പിറന്നാൾകാരനില്ലാത്ത പിറന്നാൾ! (അനിൽ പെണ്ണുക്കര )

sponsored advertisements

sponsored advertisements

sponsored advertisements


30 July 2022

പിറന്നാൾകാരനില്ലാത്ത പിറന്നാൾ! (അനിൽ പെണ്ണുക്കര )

” ഞാൻ ഇപ്പോഴും ഓർക്കുന്നു, കുഞ്ഞായിരിക്കുമ്പോൾ വാവേ എന്ന് വിളിക്കുമ്പോഴൊക്കെ വളരെയധികം നിഷ്കളങ്കമായി,ലാളിത്യം തുളുമ്പുന്ന തരത്തിൽ, ഇമ വെട്ടാതെ, അവൻ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കുമായിരുന്നു.ആ നോട്ടത്തിൽ പലപ്പോഴും എനിക്ക് കണ്ണിലുടക്കിയിട്ടുണ്ട്; ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്. വർഷങ്ങൾ കടന്നു പോകവേ, വളർന്നിട്ടും, ചിലപ്പോഴൊക്കെയുള്ള അവന്റെ നോട്ടങ്ങൾ അന്നത്തെ ആ പൊന്നോമനയുടെ നിഷ്കളങ്കത ഓർമ്മപ്പെടുത്തിയിരുന്നു. വാത്സല്യം നിറഞ്ഞ ആ നോട്ടങ്ങൾ അപ്പോഴും എന്റെ കണ്ണിലുടക്കിയിട്ടുണ്ടാവും, ശ്രദ്ധ തിരിഞ്ഞിട്ടുണ്ടാവും. ഇന്ന് അതുകൊണ്ട് അവൻ എന്നോട് പിണക്കമാണ്. അവന്റെ അമ്മ അവനെ മതിയായി സ്നേഹിക്കുന്നില്ലെന്ന് തോന്നിയോ, ശ്രദ്ധിക്കുന്നില്ല എന്ന് തെറ്റിദ്ധരിച്ചോ, അവഗണിക്കുകയാണെന്ന് മനസ്സിൽ കരുതിയോ? ഇല്ല കുഞ്ഞേ നീ അമ്മയ്ക്ക് ജീവനാണ്….അമ്മയുടെ ജീവിതമാണ്….”
വെറും ഭ്രാന്ത് പറച്ചിലല്ല,ഭ്രാന്തമായ വിതുമ്പലാണിത്. മരുന്നിനോ മന്ത്രം കൊണ്ടോ മായ്ച്ചു കളയാൻ ആവാത്ത,മാരകമായ മുറിവിൽ നിന്നുണ്ടായ ഒരമ്മ മനസ്സിന്റെ വിതുമ്പൽ! ഇന്ന് അവരുടെ പൊന്നോമനയുടെ പിറന്നാളായിരുന്നു . കണ്ണീരും നിലവിളിയും കൊണ്ട് അലങ്കരിച്ച,സ്നേഹ സമ്മാനങ്ങളാൽ പള്ളിപ്പറമ്പിൽ ആശംസകൾ അർപ്പിക്കേണ്ട, മകന്റെ ഇരുപത്തിയെട്ടാം പിറന്നാൾ.
ഓർക്കുന്നില്ലേ…. ലൗലി എന്ന അമ്മയെ,അവരുടെ സ്നേഹനിധിയായ പ്രവീൺ വർഗീസ് എന്ന മകനെ.
അതെ,ഇന്ന് പ്രവീൺ വർഗീസിന്റെ ഇരുപത്തെട്ടാം പിറന്നാൾ ആയിരുന്നു . കൈപ്പേറിയ കണ്ണീരുമായി മകന്റെ അസാന്നിധ്യത്തിൽ പിറന്നാൾ ദിവസത്തെ പുനർജീവിപ്പിക്കുന്ന ലൗലി എന്ന അമ്മയെ നമുക്കിന്നിവിടെ കാണാം. വർഷങ്ങൾക്കു മുമ്പുള്ള ഒരു രാത്രിയിൽ തന്റെ മകനെ കാണാതായെന്ന വാർത്ത അറിഞ്ഞപ്പോഴും ഇങ്ങനെയൊരു ദിവസത്തെ നേരിടേണ്ടി വരുമെന്ന് ആ അമ്മ കരുതിയിട്ടുണ്ടാവില്ല. നനഞ്ഞൊട്ടിയ കവിളിൽ ഒരു ചെറുപുഞ്ചിരി ഒട്ടിച്ച്,മൺമറഞ്ഞ മകനുവേണ്ടി ആ അമ്മ ഇങ്ങനെ എഴുതി : ” വാവേ ഈ പിറന്നാളും നമ്മൾ ആഘോഷിക്കും.നിന്റെ പുതിയ ലോകത്തിലെ നല്ല സുഹൃത്തുക്കളോടൊപ്പം നീ വരുമെന്ന് പ്രതീക്ഷിക്കുന്നു… ” മകനോടൊപ്പമുള്ള കഴിഞ്ഞുപോയ നിമിഷങ്ങളെ ഓർത്തെടുക്കുകയാണ് ലൗലി . ഓരോ വർഷത്തെയും പിറന്നാൾ ദിവസം ഉത്സവമായി ആഘോഷിക്കാൻ അവൻ കാണിച്ചിരുന്ന ആവേശം എത്രത്തോളമായിരുന്നെന്ന് ലവ്‌ലിയുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാനാകും. കൂടാതെ ഓരോ വർഷത്തിലും രണ്ടു പിറന്നാൾ വീതം ആഘോഷിക്കാൻ അവൻ തിടുക്കം കൂട്ടിയതിനെക്കുറിച്ചും ലൗലി വർഗീസ് ഓർക്കുന്നു. കാരണം ചോദിക്കുമ്പോൾ ഒരു കള്ളച്ചിരിയോടെ “ഐ ആം ടൂ സ്പെഷ്യൽ”എന്ന് പറഞ്ഞ് കണ്ണിറുക്കാറുള്ള പ്രവീണിന്റെ മുഖവും ലൗലി യെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
പത്തൊമ്പതാം വയസ്സിലാണ് പ്രവീൺ വർഗീസ് എന്ന നിയമ വിദ്യാർത്ഥി നമ്മോട് വിട പറഞ്ഞത്. കാർബോണ്ടേലിലെ ബഫല്ലോ വൈൽഡ് വിങ്‌സിനടുത്തുള്ള വനാന്തരങ്ങളിൽ നിന്നും പ്രവീണിന്റെ ചേതനയറ്റ ശരീരം കണ്ടെടുക്കുകയായിരുന്നു. ഇന്നും ആ വനാന്തരങ്ങളിൽ ലവ്‌ലി എന്ന അമ്മയുടെ അലമുറകൾ പ്രതിധ്വനിച്ച് കേൾക്കാനാകും. നഷ്ടബോധങ്ങൾക്കിപ്പുറത്ത് മകന്റെ ഘാതകനു വേണ്ടിയുള്ള പോരാട്ട യാത്രയുമായി ഓരോ രാവും പകലാക്കി ജീവിക്കുന്ന ലൗലിക്ക് ഓർമ്മകൾ നൽകുന്ന ചില കുത്തി നോവിക്കലുകളാണ് ഇവയെല്ലാം – മകനില്ലാത്ത പിറന്നാൾ ദിവസം. ആഘോഷങ്ങളുണ്ട്,ഓർമ്മകളുണ്ട്. എന്നാൽ പുതിയ ഓർമ്മകൾ സമ്മാനിക്കാൻ അവനില്ല. എങ്കിലും ഈ പിറന്നാൾ ദിവസം പ്രവീണിന് വേണ്ടി സന്തോഷത്തോടെ വരവേൽക്കാൻ മനസ്സിനെ പാകപ്പെടുത്തിയിരിക്കുകയാണ് ലൗലി എന്ന അമ്മ. നീതിക്കുവേണ്ടിയുള്ള ഈ അമ്മയുടെ പോരാട്ട യാത്രയ്ക്ക് കരുത്തേകാൻ ഈ പിറന്നാൾ ദിവസവും പ്രവീണിന്റെ അദൃശ്യമായ സാന്നിധ്യം ലവ്‌ലിക്ക് തുണയാകട്ടെ. പ്രവീണിന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളി മനസ്സിന്റെ ഒരായിരം സ്നേഹാശംസകൾ നേരുന്നു.