പാട്ടിൽ ഈ പാട്ടിൽ; പാട്ടിന്റെ പാലാഴിയിൽ പൂർണ തോമസ് (വഴിത്താരകൾ )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 February 2023

പാട്ടിൽ ഈ പാട്ടിൽ; പാട്ടിന്റെ പാലാഴിയിൽ പൂർണ തോമസ് (വഴിത്താരകൾ )

അനിൽ പെണ്ണുക്കര
“ആത്മാവിൽ നിന്ന് പാട്ടിന്റെ പക്ഷികൾ ഉയർത്തെഴുന്നേൽക്കുമ്പോൾ ജീവിതം അനശ്വരമായൊരു പ്രണയം പോലെ മനോഹരമാകും”

മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ താളങ്ങളാണ്. ഇല പൊഴിയുന്നത് മുതൽ ഒരു കുഞ്ഞ് ജനിക്കുന്നത് വരെ പ്രത്യേകമായ ശബ്ദങ്ങളാൽ സംഗീതാത്മകമാണ്. ഉപാസനയും ആത്മാർത്ഥതയും ചേരുമ്പോൾ ആ ശബ്ദങ്ങൾക്ക് ജീവിതത്തിന്റെ സ്ഥിതിഗതികളെ തന്നെ മാറ്റിമറിക്കാൻ കഴിയും. സംഗീതത്തെക്കുറിച്ചുള്ള ഏതൊരു സംസ്കാരത്തിന്റെയും, ചരിത്രത്തിന്റെയും നിർവ്വചനം സ്നേഹത്തിലും അതിജീവനത്തിലുമാണ് നിലകൊള്ളുന്നത്. ആ സംഗീതത്തെ ഹൃദയത്തിന്റെ മഞ്ഞുപാളികളിൽ സൂക്ഷിച്ച ഒരു പെൺകുട്ടിയുണ്ട്. ടെക്സാസിലെ ഹൂസ്റ്റണിലുള്ള അനശ്വര സ്കൂൾ ഓഫ് കർണാടക മ്യൂസിക്കിന്റെ സംഗീത പ്രതിഭയായ പൂർണ തോമസ് .

ഓർമ്മകൾക്ക് ചിറക് മുളച്ചു തുടങ്ങിയത് മുതൽ പൂർണ പാട്ടിന്റെ വഴികളിലാണ് ജീവിക്കുന്നത്. ആത്മാവിലും ശരീരത്തിനും അവർ അത്രത്തോളം പാട്ടിനെ പകരമില്ലാത്തവിധം പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു. പാട്ടുകാർ പലവിധം ഭൂമിയുടെ എല്ലാ കോണിലും ചിന്നിചിതറി കിടക്കുന്നുണ്ടെങ്കിലും പൂർണ അവരിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തയാണ്. പാട്ട് ജീവിതമാണ്, ആ ജീവിതം കൊണ്ട് ചുറ്റുമുള്ളവരെ പുനരുജ്ജീവിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. അത് മാനുഷികതയുടെ ഒരടയാളമായിത്തന്നെ ഈ വഴിത്താരയിൽ വായിച്ചെടുക്കാവുന്നതാണ്.

ദൈവത്തിന്റെ കൈയ്യൊപ്പ്
മാവേലിക്കര വള്ളക്കാലിൽ തോമസിന്റെയും,കോളേജ് അദ്ധ്യാപികയായ മറിയാമ്മ തോമസിന്റെയും മകളായ പൂർണ ചെറുപ്പം മുതൽക്കേ പാട്ടിനൊപ്പമാണ് സഞ്ചരിക്കാൻ പഠിച്ചത്.എൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെ മാവേലിക്കര ബിഷപ്പ് മൂർ വിദ്യാപീഠത്തിൽ പഠനം .ഈ സമയത്ത് സൺഡേ സ്‌കൂളിൽ സജീവമായി. നിരവധി മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങളും നേടി. ഹൈസ്കൂൾ പഠനകാലത്ത് മാതാപിതാക്കൾക്കും സഹോദരനുമൊപ്പം കുവൈറ്റിലേക്ക് താമസം മാറിയെങ്കിലും ജന്മസിദ്ധമായിക്കിട്ടിയ ദൈവത്തിന്റെ കൈയ്യൊപ്പ് പൂർണ നഷ്ടപ്പെടുത്താതെ ഉള്ളിൽ സൂക്ഷിച്ചു. കെട്ടുപോയാലും ഉള്ളിൽ കനൽ ഒരു തരി മതിയെന്നത് പോലെയാണ് കലകളുടെ കാര്യം. അത് ആളിക്കത്തുക തന്നെ ചെയ്യും. ആദ്യ ഗുരു അമ്മയിൽ നിന്ന് തുടങ്ങിയ പാട്ടുവഴിക്ക് ഊടും പാവും നൽകിയത് അമ്മയുടെ പിതൃ സഹോദരി പൊടിയമ്മയായിരുന്നു. പിതാവ് തോമസും നന്നായി പാടുമായിരുന്നു.കുവൈറ്റിൽ വെച്ച് ഗാനമേള സ്റ്റേജുകളിൽ പാടാൻ അവസരം കിട്ടിയതും , മലയാളത്തിന്റെ ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിനെ പരിചയപ്പെട്ടതും വഴിത്തിരിവായി. വോക്കൽ പരിശീലനം നേടാൻ പ്രോത്സാഹിപ്പിച്ച അദ്ദേഹത്തെ കണ്ടുമുട്ടാൻ സാധിച്ചതാണ് പൂർണയുടെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായത്. അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള അഭിനിവേശം സംഗീതത്തെ കൂടുതൽ അറിയുകയും അതിന്റെ പുതിയ തലങ്ങളെക്കുറിച്ച് പഠിക്കാനും പ്രാവർത്തികമാക്കാനും ശ്രമിക്കുകയും ചെയ്തു.

കർണ്ണാടക സംഗീത പഠനം
കുവൈറ്റിൽ നിന്ന് 2000 ൽ നാട്ടിൽ തിരിച്ചെത്തി പഠന വഴിയെ തിരിഞ്ഞു. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ബി കോമിന് ചേർന്നു. അതിനോടൊപ്പം മാവേലിക്കര കൊട്ടാരത്തിൽ സംഗീത പഠനവും തുടങ്ങി.കർണ്ണാടക സംഗീതത്തിലെ ആദ്യ ഗുരു കുവൈറ്റിൽ വെച്ച് സംഗീതം പഠിപ്പിച്ച രുഗ്മിണി ടീച്ചർ ആയിരുന്നു . സരസ്വതി, പ്രേമ, ചന്ദ്രിക തുടങ്ങിയ സംഗീതജ്ഞകളും നാട്ടിൽ ഗുരുക്കന്മാരായി.പ്രഗത്ഭനായ സംഗീതജ്ഞൻ മാവേലിക്കര പ്രഭാകര വർമ്മയുടെ ക്ലാസുകളും ലഭിച്ചിരുന്നു . ഡിഗ്രി കഴിഞ്ഞ് ചെന്നൈ സത്യഭാമ കോളേജിൽ എം.ബി.എയ്ക്ക് ചേർന്നു. എം.ബി.എയ്ക്ക് ശേഷം ശീമാട്ടിയിൽ ബീന കണ്ണന്റെ അസി.എക്സിക്യൂട്ടീവായി എറണാകുളത്ത് ജോലി ചെയ്തു. 2006 ൽ മാവേലിക്കര പാലമൂട്ടിൽ അങ്ങേക്കിഴക്കേതിൽ ചാണ്ടപ്പിളളയുടേയും സാറായുടേയും മകൻ ഡോ. ഏബ്രഹാം പി. തോമസുമായി വിവാഹം.

പതിനഞ്ചാം വയസിൽ തുടങ്ങിയ കർണാടക സംഗീത പഠനം കൊണ്ട് എല്ലായിടത്തും ഒരു മിനി സെലിബ്രിറ്റിയായി തിളങ്ങുവാൻ പൂർണയ്ക്ക് സാധിച്ചു.കുവൈറ്റിലെയും നാട്ടിലേയും ജീവിതം കർണാടക സംഗീതത്തെയും പൂർണയെയും തെല്ലും ബാധിച്ചില്ലെന്ന് മാത്രമല്ല ദിനംപ്രതി ഒരു വലിയ കലാകാരിയായി മാറുകയും ചെയ്തു.മറ്റെന്തിനു വേണ്ടിയും സംഗീതത്തെ മാറ്റി നിർത്താൻ ആ പെൺകുട്ടിയ്ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ഗതിവേഗങ്ങളോ അതിൽ സംഭവിച്ച മാറ്റങ്ങളോ പൂർണയുടെ സംഗീതത്തെ ബാധിച്ചതേയില്ല. സംഗീതം ഒരു മഹാസാഗരമായത് കൊണ്ട് തന്നെ പഠിയ്ക്കണം എന്ന ചിന്തയാണ് പൂർണയിൽ എല്ലാക്കാലത്തും ഉണ്ടായിരുന്നത്.

ദൈവത്തിന്റെ ശബ്ദം
തിരിച്ചറിഞ്ഞ മനുഷ്യൻ
ജീവിതത്തിൽ പങ്കാളിയുടെ ഇഷ്ടങ്ങളെ ബഹുമാനിക്കുന്ന ഒരാൾ കടന്നുവരികയെന്നത് ഏതൊരു പെണ്ണും ആഗ്രഹിക്കും. ദൈവത്തിന്റെ ശബ്ദം നിലനിർത്താൻ ദൈവം തന്നെ പൂർണയ്ക്ക് പ്രിയപ്പെട്ട ഒരു മനുഷ്യനെ സമ്മാനിച്ചു. ഡോ. ഏബ്രഹാം പി .തോമസ് .പൂർണയുടെ പ്രിയപ്പെട്ട പാട്ടുകളെ അദ്ദേഹം തന്റെ ഹൃദയത്തിലേക്കും സ്വീകരിച്ചു. വിവാഹത്തോടെ അവസാനിച്ചു പോകുന്ന പല പെൺകുട്ടികളുടെയും സ്വപ്നങ്ങളായിരുന്നില്ല പൂർണയെ കാത്തിരുന്നത്.പുതിയ ആകാശങ്ങളിലേക്ക് പറക്കാനുള്ള സാധ്യതകളാണ് അവിടെ തുറന്നത്.
2007 ൽ അമേരിക്കയിൽഎത്തിയ പൂർണ അറ്റ്ലാന്റയിൽ തുടർ പഠനത്തിന് ചേർന്നു. 2008 ൽ ഡോ.എബ്രഹാം പി തോമസിന് ഒർലാന്റോയിൽ ജോലി കിട്ടി. 2013 ൽ ടെക്സാസിലേക്ക് സ്ഥിരതാമസമാക്കി. ഈ സമയങ്ങളിലെല്ലാം സംഗീതത്തെ ഒരു ദിനചര്യയെന്ന പോലെ പരിപാലിച്ചു പോന്നു. ഒപ്പം ഭർത്താവിന്റെ പരിപൂർണ്ണ പിന്തുണയും.

അനശ്വര സ്കൂൾ ഓഫ് കർണ്ണാടക മ്യൂസിക് അക്കാദമി
ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെ 2011 ൽ ചെറിയ തോതിൽ 2 കുട്ടികൾക്ക് സംഗീതത്തിന്റെ ബാലപാഠങ്ങൾ പാടിക്കൊടുത്ത് അനശ്വര സ്കൂൾ ഓഫ് കർണ്ണാടക മ്യൂസിക് അക്കാദമിക്ക് ഹ്യൂസ്റ്റണിൽ തുടക്കമിട്ടു. നിരവധി കുട്ടികളാണ് സംഗീത പഠനത്തിനായി എത്തിയത്. ഒപ്പം നടി ദിവ്യ ഉണ്ണിയുടെ സ്കൂളിൽ ആഴ്ചയിൽ ഒന്നര മണിക്കൂർ ക്ലാസുകൾ എടുക്കുവാനും തുടങ്ങി. കോവിഡ് കാലത്ത് ഓൺലൈനായും കുട്ടികൾക്കായി പാട്ടുകൾ ഒരുക്കിയ പൂർണയ്ക്ക് ഇന്ന് നിരവധി കുട്ടികൾ പഠിതാക്കളായി ഉണ്ട്.

സംഗീത ആൽബം
വഴിത്തിരിവ്
പൂർണയുടെ ആദ്യ സംഗീത ആൽബം 2022 നവംബറിലാണ് പുറത്തിറങ്ങുന്നത്. ന്യൂറോളജിസ്റ്റായ ഭർത്താവ് ഡോ. എബ്രഹാം പി തോമസും മറ്റു പ്രിയപ്പെട്ടവരും ചേർന്ന് എ ആൻഡ് എസ് ജെനസിസ് എന്റർടൈൻമെന്റിലൂടെയാണ് അന്നത് പുറത്തിറക്കിയത്. നിരാലംബരായ കുട്ടികളെ സേവിക്കുന്നതിനുള്ള ഒരു ദൗത്യമായി എ ആൻഡ് എസ്ജെനസിസ് എന്റർടൈൻമെന്റ് ഈ ആൽബത്തെ നോക്കിക്കണ്ടു. ഒരു യാത്ര പോലെ തയ്യാറാക്കിയ ആൽബത്തിൽ അമ്മയുടെ ഉദരത്തിൽ നിന്നുള്ള ഒരു മനുഷ്യന്റെ യാത്രയാണ് ചിത്രീകരിച്ചിരിക്കുന്നത്. പൂർണയുടെ ശബ്ദം കൊണ്ട് ഒരുപാട് മനുഷ്യർ അതിജീവിക്കുന്നത് ഒരു കൂട്ടം മനുഷ്യർ സ്വപ്നം കണ്ട ആൽബം കൂടിയാണത്. അത് ജീവിതത്തിലെത്തന്നെ മറക്കാനാവാത്ത ഒരു നിമിഷമായി പൂർണ തന്റെ ജീവിതത്തിന്റെ പുസ്തകത്തിൽ അന്നേ എഴുതി വച്ചു. ഒപ്പം തന്നെ മുന്നോട്ട് നയിക്കാൻ സദാ ശ്രമിക്കുന്ന ഡോ. ഏബ്രഹാം പി തോമസിന്റെ കൈകൾ അവൾ ചേർത്ത് പിടിക്കുകയും ചെയ്തു. അദ്ദേഹം ആൺകുട്ടികൾക്ക് ഒരു മാതൃകയാണ്.വീടും പരിസരവും വിട്ട് പെൺകുട്ടികളെ അവരുടെ സ്വപ്നങ്ങളിയ്ക്ക് പറക്കാൻ വിടാത്തവർക്ക് മാതൃകയാക്കാവുന്ന ഒരു നല്ല മനുഷ്യൻ. കോളേജ് പഠനകാലത്തും ഇപ്പോഴും മികച്ച വാദ്യകലാകാരൻ കൂടിയാണ് ഡോ. ഏബ്രഹാം. പൂർണയുടെ പാട്ടുകൾക്കായുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പൊന്നുപോലെ ഭദ്രം.

സംഗീത പഠനം
ഒരു തുടർച്ച
സംഗീതം അനാദിയാണ്. അറിയുന്തോറും കൂടുതൽ കൂടുതൽ അറിയാനുള്ള ആഗ്രഹം സംഗീതത്തിലാണ് കൂടുതൽ. അതു കൊണ്ട് കോട്ടയത്ത് എം.പി. ജോർജ് അച്ചന്റെ സർഗഭാരതിയിൽ സംഗീത പഠനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു . കുമ്മനം ശശികുമാർ ആണ് ഇപ്പോഴത്തെ ഗുരു.

പൂർണയുടെ ആദ്യ ആൽബത്തിലെ “നീയേ തുണ യേശുവേ”, “പച്ചപ്പാദപമാല” എന്നീ ഗാനങ്ങൾ അവരുടെ ജീവിതം, കുടുംബം, ദൈവഭക്തി, ഗൃഹാതുരത്വം, സ്നേഹം, മാതൃത്വം എന്നിവ  പ്രതിഫലിപ്പിക്കുന്നതായിരുന്നു . തന്റെ ആത്മാവ് തന്നെ പ്രതിഫലിക്കുന്ന ഒരു നദി എന്നാണ് പൂർണ ഈ പാട്ടുകളെ അടയാളപ്പെടുത്തുന്നത്. മെമ്മറീസ് എന്ന ആൽബവും അതിനിടയിൽ പുറത്തിറക്കിയിരുന്നു. അംഗ രാജ്യത്തെ ജിമ്മന്മാർ എന്ന സിനിമയിലും ഒരു തമിഴ് പാട്ട് പാടുവാൻ അവസരം കിട്ടി.

ഭാരതീയ സംഗീതം
ശുദ്ധ സംഗീതം
ലോകത്തിന്റെ ഏതൊരു കോണിൽ പോയാലും പാട്ടിന്റെ ഭാരതീയ സംസ്കാരം ഉയർത്തിപ്പിടിക്കണമെന്നാണ് പൂർണയുടെയും ,ഡോ. ഏബ്രഹാം പി. തോമസിന്റേയും ആഗ്രഹം. നമ്മുടെ നാടിന്റെ പാട്ട്, അതെപ്പോഴും എവിടെയും നമ്മളിലൂടെ സഞ്ചാരിച്ചുകൊണ്ടേയിരിക്കണമെന്ന് അവർ വിശ്വസിക്കുന്നു. ഈ വിശ്വാസം കൂടുതൽ പാട്ടുകളിലേക്ക് പൂർണയെ കൈ പിടിച്ചു നടത്തി. അതിന്റെ ഭാഗമായി ഇപ്പോൾ ഹിന്ദിയിലും തമിഴിലുമായി പാട്ടുകളുള്ള പൂർണയുടെ പുതിയ ആൽബങ്ങൾ ഈ വർഷം റിലീസിന് ഒരുങ്ങുകയാണ്. സംഗീത സംവിധായകൻ ഗിരീഷ് സൂര്യ നാരായൺ, ഗാനരചയിതാവ് ഓ. എസ്. ഉണ്ണികൃഷ്ണൻ, സൗണ്ട് എഞ്ചിനീയർ സജി ആർ. (ചേതന സ്റ്റുഡിയോസ്, തൃശ്ശൂർ) എന്നിവരടങ്ങുന്ന പൂർണയുടെ ടീമിൽ നിന്നും പുതിയ ഗാനങ്ങൾ പിറവിയെടുക്കുന്നു. അതൊരു സംസ്കാരത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുമെന്ന് ഉറപ്പാണ്.

സംഗീത കുടുംബം
ഒരു വീട്ടിലെ എല്ലാവരും പാട്ടുകാരാവുക എന്നാൽ സുകൃതം ചെയ്യുക എന്നാണർത്ഥം. പൂർണയുടെ അച്ഛനും അമ്മയും, ഭർത്താവുമെല്ലാം പാട്ടിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അവരും പൂർണയ്ക്കൊപ്പം സഞ്ചരിക്കുകയാണ് . മക്കളായ റെയ്ന (എട്ടാം ക്ലാസ് വിദ്യാർത്ഥിനി), പുണ്യ (അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി), റേയൻ (മൂന്നാം ക്ലാസ് വിദ്യാർത്ഥി) എന്നിവരും പാട്ടുകാർ തന്നെ. ഒരു കുടുംബത്തിന്റെ മൂന്ന് തലമുറകൾ പാട്ടിന്റെ വഴിത്താരകളിൽ ഒത്തുകൂടുമ്പോൾ ഈ സന്തോഷം എല്ലാവരിലേക്കും പ്രസരിക്കുകയാണ്. പാട്ടുകൊണ്ട് ഒരു പ്രാർത്ഥന പോലെ.

സംഗീതത്തിന്റെ ഭാവിയും
ജീവകാരുണ്യ പ്രവർത്തനവും
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന പൂർണയുടെ ആൽബത്തിന്റെ റിലീസിൽ നിന്നും ലഭിക്കുന്ന തുക പൂർണമായും ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി മാറ്റുന്നു.അശരണരായ ജനങ്ങൾക്ക് ഒരു കൈത്താങ്ങായി തന്റെ പാട്ടുകളെ മാറ്റുക. പുതിയ അമേരിക്കൻ തലമുറകൾക്ക് മാതൃകയായി മാറുക, സംഗീത ക്ലാസുകൾ കൃത്യമായി സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമാണ് പൂർണ തോമസും ഭർത്താവ് ഡോ. ഏബ്രഹാം പി.തോമസും .

ചലച്ചിത്ര പിന്നണി ഗായിക
ഏതൊരു ഗായികയെ പോലെയും പൂർണ തോമസിന്റെയും ആഗ്രഹമാണ് അറിയപ്പെടുന്ന ചലച്ചിത്ര പിന്നണി ഗായിക കൂടി ആകണമെന്നുള്ളത്. അതിനുള്ള തയ്യാറെടുപ്പുകൾ പൂർണ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. Poorna Thomas എന്ന പേരിൽ ഒരു യൂടൂബ് ചാനലും,ഇൻസ്റ്റാഗ്രാം അക്കൗണ്ടും സജീവമായി മുന്നോട്ടു പോകുന്നു. പുതിയ ആൽബത്തിലെ എല്ലാ ഗാനങ്ങളും യു ടൂബിൽ ലഭ്യമാക്കും.നിരവധി ഗാനങ്ങൾ കൊണ്ട് സമൃദ്ധമാണ് പൂർണയുടെ യു ടൂബ് ചാനൽ.

പാട്ടുകൾ ഒരു മനുഷ്യനെയും സമൂഹത്തെയും സംസ്കാരത്തെയും എത്രത്തോളം സ്വാധീനിക്കുമെന്ന് നമ്മൾ അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ്. മലയാളികളോളം പാട്ടിന്റെ ആഴമറിയുന്നവർ ഭൂമിയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്. ആ ലോകത്ത് പൂർണ പാടിക്കൊണ്ടേയിരിക്കട്ടെ. പാട്ടുകാരായ മക്കളുടെ അമ്മ പാടുമ്പോൾ, ഒരു നല്ല മനുഷ്യന്റെ പ്രിയപ്പെട്ടവൾ പാടുമ്പോൾ, അതൊരു ചരിത്രത്തിലേക്കുള്ള പുതു വഴിയായി രൂപപ്പെടട്ടെ.