സംവിധായകൻ പ്രിയദര്‍ശന്റെ പുതിയ മലയാള ചിത്രമാണ് ‘കൊറോണ പേപ്പേഴ്‍സ്’. ഷെയ്‍ൻ നിഗം ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷെയ്ൻ നിഗത്തെ കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്‍ണൻ, മണിയൻ പിള്ള രാജു, ജെയ്‍സ് ജോസ് തുടങ്ങിയവരും അഭിനയിക്കുന്ന ‘കൊറോണ പേപ്പേഴ്‍സി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എം എസ് അയ്യപ്പൻ നായർ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്നു. പ്രിയദര്‍ശൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് മനു ജഗത് ആണ്.
ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമാണ സംരഭം കൂടിയാണ് ‘കൊറോണ പേപ്പേഴ്‍സ്’. എൻ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ രാജശേഖർ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്‍ണൻ, പിആർഒ പി ശിവപ്രസാദ്, ആതിര ദില്‍ജിത്ത്, സ്റ്റിൽസ് ശാലു പേയാട് എന്നിവരാണ് ‘കൊറോണ പേപ്പേഴ്‍സി’ന്റെ മറ്റ് പ്രവർത്തകർ.
ഷെയ്‍ൻ നിഗം നായകനാകുന്ന പ്രിയദര്‍ശൻ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന സൂചനയോടുള്ളതായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ ലുക്കും. ഒരു കൈത്തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടും തോക്കിന്റെ ഒരു ചെറുഭാഗവുമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്.