പ്രണയ മൗനങ്ങൾ (കവിത -ചന്ദ്രതാര)

sponsored advertisements

sponsored advertisements

sponsored advertisements

22 May 2022

പ്രണയ മൗനങ്ങൾ (കവിത -ചന്ദ്രതാര)

ചില മൗനങ്ങളുണ്ട്.
ആശംസകളില്ലാത്തവ
പുതുവർഷമോ
പിറന്നാളോ തിരുവാതിരയോ
ബാധിക്കാത്തവ.

അകലെയൊരു പുൽക്കൊടിയിൽ
മഞ്ഞുവീഴുന്നതും
വർണ്ണങ്ങളെഴുന്നൂറായൂറിയടരുന്നതും
പറയാതറിയുന്നവ.
പകൽക്കിനാക്കളില്ലാത്തവ.

വാക്കുകളുടെ വാളാട്ടങ്ങളിൽ
ചോര പൊടിയാതെ
കൂർത്ത നോട്ടങ്ങളിൽ
പോറലേല്ക്കാതെ
ഓളപ്പരപ്പിൽ തെന്നിത്തെറിച്ചു നീങ്ങുമ്പോൾ
നിലാവല പോലെ
വെറുതെ ചിരിക്കുന്നവ.
ആരവമോ കൊടിക്കൂറയോ
തേരൊലിയോ കൂടാതെ പാണ്ടിയും
പഞ്ചാരിയും തീർക്കുന്നവ….

ഒരിക്കലും മരിക്കാത്ത
പ്രണയ മൗനങ്ങളാണവ.
വാക്കുകളേക്കാൾ
മൂർത്തത മൗനങ്ങൾക്കാണത്രേ.

ചന്ദ്രതാര