സൂസൻ ജോഷി
ഒരു കുഞ്ഞുകുഞ്ഞിന്റെ
കുഞ്ഞിവിരലിന്റെ
അറ്റംതൊടുമ്പോൾ
ഉള്ളിൽ
കൂടു തുറക്കുന്ന
കുഞ്ഞൊരു ചിരിയുണ്ട്.
നിഷ്കളങ്കത
തൊട്ടെടുത്തതിന്റെ നനവുള്ള സുഖം.
വളർന്നു വളർന്നു വലുതായി
പരുവപ്പെട്ടുവെങ്കിലും
ചില മുഖങ്ങളിൽ നിന്ന്
ആകസ്മികമായി
സുരക്ഷാകവചങ്ങളില്ലാതെ
പൊഴിയുന്ന സുതാര്യസ്നേഹമലിഞ്ഞ
കൈചേർക്കലുകളിലുമുണ്ട്
കൂടു തുറക്കുന്ന
കുഞ്ഞൊരു ചിരി.
അത് വന്നു തൊടുമ്പോഴറിയാം
അകമേ
ഒരു മഴതുള്ളി തണുപ്പ്.
കത്തുന്ന വെയിലിലും
വഴിവക്കിൽ പൂത്ത് നിൽക്കുന്ന കൊന്ന
നീട്ടി എറിയുന്ന
മഞ്ഞവസന്തത്തിന്റെ തുടിപ്പിലുമുണ്ട്
കൂടു തുറക്കുന്ന
അതെ കുഞ്ഞു ചിരി.
ഒരു നീർകണം.
ഒക്കെയും കണ്ടതിനാലാവാം
തൊട്ടു തലോടിയതിനാലാവാം
അവൾ അനാമിക
നിലാവിനാൽ തുന്നി കെട്ടിയ
ഇരുൾ മുറിവുകൾക്കു മീതെ
മഞ്ഞപൂക്കളാലൊരു മാല കോർത്ത്
നിനവുകളെ കൂട്ട് വിളിച്ച്
കുഞ്ഞു കുഞ്ഞായി വിരിയുന്ന
ചിരികൾക്കായി
കൂടു തുറന്നത്.
നക്ഷത്രപൂക്കളതിലേക്ക്
കണ്ണിട്ടത്.
