മുൻ എം.എൽ.എ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


4 August 2022

മുൻ എം.എൽ.എ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു

കൊല്ലം: കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എം.എൽ.എയുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെ ടോയ്‍ലറ്റിൽ കാൽവഴുതിവീഴുകയായിരുന്നു അദ്ദേഹം. ഏറെ നേരം കഴിഞ്ഞിട്ടും ടോയ്‍ലറ്റിൽ നിന്ന് പുറത്തിറങ്ങാതായതോടെയാണ് വീട്ടുകാർ ശ്രദ്ധിച്ചത്. വീട്ടിലുള്ളവർ നോക്കുമ്പോൾ അദ്ദേഹം ശുചിമുറിയിൽ കിടക്കുന്ന നിലയിലായിരുന്നു.

തുടർന്ന് തൊട്ടടുത്തുള്ള ഒരു ഡോക്ടറെ വിളിച്ചുവരുത്തിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2001-2006 കാല‍യളവിലാണ് ചാത്തന്നൂരിൽ നിന്ന് നിയമസഭാംഗമായത്. കൊല്ലം ഡി.സി.സിയുടെ മുൻ അധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റായിരുന്ന കാലയളവിൽ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തിനും രമേശ് ചെന്നിത്തലയ്ക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

പ്രതാപവർമ്മ തമ്പാന് ശേഷം ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും ഇതുവരെ കോൺ​ഗ്രസിന് മറ്റൊരു എം.എൽ.എ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജനകീയനായ നേതാവിനെയാണ് കോൺ​ഗ്രസിന് നഷ്ടമായത്. കഴിഞ്ഞ ദിവസം പോലും അദ്ദേഹം പല പൊതു പരിപാടികളിലും സജീവമായിരുന്നു. ഡി.സി.സി അദ്ധ്യക്ഷൻ ഉൾപ്പടെയുള്ള കോൺ​ഗ്രസ് നേതാക്കൾ ജില്ലാ ആശുപത്രിയിലെത്തിയിട്ടുണ്ട്.