ചൊടികളിൽ നിന്നും ഉണരാതിരിക്കട്ടെ (കവിത -സജിത വിവേക്)

sponsored advertisements

sponsored advertisements

sponsored advertisements

16 January 2023

ചൊടികളിൽ നിന്നും ഉണരാതിരിക്കട്ടെ (കവിത -സജിത വിവേക്)

സജിത വിവേക്

വർഷങ്ങളോളം ചൊടികളിൽ ഉറങ്ങിക്കിടന്ന
ഒരു ചുംബനം പൊട്ടിമുളച്ചു തളിർക്കുമ്പോൾ
പ്രണയചൂടിൽ പൊള്ളി, ഉടൽ
നീറി മനസ്സുപൊഴിഞ്ഞു ഹൃദയം
പിളരുന്നത് അനുഭവിച്ചിട്ടുണ്ടോ??

അതനുഭവിക്കണമെങ്കിൽ ചുംബനത്തെ
വർഷങ്ങളോളം വരണ്ട ചൊടികളിലുറക്കണം..

ഏതു പ്രണയപ്പെരുമഴയും മേനിയിൽ
കുളിരാതെ നോക്കണം.

മുളപൊട്ടാൻ വെമ്പുന്നുണ്ടെന്നറിഞ്ഞാൽ
വീണ്ടും കറുത്തപുറന്തോടിനെ
വരണ്ട മണ്ണിലേക്ക് ഒളിപ്പിക്കണം.

ആരുമറിയാതെ സുഖസുഷുപ്തിയിൽ
കാലങ്ങളോളം നിശ്ചലമാക്കണം

ഇനിയൊരു മുളപൊട്ടില്ലെന്നു തോന്നുമ്പോൾ
ചെറിയൊരു ചാറ്റൽമഴയിൽ കിളിർക്കണം.

അപ്പോഴറിയാം തിരികെകിട്ടാത്ത
ജീവിതത്തിന്റെ ബാക്കിപത്രംപോലെ
വിരഹച്ചൂടിൽ ഉടൽക്കരിഞ്ഞു വാടിതളരുന്നത്.

ഒരു മധുരമായ ഓർമ്മയുടെ കനലുരുക്കം
നെഞ്ചിൽ കനംവെച്ചു വീർപ്പുമുട്ടും..

തിരികെ ലഭിക്കാത്ത സ്നേഹത്താൽ
ചൊടികളിൽ വീണ്ടും വരൾച്ച തുടങ്ങും..

ഒരു തുള്ളി സ്നേഹജലത്തിനു ദാഹിക്കും
കാലംതെറ്റിപോയ മഴയെ ശപിക്കും.!

വീണ്ടും തോട് വേർപെട്ട വിത്തുപോലെ
ഹൃദയം പിളർന്നു ഭൂമിയിൽ
ഞാനുമുണ്ടായിരുന്നെന്നു പതിയെ മന്ത്രിക്കും!!

ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിൽ
ഉടൽ ചീഞ്ഞു മറ്റൊന്നിനു വളമാവും..

ഒരിയ്ക്കലും പൊട്ടിമുളയ്ക്കരുതായിരുന്നെന്ന
ആത്മഗതത്തിൽ പിന്നെയും കാലങ്ങളോളം..

കുറ്റബോധത്തിന്റെ കറുത്തകംബളത്തിൽ
പരിഭവങ്ങൾ പുതച്ചു കിടക്കും

ചൊടികളിൽ വിളറിയ പുഞ്ചിരിയോ..
അതോ, മരണത്തിന്റെ കനത്ത തണുപ്പോ??

സജിത വിവേക്