മാറാലയ്ക്കുള്ളിലെ വേട്ടക്കാരൻ (കവിത -സജിത വിവേക് )

sponsored advertisements

sponsored advertisements

sponsored advertisements

6 January 2023

മാറാലയ്ക്കുള്ളിലെ വേട്ടക്കാരൻ (കവിത -സജിത വിവേക് )

സജിത വിവേക്

ഇരുമരങ്ങൾക്കിടയിലൊരു വലനെയ്തു
ഇരയും കാത്തൊരുവൻ പതുങ്ങിയിരുപ്പുണ്ട്.

വെയിലേറ്റു തിളങ്ങുന്ന നേർത്തനൂലിന്റെ
ബലിഷ്ഠകരങ്ങളാൽ ഒരുവളെ പുണരുവാൻ

മധുരമാം വാക്കിന്റെ തുമ്പിൽ പശചേർത്തു
വർണനിറമുള്ള നൂലിൽ കുരുക്കുവാൻ

കൊതിയുള്ളചുണ്ടാൽ ചുംബിച്ചവളെമയക്കാൻ
വിഷമവൃത്തത്തിനുള്ളിൽ ശ്വാസംമുട്ടിക്കാൻ

മായികവലയങ്ങൾക്കുള്ളിലൊരുദിനം കുരുക്കും
മൃദുലമാം മേനിയിൽ വിരലുകൾ അമർത്തും

നിശ്വാസങ്ങളെകാലുകളിൽ ഞെരിച്ചമർത്തും
വിഷമുള്ളകൂർത്തനഖങ്ങളാൽ മാന്തിപ്പറിക്കും.

വാക്കുകളോരോന്നായി വലയിൽ ചുരുട്ടും
കാലത്തിന്റെ ദൃഷ്ടിയിലവളൊരു ഇര മാത്രം!

മോഹനവലയത്തിലവളുടെ ശബ്ദംനിലയ്ക്കും
നീതിപീഠത്തിലവൾ തലകുനിച്ചിരിക്കും.

അസ്ഥികൂടങ്ങൾ തൂങ്ങുന്ന വലയിൽ
സത്യം തലകീഴായി ദാഹിച്ചു മരിക്കും.

ഹൃദയങ്ങൾപിളർന്നു കണ്ണ്തുറിച്ചവൾകിടക്കും
മനസ്സുകൾ മൃതിയടഞ്ഞു വിളറി ചിരിക്കും.

സജിത വിവേക്