ഒരു കൂട്ട മണ്ണ്
രണ്ടു കൂട്ട മണ്ണ്….
കൂട്ടകളിൽ
മണ്ണ് കോരിനിറച്ച്,
വടത്തിൽ കെട്ടി
മുകളിലേക്കു
വലിച്ചു വലിച്ചു
കയറ്റുന്നു…
ഒരു പട
രണ്ടു പട…
അങ്ങനെ
പടകൾ
പമ്പരത്തിന്റെ
ചുറ്റലായി,
ഭൂമിയുടെ
കറക്കമായി
ആഴങ്ങളിലേക്ക്
ഇറങ്ങുന്നു
ഇനിയും
എത്ര മണ്ണുകൾ
കോരിയെടുക്കണം;
ആർദ്രതയുടെ
പശിമയുള്ള
മണ്ണിനെ സ്പർശിക്കുവാൻ
നീ ആഗ്രഹിച്ചില്ലേ
കിണറു കുത്തുന്നത്
കാണണമെന്ന്,
പടകളുടെ
കെട്ടിപ്പുണരലിൽ
മുട്ടകൾവിരിയുന്ന
മിടിപ്പുമായി,
മൺകട്ടകളെ ഉടച്ചുകൊണ്ട്
ജലം പൊട്ടിയൊഴുകുന്നത്
അറിയണമെന്ന്…
പരസ്പരം
കരങ്ങൾ ഗ്രഹിച്ച്,
ആഴങ്ങളിലേക്ക്
നീ എത്തിനോക്കുമ്പോൾ
മണ്ണിൻ
ആഴത്തിലെ
നീരോട്ടത്തെ
നിന്റെ
കണ്ണുകളിലും
കണ്ടുഞാൻ