കഥയെഴുതുക എന്നുള്ളത് ഒരു കടമയാണ്, വായനക്കാരനോടും അവനവനോടുമുള്ള കടമ:പ്രീതി രഞ്ജിത്ത് (കഥകളുടെ ഉറവിടങ്ങൾ )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 July 2022

കഥയെഴുതുക എന്നുള്ളത് ഒരു കടമയാണ്, വായനക്കാരനോടും അവനവനോടുമുള്ള കടമ:പ്രീതി രഞ്ജിത്ത് (കഥകളുടെ ഉറവിടങ്ങൾ )

അനിൽ പെണ്ണുക്കര

വായനക്കാരെ മടുപ്പിക്കാതെ അവരെ ഓരോ വരികള്‍ക്കൊപ്പം നയിക്കുന്ന കഥയെഴുതുക എന്നുള്ളത് ഒരു കടമയാണ്, വായനക്കാരനോടും അവനവനോടുമുള്ള കടമ!

നമുക്കുചുറ്റും എത്രമാത്രം കഥകളാണ്. യാഥാർത്ഥ്യവും അയഥാർത്ഥ്യവും ചേർന്ന് എത്ര കഥക്കുഞ്ഞുങ്ങളെയാണ് ഓരോ നിമിഷങ്ങളിലും പ്രസവിച്ചു കൂട്ടുന്നത്. അത്രമേൽ കഥകൾ ഭൂമിയിൽ വ്യാപിച്ചു കിടക്കുമ്പോൾ അവ തുന്നിക്കൂട്ടുക എന്നുള്ളത് കഥാകാരന്റെ ദൗത്യമാണ്. അത്തരത്തിൽ കഥകളെ ചേർത്തു വെക്കാനുള്ള മുഖത്തിന്റെ ശ്രമമായ ലോക മലയാള കഥകളിലേക്ക് സ്നേഹത്തോടെ കടന്നു വന്ന ഒരെഴുത്തുകാരിയാണ് പ്രീതി രഞ്ജിത്ത്. കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന പ്രീതി എഴുത്തുകാരിയ്ക്കുമപ്പുറം ഒരു ഗണിതാധ്യാപിക കൂടിയാണ്. അറേബ്യൻ മണ്ണിന്റെ ചൂടും പൊള്ളുന്ന തൊലിപ്പുറങ്ങളും പ്രീതിയുടെ ജീവിതാനുഭവങ്ങളെ കൂടുതൽ ശക്തമാക്കുമ്പോൾ, ഓർമ്മകളും ഒറ്റപ്പെടലുകളും ചേർന്ന് കഥകളുണ്ടാവുകയായിരുന്നു.

തനിയ്ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ വീക്ഷിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന കുട്ടിയായിരുന്നു പ്രീതി. കഥകള്‍ കേള്‍ക്കാനും, കഥകൾ കണ്ടെത്താനുള്ള താല്പര്യമുള്ള കുട്ടിക്കാലമാണ് എഴുത്തിന്റെ വിത്തുകൾ പ്രീതിയിൽ പാകിയത്. മുത്തശിയുടെയും മുത്തശ്ശന്റെയും അമ്മമ്മയുടെയും കൂടെ, അവര്‍ പറയുന്ന കഥകളും കേട്ടാണ് പ്രീതിയുടെ ബാല്യം കടന്നു പോയത്. സ്കൂള്‍ കാലഘട്ടത്തില്‍, മനസ്സില്‍ വിരിയുന്ന ചെറിയ കവിതകളും കഥകളും അച്ഛന്‍ അവധിക്കു വരുമ്പോള്‍ സമ്മാനിക്കുന്ന ഡയറിയില്‍ കുത്തിക്കുറിച്ചു വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. ആരും കാണുകയോ വായിക്കുകയോ ചെയ്യാതെ മയില്‍‌പീലി തുണ്ടുകള്‍ അടയാളമായി വച്ച അവ ആദ്യമായി വായിക്കുന്നത് പ്രിയ സുഹൃത്താണ്. അവള്‍ അന്ന് പറഞ്ഞ നല്ല അഭിപ്രായമാണ് ഒളിച്ചു വയ്ക്കാതെ കഥകുഞ്ഞുങ്ങളെ വെളിച്ചം കാണിക്കാനുള്ള ധൈര്യം തന്നത്.
ചെറുപ്പം മുതല്‍ ഇന്നുവരെ കൂട്ടായ, വായിച്ചു തീര്‍ത്ത പുസ്തകങ്ങള്‍ അവളുടെ മനസ്സില്‍ എന്നും സാഹിത്യഭാവനയുടെ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ സഹായിച്ചു. എം ടി യും ബഷീറും മാധവിക്കുട്ടിയും ഒ.വി വിജയനും, സി രാധാകൃഷ്ണനും , സേതുവും, സാറാജോസെഫും, അഷിതയും, കെ ആര്‍ മീരയും തുടങ്ങി പഴയതും പുതിയതുമായ പ്രശസ്ത എഴുത്തുകാര്‍ വായനയ്ക്ക് വ്യത്യസ്ത നിറങ്ങളും അനുഭവങ്ങളും നല്‍കി. ലോകോത്തര ക്ലാസ്സിക്കുകള്‍ വായനക്ക്‌ പുതിയ മാനം സമ്മാനിച്ചു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ജനിച്ചു വളര്‍ന്ന പ്രീതി വിവാഹശേഷം എറണാംകുളത്തെക്കും പിന്നീട് ദുബായിലേക്കും പറിച്ചുനടപ്പെട്ടു. കണ്ടു പഴകിയ ജീവിത സാഹചര്യങ്ങളിൽ നിന്നും പുതിയ പരിസ്ഥിതിയും, അനുഭവങ്ങളും അവളെ തിരഞ്ഞു വന്നു. മനുഷ്യൻ സാമൂഹ്യ വൽക്കരിക്കുമ്പോഴാണല്ലോ അനുഭവങ്ങൾ കൊണ്ട് സമ്പന്നനാകുന്നത്. പ്രീതിയ്ക്കും അത് തന്നെയാണ് അനുഭവപ്പെട്ടത്

സ്കൂള്‍ കാലഘട്ടം മുതല്‍ക്ക് തന്നെ പ്രീതി കഥകൾക്കൊപ്പം അറ്റമില്ലാതെ സഞ്ചരിച്ചു തുടങ്ങിയിരുന്നു. നിരന്തരമായി കഥകള്‍ എഴുതുകയുംഅവ വീണ്ടും വീണ്ടും വായിച്ച് തിരുത്തി കൂടുതല്‍ മനോഹരമാക്കുകയും ചെയ്യുമ്പോൾ, ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത ഒരു ആനന്ദം അവൾ അറിഞ്ഞിരുന്നു. പിന്നീട് കോളേജ് മാഗസിനുകളിലും ആനുകാലികങ്ങളിലും പ്രീതിയുടെ കഥകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തുടർന്ന്, മാതൃഭൂമി പത്രം സണ്‍‌ഡേ സപ്ലിമെന്റ്റ്,മനോരമ ഓണ്‍ലൈന്‍, കൊച്ചി മെട്രോ ന്യൂസ്‌, മുഖം മാഗസിന്‍ എന്നിവിടങ്ങളിലും പല പുസ്തകങ്ങളിലും ഓണ്‍ലൈന്‍ പോർട്ടലുകളിലും പ്രീതിയുടെ കഥകൾ പ്രസിദ്ധീകരിച്ചു.

രണ്ടായിരത്തി പതിനാലു കാലഘട്ടം വരെ ബ്ലോഗില്‍ കഥകളും യാത്രാവിവരണങ്ങളും എഴുതി സജീവമായിരുന്ന പ്രീതി രണ്ടായിരത്തിപത്തൊന്‍പതില്‍ “ദൈവത്തിന്റെ നൂറാമത്തെ പേര്” എന്ന കഥാസമാഹാരം പുറത്തിറക്കി. ഇപ്പോള്‍ രണ്ടാമത്തെ കഥാസമാഹാരം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യു.എ.ഇ യിലെ കലാസാഹിത്യസാംസ്കാരിക സംഘടനകളില്‍ സജീവസാന്നിധ്യം കൂടിയാണ് ഈ എഴുത്തുകാരി.

പ്രവാസജീവിതം മറ്റെല്ലാവരെയും പോലെ തന്നെ പ്രീതിയുടെ മനസ്സിലും ഓർമ്മകളുടെ ഒരു വിത്തുപാകി സഞ്ചരിക്കുകയാണ്. കുട്ടിക്കാലം മുതല്‍ നടന്നു പരിചയിച്ച പാതകളും അനുഭവിച്ച ജീവിത പാഠങ്ങളും മരുഭൂമിയിലും അവരെ മരുപ്പച്ചയുള്ളവരാക്കി മാറ്റി. കറൻസി ടെക്നോളജിയിൽ ജോലി നോക്കുന്ന ഭർത്താവ് രഞ്ജിത്തും, യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ എൽ.എൽ.എം ചെയ്യുന്ന മൂത്തമകൾ അതുല്യയും ചെറിയ മകൾ അപൂര്‍വ്വയും പ്രീതിയുടെ എല്ലാ ഇഷ്ടങ്ങൾക്കും കൂടെയുണ്ട്.

മുഖം ബുക്സിന്റെ അടുത്ത സംരംഭമായ “ലോകമലയാള കഥകൾ” എന്ന കഥാസമാഹാരത്തിൽ കൈകോർക്കുന്ന ഇരുപത് എഴുത്തുകാരിൽ ഒരാളായി, ദുബായ് പശ്ചാത്തലമായുള്ള കഥയുമായി, പ്രീതിയുമുണ്ട്. ലോക മലയാള കഥകളിൽ പ്രീതിയുടെ കഥകൾ പ്രേക്ഷകർ പ്രീതിയോടെ തന്നെ വായിക്കും. അത്രത്തോളം അനുഭവങ്ങൾ കണ്ടെത്താൻ അവൾ ശ്രമിച്ചതിന്റെ വിജയമാണത്.

പ്രീതി രഞ്ജിത്ത്
പ്രീതി രഞ്ജിത്തും കുടുംബവും