കവിയെന്നാൽ (കവിത -വിനീത ബിജു )

sponsored advertisements

sponsored advertisements

sponsored advertisements

13 March 2023

കവിയെന്നാൽ (കവിത -വിനീത ബിജു )

വിനീത ബിജു

കവിയെന്നാൽ…,
ഇരുളിമ പുതച്ച
കൺതടങ്ങളുമായ്
വിഷാദം നിറഞ്ഞ
കൃഷ്ണമണികളുടെ
കാഴ്ചകളെ അന്തതയിലേയ്ക്ക്
കുടഞ്ഞെറിയും…
കാച്ചിയും കുറുക്കിയും
പറയുന്ന വാക്കുകളിൽ
കാക്കത്തൊള്ളായിരം
അർത്ഥതലങ്ങൾക്ക്
ചെഞ്ചായം പുരട്ടും…
നെയ്തുകൂട്ടുന്ന അക്ഷരങ്ങളിൽ
സ്നേഹത്തിന്റെ, പ്രണയത്തിന്റെ
നിരാശയുടെ, വിരഹത്തിന്റെ
ഊടും പാവും
മാറ്റിയും കലർത്തിയും
ഇഴചേർത്തെടുക്കും…
പണ്ടെന്നോ എവിടെയോ
വെച്ചു പറന്നുപോയ
ചിരിനൂൽപ്പട്ടങ്ങളെ
ഇടക്കെപ്പോഴോ
നിർവികാരതയോടെ
ഉള്ളിൽ പരതും…
ഏകാന്തയുടെ
ഒറ്റത്തുരുത്തിൽ
ആർക്കും പിടികൊടുക്കാതെ
മനസിനെ തടവിൽ
പാർപ്പിക്കും…
ചിരിക്കാൻ മറന്നുപോയ
ചുണ്ടുകളിൽ
സദാ കനംതൂങ്ങിയ
വാക്കുകളെ കോർത്തിടും…
ഒരേഒരു ഭാവത്തെ മാത്രം
ആവാഹിച്ച മുഖം
തന്റെതായ ഫോട്ടോകളിൽ
പുഞ്ചിരി മറന്നു നിൽക്കും…
ജനസമുദ്രങ്ങളിൽ പെടാതെ
ചിന്തകളുടെ അമരത്ത്
ഒറ്റക്കൊരു വഞ്ചി തുഴഞ്ഞു
ഏകനായി മാറി നിൽക്കും…
ഇങ്ങനെയാണ് കവിയെന്നു
നിങ്ങൾ കരുതുന്നുവോ …?
തെളിനീരുറവപോലെ
ഒട്ടും “കവി”യാതെ
കവനം ചെയ്യുന്നവനെന്തിനൊരു
മുദ്രയും അടയാളവും…

വിനീത ബിജു