പെൺകിളികൾ(കവിത-ശ്രീദേവി മധു )

sponsored advertisements

sponsored advertisements

sponsored advertisements

14 March 2023

പെൺകിളികൾ(കവിത-ശ്രീദേവി മധു )

ശ്രീദേവി മധു

അവൻ വരയ്ക്കുന്ന
പെൺകിളികൾ
മരക്കൊമ്പിലിരിക്കുന്ന
ശോകമൂകരോ
കൂട്ടിലിരുന്ന് ആർദ്രമായി
പാടുന്നവരോ ആണ്
ഉയരെ, മരത്തുഞ്ച്
ചുറ്റിപ്പറന്ന് കായുണ്ണുന്ന
ആൺകിളികൾ അപാര
തലയെടുപ്പുള്ളവരും ….
കൂട്ടിലെ
പെൺപറവയ്ക്കും മക്കൾക്കും
തീറ്റയെത്തിക്കുന്ന
ആൺകിളിയെ
വരച്ചു തീർത്ത്
അവൻ പുറത്തുപോയപ്പോൾ
അവളാ ക്യാൻവാസിൽ
ഒരു പെൺകിളിയെ കൂടി വരച്ചു
അത് പറക്കുകയാണ്
തലയെടുപ്പോടെ….
ചിത്രഭേദം കണ്ട്
അവന് ചിരി വന്നു
നീ
വിട്ടുപോയിട്ടുണ്ട്….പലതും !
മരച്ചില്ലയില്ല
ഉയരം കുറഞ്ഞ എടുപ്പുകളില്ല
എന്തിന്,
ഒരു കൂടുപോലുമില്ല
അവളും ചിരിച്ചു…
എടുപ്പുകൾക്കിടയിൽ
പറക്കുന്ന കിളിയെങ്ങനെ
ചക്രവാളം ചുമക്കും ?
മരച്ചില്ലയ്ക്കുള്ള ചായം കൊണ്ട്
കിളിയ്ക്ക് വലിയ
ചിറകുകൾ വരച്ചിട്ടുണ്ട്…..
പിന്നെ,
കൂടു വരയ്ക്കാൻ
എനിക്കു സൗകര്യവുമില്ല.

ശ്രീദേവി മധു