ഇലയറ്റ് പോയമരം (കവിത-സുഭാഷ് പോണോളി )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

17 April 2022

ഇലയറ്റ് പോയമരം (കവിത-സുഭാഷ് പോണോളി )

നിക്കും നിനക്കുമിടയിലൊരു
വെയിൽനദി പരന്നൊഴുകുന്നുണ്ട്.

മണൽപരപ്പിലൊളിച്ച ഉഷ്ണജ്വരം
സൂര്യത്തടയതിർത്തിയിൽ
തീ കല്ലുകൾ പാകുന്നു.

രക്തമിറ്റാതെ അറുത്തെടുത്ത
ബലിമൃഗതലയുമായി ഭൂമിയിൽ
ഊഷരത തീർത്ത വർക്കൊപ്പം
കാലം കാത്തുനിൽക്കുന്നു.

കരിമേഘങ്ങളിൽകാർകൂന്തൽ ഒളിപ്പിച്ചു
നീയൊരു വർഷത്തെ
കുടിച്ചുതീർക്കുന്നു.

ചത്തൊടുങ്ങിയ ശലഭചിറകുമായൊരു
തീവണ്ടി പാളംതെറ്റിയവന്റെ
ഭ്രമരങ്ങളെ വലംവയ്ക്കുന്നു.

കൊഴിഞ്ഞുവീണ കിതപ്പിന്റെ
കൊടുമുടിയിൽ നിന്നൊരു കാറ്റ് നേരുകളെ
വേട്ടയാടി പിടിക്കാൻ ചൂണ്ടകോർക്കുന്നു.

ചൂളയിലെ വെണ്ണീറിന്റെ ഗന്ധം
മരണം കവരുന്ന കുന്നിന്റെ
നെറുകിലെ ശിലകളെ പുതയ്ക്കുന്നു.

അളവറിയാതെ
ചോറ്റുപാത്രത്തിൽ അമ്മ വിളമ്പിയ
വറ്റുകൾ വിശപ്പിന്റെ മുള്ളാണികളിൽ
തുരുമ്പെടുക്കുന്നു.

എകാന്തതയിൽ ചില്ലു തുണ്ടുകളെ
മുഖങ്ങളായി വിഭജിച്ചു നാം,
നേർച്ചക്കോഴികളാകുന്നു.

മോക്ഷരാത്രിയിൽ ഇണചേർന്ന
കടവാവലുകൾ കരിമ്പനകളിൽ ശബ്ദവീച്ചികൾ
ശ്രവിച്ച് മൃത്യുവിൻ കരങ്ങളെ തിരിച്ചറിയുന്നു.

പാലമരത്തിലെ വെളുത്ത പൂക്കളെ നോക്കി
പകൽ നിന്റെ മക്കൾക്ക് കുഞ്ഞുടുപ്പു തുന്നുന്നു.

എന്റെ കറുത്ത കിടാങ്ങൾക്ക്
ഇലയറ്റ്പോയ മരം തൂങ്ങിയാടാനൊരു
കയറുഞ്ഞാൽ ചൂണ്ടി കണ്ണുപൊത്തുന്നു.

എന്റെ പൈതങ്ങൾ ഇരുളറിയാതെ
ജൻമകാണ്ഡത്തിന്റെ ചില്ലയിലെ
വിഷപ്പൂപറിയ്ക്കുന്നു

നാം രാത്രി രതി മിശ്രണങ്ങളുടെ
കിടപ്പറയിൽ തപസ്സനുഷ്ഠിക്കുന്നു.

സുഭാഷ് പോണോളി