ശ്രീദേവി മധു
ഒരു വീട് വേണം
എനിക്ക് …
ഇന്നലെകൾ
തളം കെട്ടി നിൽക്കാത്ത
നാളെകൾ
തല നീട്ടി പേടിപ്പെടുത്താത്ത
ഓർമ്മകൾ
കിനിഞ്ഞിറങ്ങാത്ത
പിറുപിറുപ്പുകളിൽ
ചുമർ നനയാത്ത
അലമാരത്തട്ടുകളിൽ
അക്കങ്ങൾ
പതിയിരിക്കാത്ത
കഫക്കട്ടകളിൽ
ഉറുമ്പരിക്കാത്ത
ജനാലകളിലൂടെ
ഋതുക്കൾ
വിരുന്നെത്തുന്ന
കയറിയിറങ്ങുമ്പോഴൊക്കെ
അപരിചിത ഗന്ധം തരുന്ന
അഴുക്കുപിടിച്ച
കർട്ടനുകളെയോ
ചിതറിക്കിടക്കുന്ന
പുസ്തകങ്ങളേയോ
കഴുകാനിട്ട പാത്രങ്ങളെയോ പറ്റി
എനിക്കോർക്കേണ്ടതില്ലാത്ത
തീർത്തും,
എന്റെയല്ലാത്ത
ഒരു വീട് !
