മാനുഷഗോത്രങ്ങളായ്
സംസ്ക്കാരമണ്ഡലം തീർത്തവർ
ആര്യദ്രാവിഡത്തീരങ്ങളിൽ
മനുഷ്യത്വം മരിച്ചവർ….
കൊതിച്ചും കിതച്ചും കൊന്നുകഴുവേറ്റിയും
മന്നവരായ് നാടുവാണും പണ്ഡിതരായ് നടിച്ചും
ജനശിരസ്സുകൾ തച്ചുടച്ചും മെതിച്ചും
ധാർത്തരാഷ്ട്രപ്രതാപമോതിയോർ….
ആരുനമ്മൾ, ഉഴുതും കിളച്ചും കുഴിച്ചും
വിത്തെറിഞ്ഞും കൊയ്തും മെതിച്ചും
നൊന്തുനീറിവെന്തുതീർന്നും ജന്മം കഴിപ്പവർ….
ആരുനമ്മൾ, നോമ്പുനോറ്റവർ
തൃഷ്ണയിൽ നിന്നുയർന്നവർ
നൊമ്പരമുടച്ച മിഴികളിൽ
കനൽച്ചില്ലുപേറുന്നവർ….
രാജാധികാര കിരീടങ്ങളുടച്ചവർ
ജനാധിപത്യ സംഹിതകൾ തീർത്തവർ
ഭ്രഷ്ടുകൽപ്പിച്ച പാരമ്പര്യങ്ങൾക്കു മീതെപ്പറന്നവർ
പുത്തൻ സൂര്യോദയം കണ്ടവർ….
എങ്കിലും ഓർക്കാതെ പോകരുതേ….
ആരുനമ്മൾ, വെറും മനുഷ്യർ
സർവ്വപ്രതാപവെൺക്കൊറ്റക്കുടകളും
കാലറ്റുമണ്ണോടു ചേരേണ്ടവർ
ചിതലായ് പുഴുവായ് മാറേണ്ടവർ….