എത്ര പെട്ടെന്നാണ്….
വിചാരങ്ങളെപ്പറഞ്ഞുവിട്ട്
ഉമ്മറക്കല്ലുകൾ
ചിരിച്ചെണീറ്റിരിക്കുന്നത്..
ഉദാസീനമൊരു തണുപ്പിൽ
മയങ്ങിക്കിടന്ന അകം തറകൾ
കൈകൾ കൂട്ടിത്തിരുമ്മി
ഊഷ്മളപ്പെടുന്നത്
അമ്മ, മിഴികളിൽ വിരിഞ്ഞ
രണ്ടു പ്രണയനക്ഷത്രങ്ങളെ
പണിപ്പെട്ടു മറച്ച്
രണ്ടു നാലു ചോദ്യങ്ങളെറിയുന്നത്
ചാരത്തേക്കോടിയെത്തുമ്പോഴേ
മക്കൾ, മിഴി കൊണ്ടൊരു
കൊതി മധുരം നുണയുന്നത്….
നടുത്തളത്തിലൊരു
ചിരിച്ചില്ല അടർന്ന് തെറിച്ച്
വീടാകെ പൂമണം പരക്കുന്നത്
ചുമ്മാ പിറുപിറുത്തിരുന്ന
അടുപ്പ് ആകെയൊന്നിളകി
ചായപ്പാത്രത്തിലേക്കാളിപ്പടരുന്നത്
നിറഞ്ഞു കവിഞ്ഞേക്കാമെന്ന
ചിന്തയാൽ പഞ്ചസാര ടിന്ന്
പുളകം കൊള്ളുന്നത്
എത്ര പെട്ടെന്നാണ് ….
അച്ഛനെത്തുമ്പോൾ
വീടുണരുന്നത്
എത്ര പെട്ടെന്നാണ്
ഒരു കിളി പറന്നണയുമ്പോൾ
മരമാകെ ഉലയുന്നത്…
ചില്ലകൾ തോറും
പൂക്കൾ നിരത്തുന്നത്…
