പ്രയാണം (നോവൽ 2-സാനി മേരി ജോൺ )

sponsored advertisements

sponsored advertisements

sponsored advertisements

30 March 2022

പ്രയാണം (നോവൽ 2-സാനി മേരി ജോൺ )


രു നട്ടുച്ച നേരത്തു കമ്പ്യൂട്ടർ സെന്ററിൽ നിന്നും മടങ്ങി വന്നു വീടിന്റെ ഉമ്മറത്തേക്ക് കയറുമ്പോൾ മമ്മയുടെ ശബ്ദം അടുക്കളയും കടന്നു പുറത്തേക്കു വന്നു.പുറത്തെ ചൂടിനേക്കാൾ പൊള്ളിക്കുന്നവ.
“വന്നോ രാജകുമാരി ..നാള് കുറെയായി അപേക്ഷയും അയച്ചു നടക്കുന്നു. വെറുതെപിന്നെയും കാശു കുറെ കളയാൻ “
മറുപടി ഒന്നും പറഞ്ഞില്ല. ഇതിനെല്ലാം എന്ത് പറയാനാണ് ?അകത്തേക്ക്
നടക്കാൻ തുടങ്ങുമ്പോൾ ഏറ്റവും ഇളയ അനിയത്തി സൂസൻ വന്നു കൈയിൽപിടിച്ചു. പനിയായതിനാൽ അവളിന്നു സ്കൂളിൽ പോയിട്ടില്ല. തൊട്ടു മൂത്ത രണ്ടുസഹോദരിമാരേക്കാൾ സൂസന് ഇഷ്ടം അവളുടെ സാന്ദ്ര സിസ്സിനെയായിരുന്നു. എന്ത്ആജ്ഞാപിച്ചാലും അവൾ മടി കൂടാതെ ചെയ്യും .ആ ബന്ധത്തിൽ മമ്മക്കു പോലുംഅസൂയയുണ്ടെന്നു ചിലപ്പോൾ തോന്നാറുണ്ട് .
“സാന്ദ്ര നിന്നോടാണ് ചോദിച്ചത് ?അയച്ച അപേക്ഷകൾക്കു വല്ല മറുപടിയുമുണ്ടോ?”
“നഴ്സിംഗ് പഠിച്ചാൽ ഉടനെ തന്നെ കുട്ടികൾ ജോലിക്കു കയറും. നീ മാത്രം എന്താഇങ്ങിനെ “
കൈയിൽ കറി ഇളക്കി കൊണ്ടിരുന്ന ചട്ടകവുമായി മമ്മ എത്തി.
മുളകിന്റെയും മല്ലിയുടെയും ചിരപരിചിത ഗന്ധം കൊച്ചു മുറിക്കുള്ളിൽ തങ്ങി.
ചുമ അടക്കി പിടിച്ചാണ് മമ്മക്കു മറുപടി കൊടുത്തത്
ഒന്നും വന്നില്ല മമ്മ .പുതിയ രണ്ടു സ്ഥലത്തേക്ക് കൂടെ അയച്ചിട്ടുണ്ട്.ചെന്നൈ അടക്കം.അവിടെ നല്ല സാലറി ഉണ്ട് .ലോൺ പെട്ടെന്ന് അടച്ചു തീർക്കാം .’ശബ്ദത്തിൽഇനിയൊന്നും കൂടുതലായി ചോദിക്കരുതെന്ന അപേക്ഷ കൂടെ ഉണ്ടായിരുന്നു.
’ഉം.. കൊല്ലം ഒന്ന് ദാ ന്നങ്ങു പോവും. പിന്നെ പലിശയായി ..ജപ്തിയായി. എന്റെ കർത്താവെ.. എനിക്കറിയില്ല. ഇളയത്തുങ്ങളെ കൂടി നോക്കാനുള്ളവളാണ്. തന്തഒന്നുണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം ?’ മമ്മ അടുക്കളയിലേക്കുപോവാൻ തുടങ്ങുമ്പോഴാണ് ആരോ ഗേറ്റ് തുറക്കുന്ന ഒച്ച കേട്ടത്. ഇവിടെ താമസിക്കുന്നവരുടെ മനസ് പോലെ ആ ഗേറ്റും തുരുമ്പിച്ചിരിക്കുന്നു.തുറക്കുമ്പോൾ എന്തൊരൊച്ചയാണ്. ആ ഗേറ്റു തുറന്നു കടന്നാണല്ലോ ഞാനും വന്നത്.അപ്പോഴില്ലാത്ത ശബ്ദം? ഒരുപക്ഷെ , എന്റെ മനസിനേക്കാൾ ഉറക്കെ കരയാൻഅതിനു സാധിക്കില്ലായിരിക്കും.
പച്ച സാരിയിൽ കടന്നു വന്നത് മമ്മയുടെ കൂട്ടുകാരി സെലിൻആന്റിയാണ്.അവരുടെ മകൾ ലീനയും ഞാനും ഒന്നിച്ചാണ് നഴ്സിംഗ് പൂർത്തിയാക്കിയത്.നാട്ടിൽ ഇപ്പോഴെല്ലാവരും ബി എസ്സി നഴ്സിംഗ് ചെയ്യുന്നവരാണ്. ജനറൽ നഴ്സിംഗ് കഴിഞ്ഞവരെ അന്യ നാട്ടുകാർക്ക് മതി. അങ്ങിനെ ഞാനും ലീനയുമെല്ലാം സ്വന്തം നാട്ടിൽ വിലയില്ലാത്തവരായി .
കുറച്ചു നാൾ മുന്നേ ലീനയെ അവളുടെ ഡാഡിയുടെ സഹോദരി
ഡൽഹിയിലേക്കു കൊണ്ട് പോയി .എന്തെങ്കിലും സാഹചര്യം ഒത്താൽ അവൾ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. ഒരു പക്ഷെ ആന്റി അത് വല്ലതും പറയാനാവുമോ വന്നത് .
ഓരോ പ്രാവശ്യവും അവൾ ഫോൺ ചെയ്യുമ്പോഴും ആന്റി കടന്നു
വരുമ്പോഴും പ്രതീക്ഷയുടെ കനലുകൾ ആളിക്കത്തും, ഇത്തവണയും അത് തന്നെസംഭവിച്ചു.
“നീയോ സെലീന .. നീയിരിക്കു. ഞാൻ ആ കറി ഒന്നിറക്കി വെച്ചേച്ചു ദേ
വന്നു. “മമ്മ പോയപ്പോൾ ആന്റി ഉമ്മറത്തെ കസേരയിൽ ഇരുന്നു. കാലിളകിയകസേരയിൽ ആരെങ്കിലും ഇരിക്കുന്നത് കാണുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടും.
എന്നാണ് ഈ ദാരിദ്ര്യം മാറുന്നത് ? കർത്താവിനറിയാം . സൂസന്റെ വലിയ ആഗ്രഹമാണ് അവളുടെ കൂട്ടുകാരിയുടെ വീട്ടിലെ പോലെ ചുവന്ന നിറത്തിലെസോഫയും അതെ നിറത്തിലെ പരവതാനിയും കൊണ്ട് ഇരിപ്പു മുറിഅലങ്കരിക്കണമെന്നു. അതിനെല്ലാം വലിയ വീട് വെക്കട്ടെയെന്നു പറഞ്ഞുഅവളെ ആശ്വസിപ്പിക്കും. രണ്ടു പേർക്ക് നേരെ ചൊവ്വേ നിന്ന് തിരിയാനിടമില്ലാത്തിടത്തു എന്തിനാ അലങ്കാരങ്ങൾ?
“അവൾ പോട്ടെ.. പോയി കറി ഇറക്കട്ടെ “ആന്റി ചിരിച്ചു.
“എനിക്ക് പറയാനുള്ളതു നിന്നോടാണ് സാന്ദ്ര “.
പ്രതീക്ഷ കപ്പൽ കയറി തുടങ്ങി.. ഡൽഹിയിൽ ഏതെങ്കിലും ആശുപത്രിയിൽ ലീനചാൻസ് ഒപ്പിച്ചു കാണും. ജീസസ് ,ഇനി അവിടെ വരെ പോവാനുള്ള ടിക്കറ്റ് തുകക്ക്എന്ത് ചെയ്യും ? കടം വാങ്ങാത്ത പരിചയക്കാരില്ലെന്നുള്ളതാണ് സത്യം. ഒരു നേരം
പോലും സ്വസ്ഥത തരാത്ത മനസ് വീണ്ടും ആവലാതിപ്പെട്ടു തുടങ്ങി .
“എന്താ ആന്റി ലീനയുടെ ഫോൺ വല്ലതും “ആകാംഷ അടക്കി വെക്കാൻ കഴിയാതെചോദിച്ചു.
“അവൾ ഒന്നിരാടം വിളിക്കും. ഓ, അവിടെ അവളുടെ കാര്യങ്ങൾ തന്നെ
ബുദ്ധിമുട്ടിലാണ്. “
നെടുവീർപ്പോടെ അവരെ നോക്കി. പിന്നെ എന്താണോ ആന്റിക്ക് പറയാനുള്ളത്?
അത്ര നേരം കത്തി നിന്ന ദീപ നാളം അപ്രതീക്ഷിതമായ കാറ്റിൽ അണഞ്ഞത് പോലെ,
കണ്ണുകളിലെ പ്രതീക്ഷയുടെ കനലണഞ്ഞത് ആന്റി ശ്രദ്ധിച്ചു കാണും.
“ഇതു വേറൊരു കാര്യമാ സാന്ദ്രാ.. നീ തെക്കേ വീട്ടുകാരെ കുറിച്ച് കേട്ടിട്ടിലെ ? അല്ല,അവരെ കുറിച്ച് കേൾക്കാത്തവർ ആരാണുള്ളത് ?”
ആന്റി തന്നെ ചോദ്യത്തിന് മറുപടിയും പറഞ്ഞു .
നഴ്സിംഗ് പഠിച്ച ആശുപത്രിക്കടുത്തായിരുന്നു തെക്കേ വീട്. ആശുപത്രിയിലേക്കുള്ള
പോക്കു വരവിൽ ആ വീടിന്റെ വലിയ മതിൽക്കെട്ട് കാണാറുണ്ട്. വല്ലപ്പോഴുംതുറന്നിടുന്ന ഗേറ്റിലൂടെ വലിയ വീടിന്റെയും പൂന്തോട്ടത്തിന്റെയും കാഴ്ചകൾകണ്ടിട്ടുണ്ടെങ്കിലും ഗേറ്റിലൂടെ കടന്നു പോവുന്ന പല നിറത്തിലുള്ള വണ്ടികളിൽഇരിക്കുന്നവരുടെ മുഖം ഒരിക്കൽ പോലും കാണാൻ സാധിച്ചിട്ടില്ല. ശ്രമിച്ചിട്ടില്ലഎന്നതാവും ശരി. അവർക്കെന്റെ കാഴ്ചപ്പാടിൽ ഒരു മുഖമേയുള്ളു.അഹങ്കാരത്തിന്റെ മുഖം.
ജോലിയുടെ കാര്യമല്ലെന്നറിഞ്ഞപ്പോൾ നീരസത്തോടെ മൂളി. തെക്കേ വീട്ടിൽഎനിക്കെന്താണോ കാര്യം ?
“ അവിടത്തെ ആയമ്മയുടെ രണ്ടാമത്തെ മകൾ രേവതിയുടെ പ്രസവം കഴിഞ്ഞു.പ്രസവിച്ചു കിടക്കുന്ന പെണ്ണിന്റെ നോക്കാൻ ഒരാളെ വേണം. നല്ല പൈസ തരും..അല്ല,അവർക്കാണോ കാശിനു ബുദ്ധിമുട്ടു ? വൃത്തീം വെടിപ്പുമുള്ള ആരേലുമുണ്ടോസെലീന എന്ന് ആയമ്മ ചോദിച്ചപ്പോൾ എന്താണെന്ന് അറിയില്ല എന്റെ മനസ്സിൽആദ്യം വന്നത് നിന്റെ മുഖമാണ്. നിന്നോട് ചോദിച്ചിട്ടാവാം ഇനി വേറെ ആരെയുംഅന്വേഷിക്കുന്നത്”
ആന്റി നിർത്തിയപ്പോൾ വിശ്വസിക്കാനാവാതെ അവരെ തന്നെ നോക്കി നിന്നു .
“അല്ല, എത്ര രൂപ ശമ്പളം കിട്ടും ??” മമ്മ അടുക്കളയിൽ നിന്നെത്തി. ജനറൽ നഴ്സിംഗ്കഴിഞ്ഞ ആളോടാണോ ഹോം നഴ്സിന്റെ പണി ചെയ്യാൻ പറയുന്നത് ? മമ്മയോട്നീരസം തോന്നി. ചില നേരത്തു മമ്മ ആലോചനയില്ലാതെ ചാടി വീഴും.
“നിങ്ങള്ക്ക് നല്ലത് വരാനല്ലേ ഞാൻ നോക്കു എൽസി. “ആന്റി മമ്മയുടെ മുഖത്തേക്ക്നോക്കി ചിരിച്ചു. “ സാധാരണ ഈ പണിക്കു പോവുന്ന പെണുങ്ങൾക്കു പത്തുംപന്ത്രണ്ടുമാണ് കിട്ടുന്നത്. ഞാൻ സാന്ദ്രയുടെ പഠിപ്പും കാര്യങ്ങളും പറഞ്ഞു പതിനഞ്ചു ചോദിച്ചു വെച്ചിട്ടുണ്ട്. ഇനി അതിൽ കൂടുതൽ ചോദിച്ചാലും കിട്ടും.അവർ അങ്ങിനെ കാശിന്റെ കാര്യം പറഞ്ഞു ഞഞ്ഞാ പിഞ്ഞാ പറയുന്നവരല്ല .”
മമ്മയുടെ മുഖം തെളിഞ്ഞു.
“കർത്താവെ .. പതിനയ്യായിരം രൂപയോ ? നേരാണോ “
മമ്മ പ്രതീക്ഷയോടെ എന്നെ നോക്കി. ശമ്പളം കേട്ടതും എനിക്കും താല്പര്യമായി .ഒരുമാസത്തോളമായി മമ്മയുടെ കുത്തു വാക്കുകളും കേട്ട് വീട്ടിൽ വെറുതെയിരിക്കുന്നു.
പല ആശുപത്രീകളും വളരെ കുറഞ്ഞ തുകയാണ് പ്രതിഫലംനൽകുന്നത്. അതെല്ലാംവെച്ച് നോക്കുമ്പോൾ വീടിനടുത്തു ഇത്രയധികം തുകക്കൊരു ജോലി.

“ഞാൻ പോകാം ആന്റി.. പക്ഷെ ഇതിനിടയിൽ ജോലി വല്ലതും
കിട്ടിയാൽ..പലയിടത്തും അപേക്ഷകൾ അയച്ചിട്ടുണ്ട്…
പൂർത്തിയാക്കുന്നതിനു മുന്നേ ആന്റി പറഞ്ഞു

“അപ്പോഴേക്കും നമുക്ക് വേറെ ആളെ
നോക്കാം കൊച്ചെ.ആദ്യം നിന്റെ കാര്യം നടക്കട്ടെ. നീയും ലീനയും എനിക്ക്
വ്യത്യാസമുണ്ടോ? അതുമല്ല നിന്റെ മമ്മയുടെ പരാതി ദിവസവും എന്നോടല്ലേ ?”
ലോൺ അടക്കാൻ ഒരു വഴിയായി. കർത്താവിനു സ്തുതി " ആശ്വാസത്തിന്റെപുഞ്ചിരി അണിഞ്ഞ് മമ്മ ആന്റിക്ക് ചായയെടുക്കാൻ അടുക്കളയിലേക്കു നടന്നു.
തിരികെ വന്നപ്പോൾ ബോണസായി എനിക്കുമുണ്ട് ആന്റിക്കൊപ്പം കട്ടൻ ചായ.സ്വന്തം വീട്ടിൽ നിമിഷനേരത്തിനുള്ളിൽ ഞാൻ വി ഐ പി യായി മാറുന്നു .രാത്രി പപ്പ വന്നപ്പോഴും മമ്മ സന്തോഷ വാർത്ത അറിയിച്ചു. പപ്പ അന്നും നന്നായി……മദ്യപിച്ചിട്ടാണ് വന്നത്. പാതി വെളിവിൽ പപ്പ ചിരിച്ചു. തലയിൽ തലോടി. പിന്നെതാഴെ വിരിച്ചിരുന്ന പായിൽ കിടന്നുറങ്ങുന്ന സൂസന്റെ അടുക്കൽ കിടന്നു.
വീട്ടിലെ സന്തോഷങ്ങളും ദുഖങ്ങളും പപ്പയെ ബാധിക്കാതെ ആയിട്ട്
എത്രയോ നാളുകളായി. അൽപ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ
കൊച്ചു വീടിന്റെ ചുമരുകൾ കുലുക്കി ഉണർത്തി പപ്പയുടെ കൂർക്കം വലിയും ഉയർന്നു.
കണ്ടു നിന്ന മമ്മപതിവ് പോലെ ശപിച്ചു
കാലമാടൻ ..എന്ന് കുടി നിർത്തുന്നോ അന്നേ ഈ കുടുംബം നേരേയാവു
സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുകളും കൂട്ടിക്കെട്ടി ഞാനും ഉറങ്ങാൻ കിടന്നു..
എന്റെ സ്വപ്നങ്ങളിൽ തെക്കേ വീടും അവിടുത്തെ നല്ലവരായ ആളുകളും
നിറഞ്ഞു.
സ്വപ്നങ്ങൾ സുന്ദരങ്ങളാണ്! പക്ഷെ ജീവിതം..?
അത് നമ്മൾ ആശിക്കുന്നതിലും സ്വപ്നം കാണുന്നതിൽ നിന്നുമെല്ലാം എത്ര
അകലെയാണ്. ***

“അങ്ങ് എന്റെ ദീപം കൊളുത്തുന്നു.എന്റെ ദൈവമായ കർത്താവ് , എന്റെ
അന്ധകാരം അകറ്റുന്നു. “സങ്കീർത്തനങ്ങൾ18:28

സാനി മേരി ജോൺ