തിൽ
കൊക്കുരുമ്മി
കൂ..ക്കൂ…ചൂളത്തിൽ
“നീ എവിടെ”?
“വാ പോവാം” എന്നറിയിക്കുന്നവർ.
ഞാനോ
പ്രണയമരത്തിലെ
ചാഞ്ഞ കൊമ്പിൽ
വാകപ്പൂന്തേൻ പകുക്കുന്ന
ചോന്നചുണ്ടിലും.

റാണി സുനിൽ