നിരന്തരമായ വിചാരണകളിലൂടെ കടന്നു പോകുന്ന മനുഷ്യരുടെ ജീവിതം (ഡോ. ഐശ്വര്യ മാധവൻ)

sponsored advertisements

sponsored advertisements

sponsored advertisements


2 May 2022

നിരന്തരമായ വിചാരണകളിലൂടെ കടന്നു പോകുന്ന മനുഷ്യരുടെ ജീവിതം (ഡോ. ഐശ്വര്യ മാധവൻ)

മലയാള നോവൽ ഇന്ന് ഏറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന ഒരു സാഹിത്യ വിഭാഗമാണ്. അതിന് കാരണവും ഉണ്ട്. കഥ, കവിത എന്നിവയെ അപേക്ഷിച്ച് മലയാള സാഹിത്യത്തിൽ ഏറ്റവും അധികം പരീക്ഷണങ്ങൾ നടക്കുന്ന ഒരു സാഹിത്യ മേഖലയാണ് മലയാള നോവലിൻ്റേത്. ഭാവനയിൽ അധിഷ്ഠിതമായ ഒരു സാഹിത്യ വിഭാഗം അല്ല ഇന്ന് മലയാള നോവൽ. ഒട്ടേറെ പരീക്ഷണങ്ങളും അതിലുപരി അന്വേഷണങ്ങളും, ഗൃഹപാഠവും , ഗവേഷണവും നടത്തുന്നവരാണ് വർത്തമാനകാല മലയാള നോവലിസ്റ്റുകൾ . ആഖ്യാനപരമായും ആശയപരമായും പുതുമ കൈവരിക്കുവാനുള്ള ശ്രമം ഇന്ന് മലയാള നോവലിസ്റ്റുകൾ നടത്തുന്നുണ്ട്. സമീപകാലത്ത് ഇറങ്ങിയിട്ടുള്ള നോവലുകൾ ഗൗരവമായി വായിക്കുന്നവർക്ക് ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിയ്ക്കും. സൂക്ഷ്മതല അന്വേഷണങ്ങളിലേക്കും രാഷ്ട്രീയ വിശകലനങ്ങളിലേക്കും കടന്നുചെല്ലാൻ ഇവർക്ക് കഴിയുന്നുണ്ട്. എം. പ്രശാന്തിൻ്റെ കോർട്ട് മാർഷൽ എന്ന നോവലിനെക്കുറിച്ച് പറയുമ്പോൾ ഈ വസ്തുത ഏറെ പ്രസക്തമാണ്.

എം. പ്രശാന്ത്

ആദ്യമായി ‘കോർട്ട് മാർഷൽ’ എന്ന നോവലിൻ്റെ ശീർഷകം തന്നെ നോക്കുക. കോർട്ട് മാർഷൽ എന്താണ് അത്കൊണ്ട് ഉദ്ദേശിക്കുന്നത് .. കോടതി വിധി അല്ലെങ്കിൽ കോടതി നടപടി എന്നൊക്കെ അർത്ഥം. നിരന്തരമായ വിചാരണകളിലൂടെ കടന്നു പോകുന്ന മനുഷ്യരുടെ ജീവിതം എഴുതാനാണ് നോവലിസ്റ്റ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. ആഖ്യാനപരമായ ഒരു സവിശേഷത കൂടി ഈ നോവലിനുണ്ട്. സോങ് ആൻറ് ഡ്രാമ ഡിവിഷനിലെ കലാ കാരന്മാരുടെയും പട്ടാളക്കാരുടെയും ജീവിതാവസ്ഥയിലൂടെയാണ് ഈ നോവൽ മുന്നോട്ട് വികസിക്കുന്നത്. സോങ് ആൻ്റ് ഡ്രാമ ഡിവിഷനിലെ കലാകാരന്മാർ ശരിക്കും സൈനികരല്ല.. പൂർണ്ണ കലാകാരന്മാരുടെ കൂട്ടത്തിലും അവരെ നമുക്ക് ഉൾപ്പെടുത്താൻ സാധിയ്ക്കുകയില്ല. സൈനീകരുടെ യുദ്ധാന്തരീക്ഷത്തിലെ സംഘർഷാവസ്ഥ ശമിപ്പിക്കാനെത്തുന്ന കലാകാരന്മാരാണ് അവർ..
കോർട്ട് മാർഷൽ എന്ന നോവലിൻ്റെ പേര് കേൾക്കുമ്പോൾ എൻ്റെ ഓർമ്മയിൽ വരുന്ന ഒരു കാര്യം കാഫ്കയുടെ ‘ വിചാരണ ‘ (The trial ) എന്ന നോവലാണ്. ഇത്തരം ഒരു പ്രമേയം മലയാള നോവലിലേക്ക് ഇത് വരെ കടന്നു വന്നിട്ടില്ല. ഒരു കാലത്ത് മലയാളത്തിൽ ഉണ്ടായിട്ടുള്ള കുറ്റാന്വേഷണ സ്വഭാവമുള്ള നോവലുകൾ പുതിയ രീതിയിൽ മലയാള സാഹിത്യത്തിലേക്ക് തിരിച്ചു വരുന്നുമുണ്ട്. ഇന്ദുഗോപൻ്റെ പുതിയ നോവലുകളൊക്കെ വായിച്ചിരിക്കേണ്ടവയാണ്. അതുപോലെ തന്നെ പട്ടാളക്കഥകളും, യുദ്ധം പ്രമേയമാകുന്ന നോവലുകളും വർത്തമാനകാലത്തേക്ക് കടന്നു വരുന്നുണ്ട്. യുദ്ധത്തെപ്പറ്റി മലയാളത്തിൽ ശക്തമായ ആവിഷ്ക്കാരം നടത്തിയിട്ടുള്ളവരാണ് നന്തനാനും, കോവിലനും , പാറപ്പുറവും ഒക്കെ ..


ഈ നോവലിൻ്റെ അവതാരിക എഴുതിയ വി. ഷിനിലാൽ ഇന്ത്യയിലെ റെയിൽവേ സംബന്ധിയായി എഴുതിയ നോവലാണ് ‘സംബർക്കക്രാന്തി ‘.. ഇതിൽ ഒരു train യാത്ര അവതരിപ്പിക്കുന്നതോടൊപ്പം തന്നെ ഇന്ത്യൻ ജനാതിപത്യത്തേയും , ഇന്ത്യൻ രാഷ്ട്രീയത്തേയും, ഇന്ത്യൻ ചരിത്രത്തെയും അദ് ദേഹം വിശകലനം ചെയ്യുന്നുണ്ട് .
യുദ്ധം ഒരിക്കലും ഒഴിവാക്കപ്പെടുന്നില്ല. മനുഷ്യൻ എത്ര പുരോഗതി നേടിയാലും സമാധാന പരമായ ജീവിതം നമുക്ക് സങ്കല്പ്പം മാത്രമാണ്. യഥാർത്ഥത്തിൽ മനുഷ്യൻ യുദ്ധം ഇന്നും ചെയ്തു കൊണ്ടേ ഇരിക്കുന്നു. ഉക്രയിൻ യുദ്ധത്തെപ്പറ്റി ഒക്കെ നമുക്ക് ഒന്ന് ചിന്തിച്ചാൽ മനസ്സിലാകാവുന്നതേ ഉള്ളൂ. ലോകത്ത് എവിടെ ഉണ്ടാകുന്ന യുദ്ധങ്ങളും പരോക്ഷമായി മാത്രമേ മലയാളി അനുഭവിക്കുന്നുള്ളൂ. യുദ്ധത്തിൻ്റെ നേരിട്ടുള്ള കെടുതികൾ അനുഭവിച്ചിട്ടുള്ള ഒരു ജനതയല്ല നമ്മുടേത്. എന്നാൽ ലോകമഹായുദ്ധങ്ങളിൽ ഒക്കെ പങ്കെടുത്ത പല സൈനീകരും ഉണ്ട് നമുക്കിടയിൽ . അവരുടെ ജീവിതവും മലയാളിയുടെ ജീവിതവും തമ്മിൽ ഒത്ത് ചേർന്ന് പോകുന്നതല്ല. അങ്ങനെ ഉള്ളവരാണ് ബാരക്കുകളിൽ ഇരുന്ന് പട്ടാളക്കഥകളെഴുതിയ കഥാകാരന്മാർ . അവരെ നമ്മൾ വേണ്ട തരത്തിൽ അംഗീകരിച്ചിട്ടുമില്ല. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് കോർട്ട് മാർഷൽ .. എന്നാൽ നേരിട്ടുള്ള ഒരു യുദ്ധാനുഭവത്തിൻ്റെ ആഖ്യാനമല്ല ഇതിൽ ഉള്ളത്. മറ്റ് പട്ടാള നോവലുകളെക്കാൾ ഈ കൃതി വേറിട്ട് നിൽക്കുന്നതിനുള്ള ഒരു പ്രധാന കാരണം പട്ടാളബാരക്കുകളിലെ കാര്യങ്ങൾ കൂടുതൽ സൂക്ഷ്മമായി അയത്ന ലളിതമായ ഭാഷയിൽ ഈ നോവലിൽ ആവിഷ്ക്കരിച്ചിരിക്കുന്നു എന്നുള്ളതാണ്.
അതുപോലെ തന്നെ ‘ ചുരങ്ങൾ കയറിയ മനുഷ്യന് അതിറങ്ങാതെയും വയ്യ… ‘ ‘ ഭയത്തിന് കൂടെ സഞ്ചരിക്കാൻ അറിയാം നിഴലുകളെക്കാൾ വേഗത്തിൽ.. ‘ ഇത്തരത്തിലുള്ള നല്ല നീരീക്ഷണങ്ങൾ , സൂക്ഷ്മതല അന്വേഷങ്ങൾ , അത്രയേറെ തീവ്രവും സുന്ദരവുമായ പ്രണയം ഒക്കെ നമുക്ക് ഈ നോവലിൽ കാണാൻ സാധിയ്ക്കും..
ആഖ്യാനശൈലികൊണ്ടും പ്രമേയത്തിൻ്റെ വൈവിദ്ധ്യം കൊണ്ടും വേറിട്ട് നിൽക്കുന്ന മനോഹരമായ നോവൽ ..
ഏറെ വായിക്കപ്പെടട്ടെ..
ചർച്ചചെയ്യപ്പെടട്ടെ.

ഡോ. ഐശ്വര്യ മാധവൻ