പ്രൊഫ.ബാബു പൂഴിക്കുന്നേൽ
ജോസഫ് സാർ കെ.എസ്.ആർ.ടി.സി.യിൽ നിന്ന് സൂപ്രണ്ടായിട്ടാണ് വിരമിച്ചത്. ഭാര്യ സുസമ്മ മെഡിക്കൽ കോളജിൽനിന്നും നേഴ്സിംഗ് സൂപ്രണ്ടായിട്ടും വിരമിച്ചു. രണ്ടുപേരും സൂപ്രണ്ടുമാരായതിനാൽ അഭിമാനവുമുണ്ടായിരുന്നു.
ജോസഫ് സാർ പള്ളിയിലെ പിതൃവേദിയുടെ പ്രസിഡന്റും സൂസമ്മ മതൃവേദിയുടെ പ്രസിഡന്റുമായി സാമൂഹ്യസേവന രംഗത്തേയ്ക്കിറങ്ങി. പിതൃവേദിയുടെ രൂപതാ കമ്മറ്റി അംഗം കൂടിയായിരുന്ന ജോസഫ് സാർ വെള്ളമുണ്ടും വെള്ള ഷർട്ടും ഇട്ട് ബാഡ്ജും കുത്തി രൂപതയിലെ എല്ലാ സമ്മേളങ്ങൾക്കും വോളന്റിയർ ആയി സേവനം ചെയ്തു. ഒത്തുകിട്ടിയാൽ ഒരു ബാഡ്ജ് സൂസമ്മയ്ക്കും കൊടുക്കുവാൻ ജോസഫ് സാർ മറന്നില്ല.
മൂത്ത രണ്ടു പെൺമക്കളും ബിഎസി നേഴ്സിംഗ് കഴിഞ്ഞ് സകുടുംബം സൗദി അറേബ്യയിലാണ്. രണ്ടു പെൺമക്കൾക്കുശേഷം പ്രാർത്ഥിച്ചും മണർകാട് പള്ളിയിൽ പോയി ഭജന ഇരുന്നും
ചൈനീസ് കലണ്ടർ അനുസരിച്ച് പരീക്ഷണം നടത്തിയും ഉണ്ടായ ഇളയമകൻ റ്റോമി തിരുനൽവേലിയിൽ എഞ്ചിനീയറിംഗ് പഠിക്കുന്നു. പള്ളിയുടെ കുടുംബകൂട്ടായ്മകളിലൊക്കെ ഈ ദമ്പതികൾ സജീവമാണ്. ലയൺസ് ക്ലബ്, വൈ.എം.സി.എ. വിൻസന്റ് ടീപോൾ തുടങ്ങിയ സംഘടനകളിലൊക്കെ ജോസഫ് സാർ മെമ്പർഷിപ്പ് എടുത്തിട്ടുണ്ട്. രാവിലെ പത്രത്തിലെ ചരമപ്പേജ് നോക്കി അറിയുന്നവരുടെയും കേൾക്കുന്നവരുടെയുമൊക്കെ മരിച്ചടക്കിന് പോകുന്നത് ഈ ദമ്പതികളുടെ ഒരു ഹോബിയായിരുന്നു.
എവിടെ ചെന്നാലും മുൻപിൽ നിൽക്കുക ഉറക്കെ സംസാരിക്കു ഇതൊക്കെ അവരുടെ സവിശേഷതകളായിരുന്നു. ബെല്ലും ബ്രേക്കുമില്ലാതെയുള്ള സംസാരരീതി ജോസഫ് സാറിനെ ആൾകൂട്ടത്തിൽ വേറിട്ടുനിർത്തി.
മരിച്ചടക്കുകൾക്കു പോയാൽ വീഡിയോയുടെ മുൻപിൽ തന്നെ നിൽക്കുമായിരുന്നു. വിദേശത്തൊക്കെ സംപ്രേക്ഷണം ചെയ്യുന്നതുകൊണ്ട് നാലുപേർ കാണട്ടെ എന്നായിരുന്നു വിചാരം.
പരിശ്രമത്തിലൂടേയും കഠിനാദ്ധ്വാനത്തിലൂടെയും ജീവിതവും ജോലിയും കരുപ്പിടിപ്പിച്ച ദമ്പതികൾ വേലക്കാരിൽ വിശ്വസിച്ചില്ല. എല്ലാ ജോലിയും തന്നെ ചെയ്യും. അന്ന് തുണികളെല്ലാം വാഷിംഗ് മെഷീനിലാക്കി നീലവും നിരജും മുക്കി രണ്ടാം നിലയിലെ ടെറസ്സിൽ വരിവരിയായി കെട്ടിയിരിക്കുന്ന കയറുകളിൽ ഇട്ട് ക്ലിപ്പും കുത്തി, ഊണ് കഴിഞ്ഞ് ഒന്നു മയങ്ങുവാൻ രണ്ടുപേരും കിടപ്പുമുറിയിൽ കയറി.
വൈകുന്നേരം വൈ.എം.സി.എ.യുടെ മീറ്റിംഗ് ഉണ്ട്. അതിനുപോകണം. ഇങ്ങനെ ഓരോന്ന് ഓർത്ത് ജോസഫ്സാർ മയങ്ങിപ്പോയി. ഉറക്കം വരാതിരുന്ന സൂസമ്മ ചരടിൽ മുത്തുകൾ കോർത്ത്മാല കെട്ടാൻ തുടങ്ങി. ചില സാരികൾക്ക് മുത്തുമാലയാണ് ചേർച്ച. റിട്ടയർ ചെയ്തെങ്കിലും നഖങ്ങളിൽ ക്യൂട്ടക്സ് തേക്കാനും പുരികം ത്രെഡ് ചെയ്യാനും മുടി കട്ട് ചെയ്ത് ക്ലിപ്പിടാനുമൊക്കെ സൂസമ്മ ശ്രദ്ധിച്ചിരുന്നു. ഈ സമയത്താണ് ഇടിമുഴങ്ങുന്നതും
മഴ ചാറ്റുന്നതും . “അയ്യോ തുണി” എന്നു പറഞ്ഞുകൊണ്ട് സൂസമ്മ ടെറസിലേക്ക്
ഓടിക്കയറി. തുണികൾ വലിച്ചെടുക്കുന്നതിനിടയിൽ ഒരു മിന്നൽപ്പിണറിന്റെ ആഘാതത്തിൽ സൂസമ്മ കുഴഞ്ഞുവീണു.
ഉറക്കം ഉണർന്ന് കുറേസമയം കഴിഞ്ഞാണ് ജോസഫ് സാർ സൂസമ്മയെ ആന്വേഷിച്ചത്.
“സൂസമ്മേ സൂസമ്മേ “വിളിച്ചിട്ടു കേൾക്കാത്തതിനാൽ അയാൾ ടെറസ്സി
ലേക്ക് കയറിച്ചെന്നു. അപ്പോഴാണ് തുണികൾക്കിടയിൽ വീണുകിടക്കുന്ന സൂസമ്മയെ കാണുന്നത്.
കറുത്ത് കരുവാളിച്ച ശരീരം അനക്കമില്ല.
ജോസഫ് സാറിന്റെ നിലവിളി ശബ്ദം കേട്ട്
അയൽവാസികൾ ഓടിക്കൂടി. വലിയ താമസമില്ലാതെ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും
മരണം സംഭവിച്ചിരുന്നു. ഭാര്യയുടെ ആകസ്മിക വേർപാടിൽ ജോസഫ് സാർ ആരോടും ഒന്നും മിണ്ടിയില്ല. പോസ്റ്റുമാർട്ടവും അനുബന്ധ അന്വേഷണങ്ങൾക്ക് ശേഷം മൂന്നാം ദിവസമാണ് സംസ്കാരം നടന്നത്. അപകടമരണമായതിനാൽ വലിയൊരു ജനാവലിയാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. മെത്രാനച്ചനാണ് സംസ്കാരകർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തത്. അനവധി വൈദികരും നിരവധി കന്യാസ്ത്രീകളും മാതൃവേദിക്കാരും പിതൃവേദിക്കാരും രാഷ്ട്രീയ പ്രവർത്തകരും ജോസഫ് സാറിനോട് അനുശോചനം പറഞ്ഞു കടന്നുപോയി.
ഒരാഴ്ചത്തേക്ക് അയാൾ പുറത്തിറങ്ങിയില്ല. തന്നെ കാണാൻ വന്ന മാതൃവേദി ആന്റിമാരോട് അയാൾ ഇങ്ങനെ പറഞ്ഞു. സൂസമ്മ മിടുക്കിയായിരുന്നു. മെഡിക്കൽ കോളജിൽ തന്നെ ആശ്രയിച്ചെത്തുന്നവർക്കെല്ലാം സൂസമ്മ അഭയമായിരുന്നു. വീട്ടുകാർക്കും അവൾ പ്രിയങ്കരിയായിരുന്നു. സൂസമ്മ
പോയപ്പോഴാണ് അവളുടെ വില ഞാനറിയുന്നത്. എനിക്കിപ്പോൾ സഹായത്തിനൊരാളില്ല. എന്നാലും
എന്റെ അന്നമ്മ ആന്റി അവളുടേത് ഒരു നാണംകെട്ട മരണമായിപ്പോയില്ലേ…? മനസിലാകാത്തതു
പോലെ മാതൃവേദിക്കാർ ജോസഫ് സാറിനെ തുറിച്ചുനോക്കിയപ്പോൾ അയാൾ തുടർന്നു.
“അവൾക്ക് ഹാർട്ട് അറ്റാക്കോ, ക്യാന്സറോ വന്നു മരിച്ചെങ്കിൽ എനിക്കിത്രയും സങ്കടമില്ലായിരുന്നു. അവൾ ഇടിവെട്ടി
മരിച്ചല്ലോ. എനിക്ക് വല്യ നാണക്കേടായിപ്പോയി”
മനസ്സിൽ തോന്നിയതൊന്നും പ്രകടിപ്പിക്കാൻ കഴിയാതെ മാതൃവേദിക്കാർ സ്ഥലം വിട്ടു.
