NEWS DETAILS

27 May 2023

പ്രതിസന്ധികൾക്ക് പ്രതിവിധിയാകാവുന്ന കെ. എച്ച്.എൻ. എ. യുടെ സ്വസ്തി ഫാറം

സുരേന്ദ്രൻ നായർ 

ആധ്യാത്മിക ബോധത്തിനും ജീവിത വിജയത്തിനും പ്രേരണ നൽകുന്ന ഒരു സാമൂഹ്യ സംഘടന എന്ന നിലയിൽ കെ. എച്ച്. എൻ.എ നടത്തിവരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി സ്വസ്തി ഫാറം എന്നൊരു സംരംഭം കൂടി ആരംഭിക്കുന്നതായി പ്രസിഡന്റ് ജി.കെ.പിള്ള അറിയിക്കുന്നു.

 ജീവരാശിക്ക്‌ ശാന്തിയേകാൻ പൊതുവായ കർമ്മപദ്ധതികൾ നിർദ്ദേശിക്കുമ്പോളും ഗാര്ഹസ്ഥ്യ ജീവിതത്തിനുള്ളിലെ വ്യക്തികളുടെ തീഷ്ണമായ അനുഭവങ്ങളും അതുളവാക്കുന്ന സ്വാധീനവും അവഗണിച്ചാൽ സംഘടനകൾ സ്വപ്നം കാണുന്ന സാമൂഹ്യസൃഷ്ടി വെറും മരീചികയായി അവശേഷിക്കും. 

ലോകത്തിലെവിടെയാണെങ്കിലും മനുഷ്യർ ജീവിതാനുഭവങ്ങളെ ഉൾക്കൊള്ളുന്നതും സ്വാധീനിക്കുന്നതും വസ്തുനിഷ്ഠപരമായോ ആത്മനിഷ്ഠാപരമായോ ആയിരിക്കും. വസ്തുനിഷ്ഠത പരാജയപ്പെടുമ്പോൾ പലരും ആത്മനിഷ്ഠതയിലേക്കു കടക്കുന്നു. പരസ്പര പൂരകത്വം പലപ്പോഴും അസാധ്യവുമാകുന്നു. ചില അനുനുഭവങ്ങൾ വികാരതരളിതരാക്കുമെങ്കിൽ മറ്റുചിലത് അവരെ വിചാരബോധവാനാക്കുന്നു.

ക്ഷണികമായ വൈകാരിക ഉത്തേജനത്തിന് അമിത പ്രാധാന്യം നൽകുന്നവർ പലപ്പോഴും സ്വപ്‌നാത്മക ജീവിത സങ്കല്പം പുലർത്തുന്നവരാണ്. നിലനിൽക്കുന്ന സാമൂഹ്യ യാഥാർഥ്യങ്ങളും പൊയ്മുഖമണിഞ്ഞ മനുഷ്യരുടെ നിഗൂഡ വ്യാപാരങ്ങളും അത്തരം സ്വപ്‌നാത്മക ജീവികളുടെ അഭിലാഷ സാക്ഷാത്കാരങ്ങൾ അസാധ്യമാക്കുകയും അവരിൽ ആത്മവിശ്വാസ തകർച്ചയുടെ നൈരാശ്യം ജനിപ്പിക്കുകയും ചെയ്യും.

അവർ ക്രമേണ അന്തർമുഖരായി ഉൾവലിയുകയും വളർന്നുവരുന്ന വിഷാദരോഗികളുടെ എണ്ണത്തിൽ ഉൾപ്പെടുകയും ചെയ്യാറുണ്ട്. 

സ്വതസിദ്ധമായ ദുരഭിമാനം പലരെയും ഈയവസ്ഥ മൂടിവെക്കാൻ പ്രേരിപ്പിക്കുമ്പോളും സഹജീവികളോട് സൗഹാർദ്ദമുള്ള ഏതൊരാൾക്കും ഇത് ദുസ്സഹവും നിലനിൽക്കുന്ന അനിഷേധ്യ യാഥാർഥ്യവുമാണ്. അനിയന്ത്രിതമായ വൈകാരിക അഭിനിവേശവും ഭ്രമാത്മക ജീവിത സങ്കൽപ്പങ്ങളും നിയന്ത്രിക്കേണ്ടതോ വഴിമാറ്റി വിടേണ്ടതോ തന്നെയാണ്. കേരളത്തിലെന്നപോലെ ഇവിടെയും മലയാളികൾ ജീവിതയാത്രയിൽ അടിപതറാറുണ്ട്.

ഇത്തരം വസ്തുതകൾ ഉൾക്കൊണ്ടുകൊണ്ട് അത്തരക്കാർക്കു അനുഭവങ്ങൾ പങ്കുവെക്കാനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനുമുള്ള ഒരു സ്വകാര്യ സഹായ വേദിയാണ് ഈ ഫാറത്തിലുടെ കെ.എച്ച്. എൻ. എ. ലക്ഷ്യമിടുന്നത്.

സമാന ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ അവരുടെ സ്വകാര്യത വെളിപ്പെടുത്താതെ തന്നെ സ്വതന്ത്രമായി സമീപിക്കാവുന്ന ഒരു സംഘം വിദഗ്ധരാണ് സ്വസ്തി ഫാറത്തിനു നേതൃത്വം നൽകുന്നത്. ന്യൂയോർക്കിൽ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന പ്രമുഖ ഡോക്ടർ ഉണ്ണികൃഷ്ണൻ തമ്പി, ഡോ: രഞ്ജിനി പിള്ള, സോമരാജൻ നായർ സുരേഷ് നായർ കൂടാതെ അതാതു വിഷയങ്ങളിൽ പ്രാവീണ്യം തെളിയിച്ച പ്രതിഭകൾ ആദ്ധ്യാത്മിക ആചാര്യന്മാർ എന്നിവർ ഇവിടെ സൗജന്യ സേവനം ഉറപ്പാക്കുന്നു.

അമേരിക്കൻ മെന്റൽ ഹെൽത്ത് അസോസിയേഷൻ മാനസിക ആരോഗ്യ മാസം ആഘോഷിക്കുന്ന ഈ മെയ് മാസത്തിൽ തന്നെ ഈ ഫാറം പ്രവർത്തനം ആരംഭിക്കുമെന്നും ഭാവിയിൽ മെന്റൽ ഹെൽത്ത് അസോസിയേഷന്റെ സേവനം ആവശ്യമെങ്കിൽ തേടുമെന്നും ജി.കെ.പിള്ളയോടൊപ്പം സെക്രട്ടറി സുരേഷ് നായരും അറിയിച്ചു. സഹായ സേവനങ്ങൾക്ക് 2345679882 എന്ന നമ്പറിലേക്ക് വിളിക്കുക