മായാ കൃഷ്ണൻ
ഒരു പൂവിലൊരു വസന്തം…
ഒരു ചെറുചിരിയിലോ നീലവാനം…
ഒരു നീർമുത്തിലൊരു കടലാഴം…
ഒരു സ്വപ്നപ്പാതിയിൽ ജന്മമോക്ഷം…
നിറുകയിൽ തഴുകിക്കൊ –
ണ്ടൊരു ദീർഘനിദ്രയിലലിയിച്ചു
ചേർക്കുന്ന മൃദുലസ്പർശം..
ഒരു മന്ത്രണത്താൽനീ
തരളമായ് മീട്ടുന്നു
മറവിയിൽ മൂടിയൊരേകതാര !
ഒരു തപ്തശ്വാസമെൻ
ഹൃദയത്തിൻഭിത്തിയിൽ
അതിഗൂഢമെഴുതുന്ന മധുഗീതകം..
നിറകൺചിരിയിൽ ഒളിക്കുന്നു,
നോവിന്റെ രുധിരം നിറച്ചൊരീ പാനപാത്രം !
