ലാബിലെ ഫോർമാലിൻ കുഞ്ഞ് പറയുന്നത് (കവിത -ശ്രീജ വിധു)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 May 2022

ലാബിലെ ഫോർമാലിൻ കുഞ്ഞ് പറയുന്നത് (കവിത -ശ്രീജ വിധു)

ച്ഛനാരെന്നറിയാതെ
അമ്മയാരെന്നറിയാതെ
കൺതുറന്നീ ലോകം
കാണുവാനാകാതെ
സ്‌ഫടികക്കുപ്പിക്കുള്ളിലെ
ഫോർമാലിൻ ദ്രവത്തിൽ
കാഴ്ചവസ്തുവായി
കിടക്കുന്നൊരാ പൈതൽ മിണ്ടുവാനാകാതെ
മൗനമായി കൊഞ്ചുന്നു…

പത്തു മാസം പുലരുന്ന
വേളയിൽ
കൈയ്യും, കാലും നിവർത്തി
ഉറക്കെ കരഞ്ഞെന്റെ
അമ്മ തൻ മാറിലുരുമ്മി
ചുരത്തുന്നാ നറും പാൽ
നുണഞ്ഞിറക്കാമെന്നേറെ
മോഹിച്ചു ഞാനെന്നമ്മേ…….

ഉണ്ണിക്കുട്ടാ മോനേ
അച്ഛന്റെ ചുന്ദരാ
എന്നു വിളിച്ചു കൊണ്ട-
മ്മതന്നുദരത്തിൽ
ഉമ്മയേകിയെന്നച്ഛനെ
കാണുവാനായില്ലല്ലോ
അമ്മേ……

കൂരിരുട്ടത്തും,
ഘോരമഴയത്തും
ഞെട്ടിവിറപ്പിക്കും
മേഘ ഗർജ്ജനത്തിലും
മൂടിപ്പുതച്ചെന്റെ
അമ്മയുറങ്ങവേ
ഏകനായീ ബന്ധിത
പാന്ഥാവിൽ
ആയിരം വട്ടം
പൊട്ടിക്കരഞ്ഞിട്ടും
ഒന്ന് തലോടുവാൻ
എത്താഞ്ഞതെന്തമ്മേ…..

കാഴ്ചകൾ കാണുവാൻ
മോഹിച്ച ഞാനിന്ന്
വെറും
കാഴ്ചവസ്തുവായി മിണ്ടാതെയൊതുങ്ങുമ്പോൾ
ചത്തിട്ടും ദഹിപ്പിക്കാതെ
ഇങ്ങനെ ഞെരുങ്ങി
വെന്തീടുമ്പോൾ
എന്നെങ്കിലും
ഒരിക്കലെങ്കിലും
ഒന്നെന്നെ കാണുവാൻ
വന്നില്ലല്ലോ അമ്മേ….

ഇന്നോളമെന്നും ഞാനീ വിദ്യാലയത്തിൽ
കാണുന്ന മക്കളേ
ഉൾക്കണ്ണാലേ നോക്കീടും
കണ്ടതേയില്ല ഞാൻ
എൻ പ്രിയ ജ്യേഷ്ഠനെ
ചോന്നതേയില്ലേ
ഞാനിവിടെയുണ്ടെന്നമ്മേ….

അച്ഛനും അമ്മയും
ചേട്ടനുമേവരും
മറവിയിലേക്കെന്നെ തള്ളി
ജീവിക്കുമ്പോൾ,
എന്നുമെന്നും
ഓർത്തുപോകുന്നു ഞാൻ
അമ്മ തഴുകീതും
അച്ഛനുമ്മ വച്ചതും….

ജീവനില്ലാതെ
ജീവിച്ച് പോകുമ്പോൾ
മരണമില്ലാതെ
മരിച്ചൊരെന്നുടൽ
പരീക്ഷകൾ പേറുമ്പോൾ
എന്റേയീ ജീവിതം
ഇങ്ങനെയായത്
എന്റെയപരാധമോ?
അതോ?
പറയുക നീയെന്നമ്മേ.

രക്തം ചൊരിയാത്ത
രക്തസാക്ഷിയായിന്ന് ഞാൻ
രക്തമേറുന്ന
ചിന്തകളേകുമ്പോൾ
അഭിമാനത്തോടെ
നിവരാതെ ജീവിതം
സാർത്ഥകമാക്കുന്നു
എന്നറിഞ്ഞു
പുഞ്ചിരി തൂകമ്മേ.

ശ്രീജ വിധു