തടിയുടെ വളവും ആശാരിയുടെ ചെത്തും (കഥ -പ്രൊഫ.ബാബു പൂഴിക്കുന്നേൽ )

sponsored advertisements

sponsored advertisements

sponsored advertisements

17 February 2023

തടിയുടെ വളവും ആശാരിയുടെ ചെത്തും (കഥ -പ്രൊഫ.ബാബു പൂഴിക്കുന്നേൽ )

പ്രൊഫ.ബാബു പൂഴിക്കുന്നേൽ 
കോളജിൽ ആകെ പ്രശ്നമാണ്. ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ പുതിയ എച്ച്.ഓ.ഡി.ജോയിൻ ചെയ്തത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം.

ലീനാ തോമസ് തന്റേടിയായ അധ്യാപികയാണ്.
പുരോഗമനവാദിയാണ്. സ്ത്രീപുരുഷ സമത്വത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. പോരാതെ അമിതമായ സൗന്ദര്യബോധവും . ബ്ലൗസിന്റെ പിറ കിൽ ജനാല വച്ചതുകൊണ്ട് പ്രിൻസിപ്പാളച്ചൻ ഒരിക്കൽ താക്കീതു ചെയ്തിട്ടുമുണ്ട്. ടൈംടേബിൾ വരെ തന്റെ അധികാരമുപയോഗിച്ച് വിപ്ലവകരമായി ഇളക്കി പ്രതിഷ്ഠിച്ചു.
മുൻമേധാവിമാർ സഹപ്രവർത്തകരുടെ
അഭിപ്രായത്തെമാനിച്ചാണ് ടൈംടേബിളിൽ ചെറിയ മാറ്റങ്ങൾ വരെ വരുത്തിയിരുന്നത്.

അധികാര ദുർവിനിയോഗം നടത്തി തന്നി
ഷ്ടപ്രകാരം ടൈംടേബിൾ ഉണ്ടാക്കുക മാത്രമല്ല അത് തന്റെ അധികാരത്തിൽപ്പെട്ടതാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തത് പല പുരുഷ അധ്യാപകർക്കും ഇഷ്ടപ്പെട്ടില്ല. അവർ ക്യാന്റീനിലും ലൈബ്രറിയിലുമിരുന്ന് പുതിയ എച്ച്.ഓ.ഡി. യെ വിമർശിച്ചു.

അസോസിയേഷൻ ഫണ്ട് ഒരു അധ്യാപകന്റെ കൈവശം ഇരുന്നത് നിർബന്ധപ്പൂർവ്വം മേടിച്ച് അലമാരയിൽ വച്ച് പൂട്ടി. ചിലർ വർഷങ്ങളായി കുത്തകയായി വച്ചിരുന്ന പഠനഭാഗങ്ങൾ ഇളക്കി മറിച്ചു.

“എല്ലാ വിഷയങ്ങളും എല്ലാവരും പഠിപ്പിക്കട്ടെ”

ചോദ്യം ചെയ്തവരെ എച്ച്.ഓ.ഡി
ശാസിച്ചൊതുക്കി.

ചില വനിതാ അധ്യാപികമാർ എച്ച്.ഓ.ഡിപക്ഷം ചേർന്നു. ചില പുരുഷന്മാർ രഹസ്യമായി ടീച്ചറിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പരസ്യമായി പ്രതികരിക്കുവാൻ ഭയപ്പെട്ടു നിന്നു.
ചിലർ സൗകര്യം പോലെ ഇരുപക്ഷത്തും നിലയുറപ്പിച്ചു.

ക്യാന്റീനിൽ ഒരഭിപ്രായവും ലൈബ്രറിയിൽ
മറ്റൊരഭിപ്രായവും ഡിപ്പാർട്ട്മെന്റിൽ വേറൊരഭിപ്രായവും പറഞ്ഞു നിലപാടില്ലാത്തവരായി സ്വയം വിലകളഞ്ഞു.

ചിലർ വീട്ടിൽച്ചെന്ന്
ഫോൺ വിളിച്ച് ടീച്ചറിന് രഹസ്യങ്ങൾ കൈമാറിക്കൊണ്ടിരുന്നു. പലവിധ പരദൂഷണങ്ങൾ അണിയറയിൽ തകൃതിയായി നടന്നു.

ഒരു ദിവസം ക്ഷിപ്രകോപിയായ ഒരധ്യാപകനുമായി എച്ച്.ഓ.ഡി പരസ്യമായി ഏറ്റു മുട്ടി.

എടാ..
പോടീ ..
വിളികൾ ഡിപ്പാർട്ട്മെന്റിൽ ഉയർന്നു മുഴങ്ങി.

“നീ നിന്റെ കെട്ടിയവനോടു പോയി
പറഞ്ഞാൽ മതിയെന്ന് സാറ്

“നീ കെട്ടിയോളോടു പറഞ്ഞാൽ മതിയെന്ന്” ടീച്ചർ.

ഒരാൾ തന്തയ്ക്കു വിളിച്ചപ്പോൾ ഒരാൾ തള്ളയ്ക്ക് വിളിച്ചു. കേട്ടിരുന്ന ചിലർ ആശ്ചര്യം പ്രകടിപ്പിച്ചപ്പോൾ ചിലർ ആഹ്ളാദം പ്രകടിപ്പിച്ചു.

അങ്ങനെ ആകെ സമാധാനന്തരീക്ഷം തകർന്നപ്പോൾ പ്രിൻസിപ്പൽ മാനേജരച്ചനെ വിളിച്ച് പ്രശ്നത്തിലിടപെടണമെന്നും വാക്പോര് കൈയ്യാങ്കളി ആകുന്നതിനുമുൻപ് കോളജിൽ എത്തിയാൽ നന്നായിരിക്കുമെന്നും അറിയിച്ചു.

മാനേജരച്ചൻ അരമനയുടെ അംബാസിഡർ കാറിൽ ഗൗരവത്തോടെ കാർപോർച്ചിലിറങ്ങി. അധ്യാപകരും അനധ്യാപകരും അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചു.

കോളജിന്റെ പടവുകൾ കയറുമ്പോൾ തക്കം
നോക്കി ചിലർ മാനേജരച്ചന്റെ ചെവിയിൽ എരിവും പുളിയും പകർന്നു.

എല്ലാം ഓക്കെ എന്നർത്ഥത്തിൽ അച്ചൻ തലയാട്ടിക്കൊണ്ടിരുന്നു.

പ്രിൻസിപ്പലിന്റെ മുറിയിലെത്തി കാര്യങ്ങളുടെ ഗൗരവം ഒന്നുകൂടി ചോദിച്ചു മനസ്സിലാക്കി. ചായ കുടിച്ച് സൂപ്രണ്ടമ്മ കൊണ്ടു വന്ന ഫയലുമായി കോൺഫറൻസ് ഹാളിൽ ഏകാംഗ കമ്മീഷനായി ആസനസ്ഥനായി .

പ്രിൻസിപ്പൽ ചുമതലപ്പെടുത്തിയ അറ്റൻഡർ ആന്റണി ഹാഫ് ഡോറിനിടയിലൂടെ ഒരു പാമ്പിനെപോലെ തലനീട്ടി.

“ഓർഡർ അനുസരിച്ചു
ഓരോ അധ്യാപകരേയും വിളിക്ക്”
മാനേജരച്ചൻ ആജ്ഞാപിച്ചു.

ഓരോ സ്റ്റാഫ് അംഗത്തെയും വിളിച്ച് മാനേജരച്ചൻ അതീവ രഹസ്യമായി മൊഴിയെടുത്തു രേഖപ്പെടുത്തിക്കൊണ്ടിരുന്നു.

ചിലർ ടീച്ചറിനെ അനുകൂലിച്ചും ചിലർ സാറിനെ അനുകൂലിച്ചും ചിലർ ഡിപ്പാർട്ടുമെന്റിലെ മൊത്തം പ്രശ്ന ങ്ങളെക്കുറിച്ചും കൂട്ടിയും കുറച്ചും മൊഴികൾ കൊടുത്തുകൊണ്ടിരുന്നു. അനധ്യാപകരിൽ ചിലർ വിഷയം വിട്ട് തങ്ങളുടെ ആവലാതികൾ ദയനീയമായി വിവരിച്ചു.

” പ്രശ്നത്തിൽനിന്ന് മാറാതെ
പോയിന്റ് പറയടോ ” മാനേജരച്ചൻ ആക്രോശിച്ചു.
അതോടെ എല്ലാവരും നിശബ്ദരായി.

മാനേജരച്ചന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിക്കൊ ണ്ടിരുന്ന ഒരു അധ്യാപകൻ അർത്ഥം വെച്ച് ചിരിക്കുകയും മുഖം കൊണ്ട് ഗോഷ്ടികാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിനോടായി അടുത്ത ചോദ്യം

“സാർ ഡിപ്പാർട്ട്മെന്റിലെ പ്രശ്നം പറയൂ.”

“കാര്യമായ പ്രശ്നങ്ങളൊന്നുമില്ലച്ചാ”

സഹികെട്ട അച്ചൻ ശബ്ദമുയർത്തി

“സാറേ ഡിപ്പാർട്ട്മെന്റിൽ
അസ്വസ്ഥകളൊക്കെയുണ്ടെന്ന് പരാതി കിട്ടിയിട്ടാണ് ഞാൻ കോട്ടയത്തുനിന്ന് കാറും പിടിച്ച് വന്നി ക്കുന്നത്. സാറു പേടിക്കാതെ കാര്യം പറയൂ ”

നിശബ്ദത മാത്രം!!

നിവൃത്തിയില്ലാതെ അച്ചൻ മാനേജരുടെ അജ്ഞാശക്തി പ്രകടി പ്പിച്ചു.

“സാറെന്തെങ്കിലുമൊന്നു പറയൂ. എനിക്ക് വേറെ പണിയുണ്ട്”

അപ്പോൾ നിശബ്ദത ശബ്ദത്തിനു വഴിമാറി.

സർവ്വശക്തിയും പ്രയോഗിച്ചു
ആത്മസംഘർഷത്തോടെ മറുപടി പറഞ്ഞു

“തടിയുടെ വളവിലും ആശാരിയുടെ
ചെത്തിലും പ്രശ്നമുണ്ട്”

പിന്നീടെല്ലാവരും ഒരക്ഷരം മിണ്ടാതെ പിരിഞ്ഞു പോയി