പ്രീതി ആമി:ചുവർച്ചിത്രകലയുടെ ഏറ്റവും ഇളയ പ്രണയിനി (വിജയ്.സി.എച്ച് )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


8 May 2022

പ്രീതി ആമി:ചുവർച്ചിത്രകലയുടെ ഏറ്റവും ഇളയ പ്രണയിനി (വിജയ്.സി.എച്ച് )

എണ്ണൂറു വർഷത്തെ പ്രാചീനതയെങ്കിലുമുള്ള കേരള ചുവർച്ചിത്രകലയുടെ ഏറ്റവും ഇളയ പ്രണയിനി ആയിരിയ്ക്കാം പ്രീതി ആമി. മ്യൂറൽ പെയ്ൻ്റിങ്ങിൻ്റെ തുടക്കമെങ്ങനെ എന്നറിയാൻ രാജ്യത്തെ അതിൻ്റെ പുരാതന സങ്കേതങ്ങളായ അജന്താ, എല്ലോറാ ഗുഹാ ക്ഷേത്രങ്ങളോ, അർമ്മാ മലയിലെ ജൈൻ വിഹാരമോ, സിത്താന വാസൽ സ്മാരകമോ, മഹാബലിപുരത്തെ ശിലാശില്പങ്ങളോ ഒരിക്കൽ പോലും ആമി സന്ദർശിച്ചിട്ടില്ല. എന്നിരുന്നാലും, ഈ കണ്ണൂർക്കാരി ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു! അതെങ്ങനെ? നമുക്ക് യുവ ചിത്രകാരിയോട് തന്നെ ചോദിക്കാം:

റെയിൽവേ-വിജിലൻസ് കലണ്ടറിൽ
ഇന്ത്യൻ റെയിൽവേയും, സെൻട്രൽ വിജിലൻസ് കമ്മീഷനും സംയുക്തമായി അഖിലേന്ത്യാ തലത്തിൽ ഒരു പോസ്റ്റർ ചിത്ര രചനാ മത്സരം നടത്തുന്നുണ്ടെന്ന വിവരം മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു. ചിത്രത്തിൻ്റെ പ്രമേയം Eradicate Corruption — Build A New India എന്നതായിരിക്കണമെന്ന് അവർ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രം റെയിൽവേയുടെയും, വിജിലൻസിൻ്റെയും കലണ്ടറുകളിൽ അച്ചടിയ്ക്കുമെന്നതായിരുന്നു ഏറ്റവും ആകർഷകമായ ഓഫർ! രാജ്യത്തിൻ്റെ സകലയിടത്തുമെത്തുന്ന കലണ്ടറിൽ ഒരു സ്ഥാനം എന്നതിനേക്കാൾ വലിയൊരു പ്രതിഫലമുണ്ടോ! ലക്ഷക്കണക്കിൽ ടേബ്ൾ കലണ്ടറുകളും ചുമർ കലണ്ടറുകളുമാണ് അവർ വർഷം തോറും പുറത്തിറക്കുന്നത്. കലണ്ടറിൽ ഫോട്ടോകൾക്കു പകരം പെയ്ൻ്റിങ്ങുകൾ ഉപയോഗിച്ചവരിൽ പ്രമുഖരാണ് ഇന്ത്യൻ റെയിൽവേസ്. ഇത്രയും കോപ്പികൾ നിർമ്മിച്ചിറക്കുന്ന മറ്റൊരു സ്ഥാപനവും രാജ്യത്തില്ലതാനും. മ്യൂറലാണ് എനിക്കേറ്റവും ഇഷ്ടമുള്ള വരയെങ്കിലും, അഴിമതി രഹിത ഇന്ത്യ എന്ന വിഷയം അതിൽ വിഭാവനം ചെയ്യുവാൻ കഴിയുമായിരുന്നില്ല. സമകാലിക സംഭവങ്ങൾ മറ്റെല്ലാ ആലേഖ്യ ശാഖകളിലും വിഷയീകരിക്കാമെങ്കിലും, പൗരാണികതയില്ലാത്തത് ചുവർചിത്രവുമായി ഇണങ്ങില്ലല്ലൊ. ഏതായാലും, ആലോചനക്കൊടുവിൽ, ഒരു ഏകദേശ രൂപം മനസ്സിൽ തെളിഞ്ഞുവന്നു. രാജ്യത്തെ രാഷ്ട്രീയക്കാർ, ഭരണചക്രം ചലിപ്പിക്കുന്ന ഉദ്യോഗസ്ഥർ, നിയമപാലകർ, അഭിഭാഷകർ തുടങ്ങിയവർ കൈകോർത്തു പ്രവർത്തിച്ചാൽ ഇന്ത്യയെ അഴിമതിരഹിത രാജ്യമാക്കി മാറ്റാമെന്ന സന്ദേശം ഞാ൯ ചിത്രീകരിച്ചു. ഡെൽഹിയിൽ വെച്ചായിരുന്നു മത്സരം. മഹാമാരിക്കാലമായതിനാൽ, എൻ്റെ വർക്ക് പോസ്റ്റലായി അയച്ചുകൊടുത്തു. സത്യം പറഞ്ഞാൽ, എൻ്റെ ചിത്രം ഒന്നാമതാവുമെന്ന് കരുതിയിട്ടേയില്ലായിരുന്നു! മൊത്തം 6750 എൻട്രികൾ മത്സരത്തിന് എത്തിയിരുന്നെന്ന് ഫലപ്രഖ്യാപത്തിനു ശേഷമിറങ്ങിയ ബുള്ളറ്റിനിൽ അവർ പ്രസിദ്ധീകരിച്ചിരുന്നു. എനിയ്ക്ക് പ്രശംസാപത്രവും, കേഷ് പ്രൈസും അവർ അയച്ചു തന്നു. റെയിൽവേ-വിജിലൻസ് കലണ്ടറിൽ പടവുമായെത്തിയ പ്രഥമ മലയാളി എന്നുകൂടി കേട്ടപ്പോൾ അഭിമാനം തോന്നി. ഞാൻ അത്ര സംസാരപ്രിയ അല്ലാത്തതിനാൽ, നേട്ടങ്ങളുടെ കഥയൊന്നും പരക്കെ പങ്കുവെക്കാറില്ല. അയൽക്കാർ പോലും ഇതൊന്നും അറിഞ്ഞു കാണുകയുമില്ല. പക്ഷെ, കൂടുതൽ ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാൻ ഈ വിജയം പ്രചോചദനമായി. കഴിഞ്ഞ ഓഗസ്റ്റിൽ ഡൽഹിയിൽ വെച്ചു നടന്ന ഇന്ത്യൻ ആർട്ട് കൺടെസ്റ്റിൽ എൻ്റെ വരകൾ മികച്ചതെന്ന് വിലയിരുത്തപ്പെട്ടു. മ്യൂറൽ പെയ്ൻ്റിങ്സാണ് ഞാൻ മത്സരത്തിന് അയച്ചത്. എൻ്റെ മ്യൂറലുകൾ അവിടെ ഇപ്പോഴും പ്രദർശനത്തിൽ തുടരുന്നു. ഇനി എൻ്റെ ചിന്തകളിൽ ചുവർചിത്രങ്ങൾ മാത്രമേയുള്ളൂ. അതാണെൻ്റെ ലഹരി. മ്യൂറലുകൾക്കു വേണ്ടിയാണ് വരാനിരിയ്ക്കുന്ന എൻ്റെ ദിനരാത്രങ്ങൾ.

മ്യൂറലിൻ്റെ ക്രാഫ്റ്റ്
ചുവർച്ചിത്രകലയുടെ വർണക്കൂട്ടുകളും, വരയ്ക്കാൻ തിരഞ്ഞെടുക്കുന്ന പ്രതലങ്ങളും, ഉപയോഗിക്കുന്ന ബ്രഷുകളും എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്. പൊന്നാനിയിലുള്ള തൻ്റെ കരിവാട്ടുമനയുടെ ചുവരുകളിൽ, അടുപ്പിൽ നിന്ന് എടുത്തു കൊണ്ടുവന്ന കരിക്കട്ടകൾ ഉപയോഗിച്ച്, ആർട്ടിസ്റ്റ് നമ്പൂതിരി വരയുടെ ബാലപാഠം പഠിച്ച കഥകൾ, എവിടയോ വായിച്ചത് ചിലപ്പോൾ ഓർമ്മയിലെത്തും. ആ കരിക്കട്ടകൾ, ആ മനയുടെ ചുവരുകളിൽ എത്ര മനോഹരമായ പെണ്ണുങ്ങളെയും ആണുങ്ങളെയുമാണ് വരച്ചിട്ടിട്ടുണ്ടാവുക! രേഖാചിത്രങ്ങൾക്കു പകരം, ചുവർചിത്രങ്ങളാണ് അദ്ദേഹം വരച്ചിരുന്നതെങ്കിൽ, ‘നമ്പൂതിരിയുടെ പെണ്ണുങ്ങളും’, ‘നമ്പൂതിരിയുടെ ആണുങ്ങളും’ എത്ര സുന്ദരീസുന്ദരന്മാരാകുമായിരുന്നു എന്ന് ചിന്തിച്ചുപോകാറുണ്ട്! ചുവർച്ചിത്ര രചനയ്ക്ക് ഉപയോഗിക്കുന്നത് പഞ്ചവർണ്ണങ്ങളാണ്. കാവിമഞ്ഞ, കാവിച്ചുവപ്പ്, പച്ച, വെളുപ്പ്, കറുപ്പ് എന്നീ അഞ്ച് അടിസ്ഥാന നിറങ്ങളാണവ. പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ചുള്ള ആവിഷ്കാരമാണ് ചുവർച്ചിത്ര രചനയുടെ പരമ്പരാഗത രീതി. അതിനായി അനുയോജ്യമായ കല്ലുകൾ അരച്ചു കാവി മഞ്ഞയും, കാവിച്ചുവപ്പും ചായങ്ങൾ നിർമ്മിക്കുന്നു. നീല അമരിച്ചെടിയിൽ നിന്നു നീലപ്പച്ചയും, എണ്ണക്കരിയിൽനിന്നു കറുപ്പും, ചുണ്ണാമ്പിൽ നിന്നു വെളുപ്പും തയ്യാറാക്കാം. വരയ്ക്കാനുള്ള ചുവർ, അല്ലെങ്കിൽ പ്രതലം, തയ്യാറാക്കുകയെന്നത് ഈ രചനാരീതിയിൽ നിർണ്ണായകമായൊരു സംഗതിയാണ്. വരയ്ക്കാൻ തിരഞ്ഞെടുത്ത ചുവരിൽ കുമ്മായം തേച്ചതിനുശേഷം, കുമ്മായത്തെളി പൂശണം. അതിനു മുകളിലാണ് ചിത്രങ്ങൾ വരയ്ക്കേണ്ടത്. ആദ്യം ബാഹ്യ രേഖകൾ മഞ്ഞയോ ചുവപ്പോ കൊണ്ടു രേഖപ്പെടുത്തുന്നു. പിന്നീടാണ് ചിത്രത്തിൻ്റേതായ നിറങ്ങൾ നൽകുന്നത്. കഴിഞ്ഞ കാലങ്ങളിൽ എയ്യാം പുല്ലിൻ്റെ തുമ്പുകൾ കൊണ്ടു നിർമ്മിച്ച തൂലികകൾ വരയ്ക്കാൻ ഉപയോഗിച്ചിരുന്നു. എന്നാൽ, ഇന്ന് വിപണിയിൽ നാച്ചുറൽ ബ്രഷുകളും, സിന്തറ്റിക് ബ്രഷുകളും ധാരാളം ലഭ്യമാണ്. അനുയോജ്യമായവ തിരഞ്ഞെടുക്കണമെന്നു മാത്രം.

ബിന്ദുജം, രേഖികം, പത്രകം…
മ്യൂറലിലെ ഓരോ രൂപത്തിനും ശാസ്‌ത്രീയമായ അളവുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതു പ്രകാരം രേഖാചിത്രം വരയ്ക്കുന്നു. ആഭരണങ്ങൾക്ക് ചായം കൊടുത്താണ് തുടക്കം. ചായം പലതവണ മേല്കുമേൽ പിടിപ്പിച്ചാണ് ചിത്രങ്ങൾക്കു മിഴിവ് നൽകുന്നത്. കുത്തുകൾ ഇട്ടു കൊണ്ടുള്ള ബിന്ദുജം, ഒരേ ദിശയിൽ രേഖകളിട്ട് ചെയ്യുന്ന രേഖികം, നേരെയും കുറുകെയും വരയ്ക്കുന്ന പത്രകം തുടങ്ങിയ ഷേഡിങ്ങുകളാണ് മ്യൂറലി൯്റെ മൗലികമായ രചനാരീതി. നിറം കൊടുത്തു കഴിഞ്ഞാൽ കറുപ്പ് രേഖകൾ കൊണ്ട് മഷിയെഴുതി ചിത്രം പൂർത്തിയാക്കുന്നു. അവസാനമായി ചിത്രത്തിലെ രൂപത്തിന് കണ്ണുകൾ (കൃഷ്ണമണി) വരച്ചു പൂർണമാക്കുന്നു. ഇതിനെ ‘ഉന്മീലനം’ അല്ലെങ്കിൽ, മിഴി തുറക്കൽ എന്നു പറയുന്നു.

ചുവരിനു പകരം കേൻവാസ്സ്
ഇക്കാലങ്ങളിൽ ആവിഷ്കാരത്തിനുള്ള പ്രതലം ചുവരിനു പകരം കേൻവാസ്സായി മാറിക്കൊണ്ടിരിക്കുന്നു. കേൻവാസ്സിൽ വരച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്തു തൂക്കി ചുവരുകളും ഭിത്തികളും അലങ്കരിക്കുന്ന രീതിയാണ് ഇന്ന് പൊതുവെ കണ്ടുവരുന്നത്. സൗകര്യമുള്ള ഏതു സ്ഥലത്തു വെച്ചും കേൻവാസ്സിൽ ചുവർച്ചിത്രം വരയ്ക്കാം. എന്നാൽ വരയ്ക്കാനുള്ള സൗകര്യം മാത്രമല്ല ഈ പ്രവണതയ്ക്കു കാരണം. പ്രകൃതിദത്തമായ ചായങ്ങളുടെ ദൗർലഭ്യം മറ്റൊരു പ്രധാന ഹേതുവാണ്. കേൻവാസ്സാണ് പ്രതലമെങ്കിൽ, പ്രകൃതിയിൽ നിന്നു ലഭിക്കുന്ന ചായങ്ങൾക്കു പകരം, വിപണിയിൽ യഥേഷ്ടം ലഭ്യമായ ആക്രിലിക് പെയിൻ്റുകൾ ഉപയോഗിക്കാമല്ലൊ. കാലങ്ങളോളം കേടുകൂടാതെയും പ്രസരിപ്പോടെയും നിലകൊള്ളണമെങ്കിൽ, മ്യൂറൽ രചനയ്ക്ക് ഗുണനിലവാരമുള്ള പെയിൻ്റ് ബ്രാൻഡുകൾ നിർബന്ധമാണ്. വര പൂർത്തിയായതിനു ശേഷം ചിത്രങ്ങൾ വാർണിഷ് ചെയ്തു സംരക്ഷിക്കുകയും വേണം.

നൂറോളം വിഷയങ്ങൾ
ഇതിനകം നൂറോളം വിഷയങ്ങൾ ആവിഷ്കരിക്കാൻ കഴിഞ്ഞു. എല്ലാ മ്യൂറലുകളും ധ്യാന ശ്ലോകം അടിസ്ഥാനമാക്കിയാണ് വരച്ചത്. സൃഷ്ടികൾ മറ്റു ഭവനങ്ങളുടെ ചുവരുകളിൽ നിറഞ്ഞു നിൽക്കുന്നതു കാണുമ്പോൾ അനുഭൂതി അലയടിക്കുന്നു! ‘രാധാമാധവ’മാണ് ഗൃഹങ്ങൾക്കു വേണ്ടി ഏറ്റവുമധികം വരച്ച വിഷയം. രാധയും കൃഷ്ണനും പ്രകൃതിയും ചേരുന്ന പ്രണയമാണ് ഇതിൽ ചിത്രീകരിക്കുന്നത്. മുപ്പതിൽ പരം ‘രാധാമാധവം’ ഇതു വരെ വരച്ചു. ഗണേശ ചിത്രങ്ങളാണ് രണ്ടാമത്. ബാലഗണപതി, കൊട്ടാരക്കര ഗണപതി, മള്ളിയൂരിലെ ഗണപതി-ഉണ്ണിക്കണ്ണൻ മുതലായവ. വരച്ചതിൽ ഏറ്റവും വലുത് ‘ഗോപികാവല്ലഭ’മാണ്. അറുപതു ചതുരശ്ര അടി കേൻവാസ്സിൽ (12×5 അടി) വൃന്ദാവനവും, കൃഷ്ണനും, ഗോപികമാരും, പശുക്കിടാവും, മാനും, മയൂരങ്ങളുമെല്ലാം ഈ മ്യൂറലിനെ അത്യാകഷർഷകമാക്കുന്നു. ശ്രീബുദ്ധൻ, ശിവകുടുംബം, മാതാ യശോധ, ഉരൽ ബന്ധിതൻ ഉണ്ണികൃഷ്ണൻ, കാളിയമർദ്ദനം, ഗീതോപദേശം എന്നിങ്ങനെ ആ പട്ടിക തുടരുന്നു. കഥകളിയും, കളരിപ്പയറ്റും, തെയ്യവും, തിറയും, ഓട്ടൻതുള്ളലും, നങ്യാർ കൂത്തും, വള്ളംകളിയും, തൃശൂർ പൂരവും, അപൂർവ്വമായ പ്രകൃതി ദൃശ്യങ്ങളും മുതൽ യേശുവും പന്ത്രണ്ടു ശിഷ്യന്മാരും ചേർന്നുള്ള അന്ത്യ അത്താഴം (The Last Supper) വരെ എൻ്റെ കേൻവാസ്സുകളിൽ ഇടം നേടിയിട്ടുണ്ട്.

വിറ്റഴിഞ്ഞ മ്യൂറലുകൾ
നാട്ടിലുള്ളവർക്കാണ് കൂടുതൽ മ്യൂറലുകൾ വിൽക്കപ്പെടുന്നതെങ്കിലും, വിദേശ രാജ്യങ്ങളിലും മ്യൂറൽ പ്രേമികൾ ധാരാളമുണ്ട്. മെൽബോണിലുള്ള (ഓസ്ട്രേലിയ) ഒരു കലാസ്നേഹി എൻ്റെ ‘ഗോൾഡൻ ബുദ്ധ’യും, ‘രാധാമാധവ’വും തേടിയെത്തി. ഓസ്ട്രിയക്കാരൻ്റെ ഓഡർ ‘The Last Supper’-ന് ആയിരുന്നു. ‘ഗോപികാവല്ലഭ’മായിരുന്നു UAE-ക്കാരന് വേണ്ടത്. കൂടാതെ, USA, UK, ബഹ്റൈൻ, ഓമാൻ മുതലായ രാജ്യങ്ങളിലേക്കും മ്യൂറലുകൾ അയച്ചു കൊടുത്തിട്ടുണ്ട്. ഗ്ലോബൽ ഓൺലൈൻ മാർക്കറ്റ് പ്ലേറ്റുഫോമുകളായ Gallerist, Etsy മുതലായവ വഴിയാണ് വിപണനം നടക്കുന്നത്. പെയിൻ്റിങ്ങുകൾ റോൾ ചെയ്തു ഭദ്രമായി പേക്ക് ചെയ്താണ് അയക്കുന്നത്. മ്യൂറൽ വർക്കുകൾക്ക് വിദേശികൾ നല്ല വില തരുന്നതുകൊണ്ടാണ് ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിയുന്നത്. നിലവാരമുള്ള കേൻവാസ്സിനും, പെയ്ൻ്റ് ട്യൂബുകൾക്കും, ബ്രഷുകൾക്കും അമിത വിലയാണ്. ‘ഗോപികാവല്ലഭം’ വരയ്ക്കാനുള്ള 12×5 കേ൯വാസ്സിന് ഏഴായിരം രൂപയാണ് ചുരുങ്ങിയ വില.

സ്വപ്‌നങ്ങൾ
മലയാളസാഹിത്യത്തിലെ അനശ്വര കാവ്യങ്ങളെ ചുമർച്ചിത്രങ്ങളിൽ ആവിഷ്കരിക്കുന്നതാണെൻ്റെ വലിയ സ്വപ്നം. ഞാൻ ഇപ്പോൾ അതിൻ്റെ പ്രാഥമികമായ തയ്യാറെടുപ്പുകളിലാണ്. ഒരു സോളോ എക്സിബിഷനുള്ള ഒരുക്കങ്ങൾക്കിടയിലാണ് മഹാമാരി എത്തിയത്. പ്രദർശനത്തിനുള്ള വരകളും പണിപ്പുരയിൽ നടന്നുകൊണ്ടിരിക്കുന്നു. മ്യൂറലിനൊപ്പം, റിയലിസ്റ്റിക്, മോഡേൺ, നൈഫ് വർക്കുകളും ചെയ്തു വരുന്നു. എല്ലാ തരം ചിത്രങ്ങളും നിറഞ്ഞിരിയ്ക്കുന്നൊരു അർട്ട്ഗാലറിയ്ക്ക് എന്തു ചേലായിരിയ്ക്കും!

കുടുംബ പശ്ചാത്തലം


കണ്ണൂർ ജില്ലയിലെ മയ്യിൽ സ്വദേശിനിയാണ് ഞാൻ. ശ്രീപദ്മത്തിൽ പദ്മനാഭൻ ആചാരിയുടെയും, നൃത്താധ്യാപികയായ ശ്രീമതി ടീച്ചറുടെയും മകൾ. ഒരു ചേട്ടനും, രണ്ടു ചേച്ചിമാരുമുണ്ട്. മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിലും, കണ്ണൂർ യൂണിവേഴ്സിറ്റിയിലുമായിരുന്നു പഠനം. ഫങ്ഷണൽ ഇംഗ്ലീഷിൽ ബിരുദവും, ഏവിയേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ടെങ്കിലും, പ്രണയം ചുവർച്ചിത്രങ്ങളോടു തന്നെ! കണ്ണൂർ വേങ്ങാട് സ്വദേശിയും, കൊച്ചിൻ റീഫൈനറിയിൽ സേഫ്റ്റി ഓഫീസറുമായ ജിജീഷ് കിഴക്കയിൽ ഭർത്താവ്. ചിത്ര രചനയിൽ എനിയ്ക്ക് ഏറ്റവും വലിയ പിന്തുണയും പ്രോത്സാഹനവും നൽകുന്നത് ചിത്രകാരൻ കൂടിയായ ജിജീയേട്ടനാണ്.

വിജയ്.സി.എച്ച്