മനതാരിനുള്ളിലൊരു കടലിനെയൊളിപ്പിച്ചു
കടലുകാണുവാനവളന്നു പോയി.
ആർത്തലയ്ക്കുന്ന തിരകളെയെണ്ണുന്നു
എണ്ണമില്ലാത്ത തിരയുള്ളിലാർക്കുമ്പോൾ.
മനസ്സിന്റെയാഴത്തിൽ നീറുന്നു സ്വപ്നങ്ങൾ
കടലിന്റെയാഴത്തിൽ തിളങ്ങുന്ന മുത്തുകൾ
ചിന്തകൾ മറിയുന്നു കലങ്ങുന്നു , പതയുന്നു
ആശ്വാസതീരങ്ങൾ തേടി പിന്നെയുമലയുന്നു.
അലറുന്ന തിരകളിൽ ഇടനെഞ്ചുപൊട്ടുന്നു
വേദനമറ്റൊരു ലഹരിയായ് പുൽകുന്നു.
കുസൃതിയാൽ കാലൊന്നു നനച്ചവൾ പോവുമ്പോൾ
കണ്ണൊന്നു നനയുന്നു പിന്നെയും തേങ്ങുന്നു.
കണ്ണെത്താദൂരത്തു കണ്ണുകൾ തേടുന്നു
ഒരു കുഞ്ഞനുഗ്രഹം കടമായി നൽകുമോ?
കടലമ്മയോടി കിതച്ചെന്റെ ചാരത്തു
ആർത്തലച്ചുകിതച്ചു പറയുന്നു.
മാലോകരെല്ലാമെറിയുന്ന മാലിന്യം
എന്റെ ദേഹവും ഹൃദയവും മനസ്സും ദുഷിപ്പിച്ചു.
എന്റെ വിഷമങ്ങൾ പറയാതെ, ഞാനങ്ങു
ഇടനെഞ്ചുവിങ്ങി തിരികെ നടക്കുന്നു
പിന്നെയും തിര വന്നു തീരത്തലറുന്നു
ആർത്തലയ്ക്കുന്ന മനസ്സിന്റെ നൊമ്പരം.
എങ്കിലുമൊരു ചിരി ചുണ്ടത്തു വിരിയിച്ചു
മറുകൈകൊണ്ടു കണ്ണുനീർ തുടയ്ക്കുന്നു.
കടല്ക്കണ്ടുവോ ,യെന്നു ചോദിക്കുമ്പോൾ
കടലോളം സങ്കടം തീരത്തണയുന്നു.
ആകാശനീലിമ സ്നേഹമായ് നിറയുന്നു
അനന്തതയുടെ മോഹം മനസ്സിൽ നിറയ്ക്കുന്നു.
