പ്രണവ് പ്രവീണിൻെറ വയലിൻ അരങ്ങേറ്റം

sponsored advertisements

sponsored advertisements

sponsored advertisements


20 August 2022

പ്രണവ് പ്രവീണിൻെറ വയലിൻ അരങ്ങേറ്റം

ശങ്കരൻകുട്ടി, ഹൂസ്റ്റൻ

ഹൂസ്റ്റൺ, പിയർലൻഡിലുള്ള ശ്രീ. മീനാക്ഷി ക്ഷേത്ര മണ്ഡപത്തിൽ 2022 ഓഗസ്റ്റ് മാസം 14 നു വൈകുന്നേരം 4.30 ന് ക്ഷണിക്കപ്പെട്ട വൻ സദസ്സിനു മുൻപാകെ പ്രണവ് പ്രവീണിൻെറ വയലിൻ മാന്ത്രിക സ്പർശം അരങ്ങേറുകയുണ്ടായി. സ്വാതിതിരുനാൾ മഹരാജാവിൻ്റെ സരസീജനാഭ എന്ന കാംബോജി രാഗത്തിലുള്ള അട താള വർണത്തിൽ തുടങ്ങി അതുല്യ സംഗീതജ്ഞരുടെ ഇഷ്ടദേവതകളെ പ്രകീർത്തിക്കുന്ന ഹംസധ്വനി, ആനന്ദഭൈരവി, കാപ്പി, പൂർവികല്യാണി, മുഖാരി, തോടി, കദനകുതൂഹലം, ഷണ്മുഖപ്രിയ, ദേശ്, ജനസംമോദിനി, നീലാംബരി തുടങ്ങിയ രാഗങ്ങളിലെ വിവിധ താളങ്ങളിലുള്ള കീ൪ത്തനങ്ങളും സിന്ധുഭൈരവി തില്ലാനയും അനായാസം പ്രണവിൻ്റെ വിരലുകളിലൂടെ വയലിൻ തന്ത്രികളിൽ തുള്ളിക്കളിച്ചപ്പോൾ മൂന്നു മണിക്കൂർ സമയം കടന്നുപോയത് ആരും തന്നെ അറിഞ്ഞിരുന്നില്ല. പ്രണവിൻ്റെ ഗുരു രചിച്ച “സുനീത പ്രവീണ പുത്ര സംഗീതപ്രണവാകാര അഭിനവാഗ്രജ” എന്ന പല്ലവി ശ്രോതാക്കളെ വിസ്മയിപ്പിച്ചു. ഡോ. പ്രവീൺ രാജേന്ദ്രൻ്റെയും ശ്രീമതി സുനീത പ്രവീണിന്റേയും മകനായ പ്രണവിന് അഭിനവ് എന്ന വയലി൯ വിദ്യാർത്ഥിയായ അനുജൻ കൂടിയുണ്ട്.
തൻ്റെ എട്ടാം വയസ്സു മുതൽ പ്രശസ്തനും പ്രഗത്ഭനുമായ വയലിൻ ഗുരു വിദ്വാ൯ മഹേഷ് അയ്യർ അവർകളുടെ ശിക്ഷണത്തിൽ കഴിഞ്ഞ എട്ടു വർഷങ്ങളായി തുടർന്ന് വന്ന വിദഗ്ധ പരിശീലനവും പ്രണവിൻെറ അശ്രാന്ത പരിശ്രമവും തന്നെയായിരുന്നു ഈ പ്രതിഭയുടെ കഴിവിൻ്റെ അപാരതയെ പാകപ്പെടുത്തിയത്. സംഗീതക്കച്ചേരി, ഭക്തി ഗാന സുധ, നൃത്ത പരിപാടികൾ എന്നിങ്ങനെ പലതരം സംഗീത പരിപാടികളിൽ തൻ്റെ കഴിവ് തെളിയിച്ച പ്രണവ് ശ്രീ. ഗുരുവായൂരപ്പൻ ക്ഷേത്രം, ശ്രീ മീനാക്ഷി ക്ഷേത്രം എന്നിവിടങ്ങളിലെ ഒരു നിറ സാന്നിധ്യം കൂടിയാണ്. ഈ ചെറു പ്രായത്തിൽ തന്നെ പ്രണവ് നിരവധി മത്സര പരിപാടികളിൽ പങ്കെടുക്കുകയും മത്സര വിജയിയാവുകയും ചെയ്തിട്ടുണ്ട്. ഈ യുവ കലാകാരൻ്റെ അരങ്ങേറ്റ വിജയത്തിന് മൃദംഗത്തിൻ്റെ ഇടംതലയിലും വലംതലയിലും തൻ്റെ കരസ്പര്ശത്താൽ മാസ്മരികത തീർക്കുന്ന യുവ മൃദംഗ പ്രതിഭ മഹേശ്വർ അജയകുമാറും, ലാൽഗുഡി ജയരാമൻ, കദ്രി ഗോപാൽനാഥ്, ടി.എൻ. ശേഷഗോപാലൻ, യേശുദാസ് തുടങ്ങിയവരുടെ സന്തത സഹചാരിയായ ഘടം വിദ്വാ൯ ശ്രീ. വൈക്കം ഗോപാലകൃഷ്ണനും കൂടി ചേർന്നപ്പോൾ സദസ്സ് സംഗീതത്തിന്റെ മാസ്മരിക ലോകത്തിലായി. സംഗീത പ്രതിഭകളായ വിധു വിജയും, മാളവികയും തംബുരുവിൽ ശ്രുതി ചേർത്തു.
കച്ചേരിയെ അവലോകനം ചെയ്ത് സംസാരിച്ച ഗായകനും സംഗീതജ്ഞനുമായ ശ്രീ. ഹരി നായർ പ്രണവിൻ്റെ അനായാസ ബോയിങ്ങ് ശൈലിയെ വയലിൻ മാന്ത്രികൻ പ്രൊ. ടി. എൻ. കൃഷ്ണൻ്റേതിനോടാണ് ഉപമിച്ചത്. പ്രണവിൻ്റെ സംഗീത സഹപാഠികളായ മായ, കിഷോർ, സുജനിത എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
യെഹൂദി മെനുഹിനെപ്പോലെ, നിക്കോളോ പഗനിനിയെപ്പോലെ, യൂജിനെപ്പോലെ പ്രശസ്തിയുടെ കൊടുമുടിയിലെത്തുവാൻ കഴിയട്ടെ എന്ന സദസ്യരുടെ ആശംസകളും സംഗീതവിരുന്നിന് വേദിയായ മീനാക്ഷി ദേവസ്ഥാനത്തെ ദേവി മീനാക്ഷിയുടെ അനുഗ്രഹവും ഒത്തുചേർന്നപ്പോൾ ഈ സംഗീത സന്ധ്യ സമാനതകളില്ലാത്ത ഒരു അനുഭവം ആസ്വാദകർക്ക് സമ്മാനിച്ചു. ഭാവി സപര്യക്കു കാണികൾ പ്രണവിന് ആശംസകൾ നേർന്നതോടെ സദിര് കഴിഞ്ഞു, യവനിക താഴ്ന്നു, സംഗീതശാലയിൽ ആളൊഴിഞ്ഞു.

വാർത്ത അയച്ചത് : ശങ്കരൻകുട്ടി, ഹൂസ്റ്റൻ