BREAKING NEWS

Chicago
CHICAGO, US
4°C

ഇത്രയൊക്കെ ശമ്പളം വാങ്ങിച്ചിട്ടാണോ ഇങ്ങനെ ? (എം. പ്രസന്ന)

sponsored advertisements

sponsored advertisements

sponsored advertisements


6 February 2022

ഇത്രയൊക്കെ ശമ്പളം വാങ്ങിച്ചിട്ടാണോ ഇങ്ങനെ ? (എം. പ്രസന്ന)

ന്നു ഞാൻ മറ്റെന്തോ വിഷയം പറഞ്ഞപ്പോൾ സർക്കാർ ടീച്ചർമാരുടെ basic salary ഏകദേശം ഇത്രയാണെന്നു ചേർത്തപ്പോൾ മകൾ ഞെട്ടി.

ഇത്രയൊക്കെ ശമ്പളം മേടിച്ചിട്ടാണോ പലരും ഇത്ര മോശമായിപഠിപ്പിക്കുന്നതെന്നും ഉഴപ്പുന്നതെന്നും അവൾ ആശ്ചര്യപ്പെട്ടു. ശരിക്കും ടീച്ചർമാർ ഉഴപ്പുന്നത് കുട്ടികൾക്കു മനസ്സിലാകുന്നുണ്ട്.

-പലരും പാഠഭാഗം എടുക്കാതെ just ചുമ്മാ മെൻഷൻ ചെയ്തു പോകുന്നു. പാഠം എടുത്തു മനസ്സിലാക്കിക്കേണ്ടത് വിക്ടേഴ്സ് ചാനലിന്റെയും ഗവൺമെന്റിന്റെയും ചുമതല ആണല്ലോ.

-ചിലർക്ക് അധ്യാപന സ്കില്ലുകൾ വളരെ കുറവാണ്. ടെക്സ്റ്റ് പുസ്തകം വായിച്ചു പോകുകയാണ് ഒരാൾ.

-ഒരാളുടെ ജോലി, പാഠം ചുരുക്കിപ്പറയുന്നതിലും ചില കുട്ടികളെക്കൊണ്ടു വായിപ്പിക്കുന്നതിലും പഠന പ്രവർത്തികൾ മുഴുവൻ ഹോംവർക്ക് ആയി ചെയ്തുവരണം എന്നു പറയുന്നതിലും ഒതുങ്ങുന്നു.

-ഒരാൾ ഒരു സബ്ജക്ടിന്റെ പിരീഡിൽ ഇന്ന് ടെക്സ്റ്റ് കൊണ്ടുവരാൻ മറന്നു, നോട്ട് എടുക്കാൻ മറന്നു എന്നെല്ലാം പറഞ്ഞ് അയാൾക്കു തന്നെ എടുക്കാൻ ഉത്തരവാദിത്തമുള്ള മറ്റൊരു സബ്ജക്ട് മാത്രം സന്തോഷത്തോടെയും മികച്ചതായും എടുക്കുന്നു. എന്നും മാറ്റിവെയ്ക്കപ്പെടുന്ന സബ്ജക്ട് അധ്യാപകന് അറിയാഞ്ഞിട്ടാണ് എടുക്കാത്തത് എന്ന നിഗമനത്തിലാണ് കുട്ടികൾ.

-സർക്കാർ പറഞ്ഞതിലും ദിവസങ്ങൾ താമസിച്ചാണ് ഇത്തവണ സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത്. അതിൽ അസ്വസ്ഥത തോന്നിയെങ്കിലും അധ്യാപകർക്ക് എല്ലാം കോവിഡായിരുന്നു എന്നു പറഞ്ഞത് വിശ്വസിച്ച് കുറ്റപ്പെടുത്തുന്നില്ല.

-ഇനിയെങ്കിലും സത്യം പറയട്ടെ. വിക്ടേഴ്സിൽ ചില ക്ലാസുകൾ മഹാ ബോറിങ് ആണ്. ഒരു കാൽപ്പനിക ക്ലാസിനെ മുന്നിലിരുത്തി, ആയിഷ പറയൂ, കൃഷ്ണൻ പറയൂ, ജോസഫ് പറയൂ എന്നെല്ലാം ചോദിച്ച് അവർ സ്വയം തന്നെ ഉത്തരം പറഞ്ഞ്, ഏതോ പുരാതന കാലത്തെ അധ്യാപന മെത്തേഡുകളുപയോഗിച്ച്… ഏറ്റവും ആധുനികമായ പല ആപ്പുകളും ഉപയോഗിക്കുന്ന കുട്ടികളാണ്. ഏറ്റവും സ്മാർട്ടായ പല വ്യക്തികളെയും ഫോളോ ചെയ്യുന്ന കുട്ടികളാണ്. അവർക്ക് ബോറടിച്ച്, കൂട്ടത്തിൽ പതിയെ വാട്സ്ആപ്പ് സ്റ്റാറ്റസോ ഇൻസ്റ്റയോ നോക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

-ഇതിനിടയിൽ ഓഫ്‌ലൈൻ ക്ലാസ്സ് ഉള്ളപ്പോൾ കുട്ടികൾക്ക് ആഴ്ചയിൽ മൂന്നു ദിവസം നാല് പിരീഡ് വച്ചാണ് ആകെ ക്ലാസ് ഉണ്ടായിരുന്നത്. ഉച്ചയ്ക്കുശേഷമോ വൈകുന്നേരമോ ഓൺലൈൻ ക്ലാസ്സ് ഉണ്ടായിരുന്നില്ല. ആഴ്ചയിൽ നാലുദിവസം വിക്റ്റേഴ്സ് കൂടാതെ യാതൊരുവിധ ക്ലാസ്സുകളും ഉണ്ടായിരുന്നില്ല. കുട്ടികളും അവരെക്കൊണ്ട് രക്ഷിതാക്കളും ബോറടിച്ചു ചത്തു.

-വിക്റ്റേഴ്സ് ലെ ക്ലാസിനു പുറമേ അദ്ധ്യാപകർ ലീവിൽ അല്ലാത്ത ദിവസം 2 ക്ലാസുകൾ ആണ് എടുക്കുന്നത്. സ്കൂൾ ഓഫ്‌ലൈനിൽ ആകുമ്പോൾ ഒന്നോ രണ്ടോ അധ്യാപകർ ലീവിൽ ആണെങ്കിലും മറ്റ് അധ്യാപകർ വന്ന് ആ സമയം കുട്ടികളെ എൻഗേജ് ചെയ്യാറുണ്ട്. ഓൺലൈൻ ക്ലാസുകളിൽ ഒരാൾ ലീവിൽ ആണെങ്കിൽ അന്ന് ക്ലാസ്സ് ഇല്ല. ഊഴമിട്ട് മറ്റ് അധ്യാപകർ മറ്റൊരു സമയത്തെങ്കിലും കുറച്ചുനേരമെങ്കിലും കുട്ടികളെക്കൊണ്ട് എന്തെങ്കിലും ഒരു പഠന ജോലി ചെയ്യിക്കേണ്ടതല്ലേ? സർക്കാർ പറഞ്ഞ കാര്യം മാത്രമേ ചെയ്യൂ അതിനപ്പുറത്തേക്ക് സ്വന്തമായി ഒന്നുമില്ല എന്ന് എല്ലാവരും തീരുമാനിച്ചിട്ടുണ്ട്.

-എണ്ണത്തിൽ കുറച്ചേ കാണൂ എങ്കിലും പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് ചിത്രകല, പാട്ട്, തുന്നൽ, കായികം എന്നിങ്ങനെ കുറച്ചുപേരെങ്കിലും ചില സ്കൂളുകളിലെങ്കിലും ഉണ്ടാകില്ലേ? അവർ കൊവിഡ് കാലത്ത് ശമ്പളം പറ്റുന്നുണ്ടോ? ഉണ്ടെങ്കിൽ എന്താണ് അവർ ചെയ്യുന്ന ജോലി? കുട്ടികളുടെ മാനസിക ശാരീരിക ക്ഷേമപ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കാനെങ്കിലും അവരെ വിനിയോഗിച്ചു കൂടെ?

-ഇന്ന് ക്ലാസ്സ് ഇല്ല എന്ന് മകൾ പറയുന്നത് നിരാശയോടെയാണ്. പക്ഷേ അവളുടെ അധ്യാപകൻ അതു പറഞ്ഞത് വളരെ സന്തോഷത്തോടെയാണ്! എന്തൊരു തമാശയാണ്!!

-ലേശം മടിയൊക്കെ ഇല്ലാത്ത കുട്ടികൾ ഇല്ല. എന്നാൽ ഇപ്പോൾ അവരെപ്പോലും മടുപ്പിക്കുന്ന രീതിയിൽ ആയി കാര്യങ്ങൾ.

-തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചില മെനക്കെട്ട വേലകൾ ചെയ്യുമ്പോൾ ഇവിടെ എന്താണ് നടക്കുന്നത്? എണീച്ചു നിൽക്കാൻ ത്രാണിയില്ലാത്ത അപ്പാപ്പൻമാരും അമ്മാമ്മമാരും വരെ സ്ക്കിൽഡ് ലേബറായി പഞ്ചായത്തിൽ ചേരുന്നു. അവിടെ സ്കില്ലും അടിസ്ഥാന ശാരീരികക്ഷമതയും ഒന്നുമില്ല. എന്നിട്ട്, അവരുടെ കൂലിയിൽനിന്ന് ഒരു ഭാഗവും സർക്കാർ പ്രോജക്ടിനായി അനുവദിച്ച സംഖ്യയും എടുത്തു പ്രൈവറ്റായി കോൺട്രാക്ടറെ വെച്ച് തൊഴിലുറപ്പുകാരുടെ കൂടെ ജോലി ചെയ്യിക്കുന്നു. പണ്ട് സമൂഹത്തിന്റെ മേലേ തട്ടിലുള്ളവർ ചെയ്തിരുന്ന പോലെ ഒരു കാര്യം ഇന്ന് കീഴെ തട്ടിലുള്ളവർ ചെയ്യുന്നു. പകരത്തിനു പകരം എന്നാശ്വസിച്ച്, കാര്യം നടക്കുന്നുണ്ടല്ലോ എന്ന് നിശ്വസിക്കാം.

ഇന്നിപ്പോൾ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ രംഗത്തുള്ള തൊഴിലാളികൾ ഇത്തരത്തിലൊരു നീക്കം നടത്തേണ്ടതാണെന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്നു. പഠിപ്പിക്കാൻ മടി തോന്നുന്നുണ്ടെങ്കിൽ, പഠിപ്പിക്കാൻ അറിയില്ലെങ്കിൽ കൂലിക്ക് ആളെ വച്ച് പഠിപ്പിക്കണം. ജോലി സ്ഥിരതയോ സർക്കാരിന്റെ ആജീവനാന്ത വാഗ്ദാനമോ ഇല്ലാത്ത അവർ നന്നായി പണിയെടുത്തു കൊള്ളും. ഇടയ്ക്കൊന്നു പേടിപ്പിച്ചാൽ മതി. തിന്ന ചോറിന് ഉപ്പൊഴുക്കുന്ന, അധ്വാനിക്കുന്ന വർഗ്ഗത്തെ പ്രദാനം ചെയ്യുന്ന കോൺട്രാക്ടർമാരും കരിയർ കൗൺസിലർ ഇടനിലക്കാരും നാടുനീളെ നിലവിൽ വരും. അങ്ങനെ, ഗവൺമെൻറ് ചിലവഴിക്കുന്ന ഭീമമായ തുക പല തട്ടുകളിലായി എത്തിച്ചേരും. കൂടുതൽ ആൾക്കാരുടെ വാങ്ങൽ ശേഷി കൂടും. സമ്പത്തും വിഭവശേഷിയും സമൂഹത്തിലെ കീഴ്തട്ടുകളിലേക്ക് വ്യാപിക്കും. എയറിന്ത്യ, ഭാരത് പെട്രോളിയം, എല്ലെെസി… നമ്മക്ക് നമ്മുടേതായ രീതിയിൽ ഈ വില്പനയെ ജനകീയവൽക്കരിച്ച് ദേശസാൽക്കരിക്കണ്ടേ?

സ്കൂളുകളിൽ ഈ സമ്പ്രദായം വിജയിച്ചാൽപിന്നെ മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ശ്രമിക്കാവുന്നതാണ്. ഭീമമായ തുക ശമ്പളമായി കൈപ്പറ്റുന്ന ചില സർക്കാർ ഉദ്യോഗസ്ഥരുടെ പല ജോലികളും മറ്റൊരു വൃത്തികെട്ട രീതിയിൽ പ്രൈവറ്റായി ആളുകൾ ഇപ്പോൾ തന്നെ ചെയ്യുന്നുണ്ട്. അക്ഷയ കേന്ദ്രം, e-ജനസേവ കേന്ദ്രം തുടങ്ങിയവയാണ് ഉദ്ദേശിച്ചത്. വൃത്തികെട്ടത് എന്നു പറയാൻ കാരണം, അവർ ചുരുങ്ങിയ തുകയ്ക്കാണ് സേവനം ലഭ്യമാക്കുന്നത് എങ്കിലും ഈ തുക പോകുന്നത് നികുതിയടച്ച ജനങ്ങളുടെ കയ്യിൽ നിന്നാണ്. അല്ലാതെ, സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്നല്ല. പല അക്ഷയ കേന്ദ്രങ്ങളിലും കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന പെൺകുട്ടികളുടെ മാസശമ്പളം കേട്ടാൽ നമുക്കു കരച്ചിൽ വരും.. ഒരു തൊഴിൽ നിയമവും ഒരുകാലത്തും സംരക്ഷിക്കാത്ത, കേരളത്തിലെ അധ:സ്ഥിത വർഗ്ഗം എന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജാതി മത ഭേദമന്യേ അടയാളപ്പെടുത്തേണ്ടത് പ്രൈവറ്റ് സ്ഥാപനങ്ങളിലെ അസംഘടിത തൊഴിലാളികളെയാണ് (സ്ത്രീ തൊഴിലാളികളെ ആണ്). വരേണ്യവർഗ്ഗം എന്നത് എങ്ങനെയെങ്കിലും സർക്കാർ സർവീസിൽ കയറിപ്പറ്റിയവരെയും.

ഗവൺമെന്റിനെയോ ഭരിക്കുന്ന പാർട്ടിയെയോ കുറ്റപ്പെടുത്തുന്നില്ല. ഗുരു എന്നു പൂജിച്ചിരുന്ന കാലവും അധ്യാപകർ മേലാളന്മാർ ആയിരുന്ന കാലവും മാറി- മാറണം. ശമ്പളത്തോടു കൂടെ ജോലിക്കെടുക്കപ്പെടുന്ന അവർ ജോലി ചെയ്യാൻ തയ്യാറാകുകയും വിവരം, കഴിവ്, യോഗ്യത എന്നിവ അപ്ഡേറ്റ് ആക്കി നിർത്താൻ ശ്രദ്ധിക്കുകയും വേണമെന്ന് പൗരബോധത്തോടെ ആവശ്യപ്പെടുന്നു, നിർദ്ദേശിക്കുന്നു, അപേക്ഷിക്കുന്നു.

നല്ല അധ്യാപകർ ഉണ്ട്. അവരെക്കുറിച്ച് മുകളിൽ പരാമർശിച്ചിട്ടില്ല. ഗവൺമെൻറ് സ്കൂളിനെക്കുറിച്ച് നന്മ കാണുമ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ ഘോഷിച്ചിട്ടുള്ള ആളാണു ഞാൻ. അങ്ങനെയാകയാൽ ഇതും പറയുക എന്റെ ഉത്തരവാദിത്തമാണ്.

എം. പ്രസന്ന

കവർ ചിത്രം : ബിവിൻ ലാൽ