ദൈവവും, ബ്രഷ്നേവും, കുരിശും(പ്രൊഫ: കോശി തലയ്ക്കല്‍)

sponsored advertisements

sponsored advertisements

sponsored advertisements

2 February 2023

ദൈവവും, ബ്രഷ്നേവും, കുരിശും(പ്രൊഫ: കോശി തലയ്ക്കല്‍)

1979 ജൂണില്‍ ഓസ്ട്രിയായിലെ വിയന്നയില്‍ സോള്‍ട്ട് കകക സമ്മേളനം നടക്കുകയാണ്. അണ്വായുധ നിരോധന ചര്‍ച്ചയില്‍ വന്‍ ശക്തികള്‍ എങ്ങുമെത്താതെ നില്‍ക്കുന്ന ഒരു വേളയില്‍ അന്നത്തെ സോവിയറ്റ് യൂണിയന്‍റെ പ്രസിഡന്‍റായിരുന്ന ബ്രഷ്നേവ് പ്രസിഡന്‍റ് കാര്‍ട്ടറിന്‍റെ തോളില്‍ കൈയിട്ടുകൊണ്ടു പറഞ്ഞു. “നാം ജയിച്ചില്ലെങ്കില്‍ ദൈവം നമ്മോടു പൊറുക്കുകയില്ല.(If we do not succeed, God will not forgive us)1 ഇതിനോടു ചേര്‍ത്തു വായിക്കുവാന്‍ മറ്റൊരു രംഗം കൂടി. ഇതേ ബ്രഷ്നേവിന്‍റെ സംസ്കാര ചടങ്ങ് ക്രെംനിലില്‍ നടക്കുകയാണ്. അമേരിക്കയില്‍ നിന്നും ചടങ്ങില്‍ പങ്കെടുത്തത് അന്നത്തെ വൈസ് പ്രസിഡന്‍റായിരുന്ന എച്ച്. ഡബ്ല്യു.ബുഷ് ആയിരുന്നു. അദ്ദേഹം റിപ്പോര്‍ട്ടു ചെയ്ത ഒരു സംഭവം: ബ്രഷ്നേവിന്‍റെ മൃതദേഹം വച്ചിരുന്ന കാസ്ക്കറ്റില്‍ നിര്‍ന്നിമേഷം നോക്കിക്കൊണ്ടിരുന്ന അദ്ദേഹ ത്തിന്‍റെ ഭാര്യ ആ ശവപ്പെട്ടി അടയ്ക്കുവാന്‍ പടയാളികള്‍ തുനിയുമ്പോള്‍ പെട്ടെന്ന് ശവശരീരത്തെ സമീപിച്ച് ബ്രഷ്നേവിന്‍റെ മാറില്‍ കുരിശു വരച്ചത്രെ!
ബ്രഷ്നേവ് പറഞ്ഞത് ഏതു ദൈവത്തെക്കുറിച്ചാണ്? അദ്ദേഹത്തിന്‍റെ ഭാര്യ ആ മൃതശരീരത്തിന്‍റെ മാറില്‍ വരച്ചത് ആരുടെ കുരിശാണ്? ഭൗതിക വാദത്തിന്‍റെ പ്രോദ്‌ഘാടകരും പ്രവാചകരുമായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്വന്തമായ ദൈവവും കുരിശും ഇല്ലല്ലോ. അപ്പോള്‍ ബ്രഷ്നേവിന്‍റെ ഭാര്യയുടെ കുരിശ് കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട യേശുവിന്‍റെ കുരിശും, ബ്രഷ്നേവ് പരാമര്‍ശിച്ച ദൈവം യേശുവില്‍ വെളിപ്പെട്ട സ്വര്‍ഗ്ഗസ്ഥപിതാവായ ദൈവവുമാണല്ലോ. എങ്കില്‍ നിഷ്ഠൂരമായ വംശഹത്യ യിലൂടെ ആധുനിക ലോക ചരിത്രത്തെ രക്തരൂക്ഷിതമാക്കിയ കൊടിയ വഞ്ചകരാണ് കമ്മ്യൂണിസ്റ്റുകള്‍. എങ്കില്‍പ്പിന്നെ എന്തിന്‍റെ പേരിലായിരുന്നു ലെനിനും, ക്രൂരനായ സ്റ്റാലിനും പതിനായിരക്കണക്കിന് വിശ്വാസികളേയും ക്രിസ്തീയ പുരോഹിതന്മാരെയും കൊന്നൊടുക്കിയത്? കേവലം ആറു ദശാബ്ദം കൊണ്ട് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷ മായ ഒരു പ്രത്യയശാസ്ത്രത്തിന്‍റെ മറവില്‍ പുതിയ ചക്രവര്‍ത്തിമാരാവുക എന്നതു മാത്രമായിരുന്നു, അതിന്‍റെ ലക്ഷ്യം.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ മറവില്‍ സര്‍വ്വാധികാരിയായി വാഴുന്ന ചൈനയിലെ ഷീജിന്‍പിങ്ങും, ഉത്തരകൊറിയയിലെ കിം ജോംഗ് ഉന്നും – സ്വേച്ഛാധിപതിയായ കിം ജോംഗ് ഉന്നും – കമ്മ്യൂണിസത്തിന്‍റെ വികൃതവും ബീഭത്സവുമായ മുഖം മാത്രമായി ഇന്നും ഭൂമുഖത്ത് വിരാജിക്കുകയാണ്.
നമുക്ക് കമ്മ്യൂണിസത്തിന്‍റെ ഈറ്റില്ലമായ പഴയ സോവിയറ്റ് റഷ്യയിലേയ്ക്കു തന്നെ മടങ്ങാം. എന്താണ് അവര്‍ ലോകത്തോടു പറഞ്ഞത്? എന്താണ് അവര്‍ സ്വകാര്യമായി സൂക്ഷിച്ചത്? അവര്‍ ജനങ്ങളെ ദൈവനിഷേധികളാക്കി മാറ്റി; സ്വന്തം അരമനകളില്‍ അവര്‍ കുരിശുവരച്ചും ദൈവത്തെ വിളിച്ചും ജീവിച്ചു. മറ്റെന്തിനെക്കാളു മധികം സോവിയറ്റ് റഷ്യയ്ക്ക് ശാപമായി തീര്‍ന്നത് ഈ ദ്വന്ദ്വഭാവവും ഒളിച്ചു കളിയുമാണ്. അത് അതിന്‍റെ പാരമ്യത്തില്‍ എത്തിയപ്പോള്‍ അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിച്ചു. അതാണ് 1985 ല്‍ ലോകം ഞെട്ടലോടെ കണ്ടത്. മിഖായേല്‍ ഗോര്‍ബച്ചോവ് എന്ന സോവിയറ്റ് നേതാവു കൊണ്ടുവന്ന ത്രിമാന പരിഷ്കാരം: പെരിസ്ട്രോയിക്ക (സാമ്പത്തിക പരിഷ്കാരം) ഗ്ലാസ്നോസ്റ്റ് (ഉദാരത) ഡെമോക്രെറ്റൈ സാറ്റ്സിയ (വര്‍ദ്ധിത ജനാധിപത്യം) എന്നിവ. തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം എന്ന ഊതിവീര്‍പ്പിച്ച ബലൂണ്‍ പൊട്ടിത്തെറിച്ചു. അര നൂറ്റാണ്ടിന്‍റെ വഞ്ചനയും ശീതയുദ്ധവും എല്ലാം അവസാനിച്ചു. ബൈബിള്‍ പറയുന്നു: ‘രക്തപ്രിയവും വഞ്ചനയും ഉള്ളവര്‍ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കയില്ല’2 അത് വ്യക്തിയായാലും പ്രസ്ഥാനം ആയാലും.
എന്താണിവര്‍ ജനങ്ങളുടെ ബോധമണ്ഡലങ്ങളിലേയ്ക്ക് അടിച്ചു കയറ്റിയത് – ഡയലറ്റിക്കല്‍ മെറ്റീരിയലിസം, അഥവാ വൈരുദ്ധ്യാത്മക ഭൗതികവാദം! ബൈബിളില്‍ നിന്നും ക്രിസ്തീയ ദര്‍ശനത്തില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ അടര്‍ത്തിയെടുത്ത് സ്വന്തമാക്കി ഊറ്റം കൊണ്ടവരാണിവര്‍. ആദിമ ക്രൈസ്തവ സഭയില്‍ കമ്മ്യൂണ്‍ വ്യവസ്ഥിതി3 ആണ് കമ്മ്യൂണിസത്തിന്‍റെ ആദിരൂപം. ക്രിസ്തീയതയിലെ അത് ആത്മീയമായ ഒരു ഒത്തിരിപ്പിന്‍റെ (spiritual harmony) ബാഹ്യവല്ക്കരണം (Externalization) മാത്രമായിരുന്നു. എന്നാല്‍ മാര്‍ക്സിനും ഏംഗല്‍സിനും അത് ഭൗതിക സംവിധാനമായി മാറി. അവര്‍ ക്രിസ്തുവിനേയും ക്രിസ്തീയ വിശ്വാസത്തേയും നെടുകെ പിളര്‍ന്നു. ക്രിസ്തുവിലെ, ക്രിസ്തീയ സഭയിലെ ദൈവിക ഭാവത്തെ അവര്‍ തമസ്കരിച്ചു. ക്രിസ്തുവിലെ മനുഷ്യനെയും ക്രിസ്തുസഭയിലെ ഭൗതികതയേയും മാത്രം അവര്‍ എടുത്തുകാട്ടി. ദൈവം മനുഷ്യന്‍റെ സൃഷ്ടിയാണെന്നും, മനുഷ്യന്‍റെ സാമ്പത്തിക സാമൂഹിക ശക്തികളാണ് ആ സൃഷ്ടിയ്ക്കു പിന്നിലെന്നും മാര്‍ക്സ്. മാറുന്ന മൂല്യമാണ് സമ്പത്തിന്. അത്തരമൊരു വ്യതിചലന പ്രതിഭാസത്തിന്‍റെ സൃഷ്ടിയാണ് ദൈവമെന്നും അത്തരമൊരു ദൈവം എന്തൊരു ദൈവമാണെന്നും മാര്‍ക്സ് ചോദിക്കുന്നു. ക്രിസ്തീയ വിശ്വാസത്തില്‍ അബ്രഹാമില്‍ വെളിപ്പെട്ട ദൈവം മോശെയില്‍ സാധൂകരിക്കപ്പെട്ട ദൈവമാണുള്ളത്. ആല്‍ഫയും ഒമേഗയുമായ ദൈവം. സമ്പത്തിന്‍റെ തുല്യവിതരണം മാത്രം ലക്ഷ്യം വച്ച കമ്മ്യൂണിസത്തില്‍ ഇന്ന് സമ്പത്തു കുമിഞ്ഞുകൂടുകയാണ്. ഏറ്റവും കൂടുതല്‍ ബില്യണേഴ്സുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ചൈന തീര്‍ന്നിരിക്കുന്നു. മധുര മനോഹര മനോജ്ഞ ചൈന! രാജഭരണങ്ങളെപ്പോലും ബഹുദൂരം പിന്തള്ളുന്ന അധികാരദണ്ഡുകള്‍, അടിച്ചമര്‍ത്ത ലുകളുടെ പ്രതീകമായി മാറുന്ന ഭരണകൂടങ്ങള്‍. ഇതാണോ കമ്മ്യൂണിസം? ക്യൂബയിലേയും ഉത്തര കൊറിയയിലേയും ചരിത്രം നോക്കുക. ഏതു മാനുഷിക മൂല്യങ്ങളുടെ അളവുകോലാണ് ഇവിടെയൊക്കെയുള്ളത്? വസ്ത്രം മാത്രമല്ല, പുതപ്പു കൂടി വിട്ടുകൊടുക്കുവാനും എക്സ്ട്രാ മൈല്‍ നടക്കുവാനും ഉപദേശിച്ചതിനേക്കാള്‍ വലിയ സോഷ്യലിസം ഏതു കമ്മ്യൂണിസത്തിലാണുള്ളത്? ക്രിസ്തീയതയില്‍ അതാണ് ദൈവനീതി.
ക്രിസ്തീയ വിശ്വാസത്തില്‍ രക്ഷ ക്രിസ്തുവിലൂടെ മാത്രം. മാര്‍ക്സിസത്തില്‍ അത് തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിലൂടെയാണത്രെ. കഷ്ടം! കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേയ്ക്ക് നമ്മുടെ ദൂരദര്‍ശനി ഒന്നു തിരിച്ചുപിടിക്കൂ. എവിടെയാണ് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ പാവം തൊഴിലാളികള്‍ ‘രക്ഷ’പ്പെട്ടത്.
ക്രിസ്തീയതയില്‍ മനുഷ്യന്‍റെ അന്യവല്‍കരണം ദൈവത്തില്‍ നിന്നാണ്. പാപം ചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തുന്നതാണ് ഈ അന്യവല്‍ക്കരണത്തിന് കാരണം. എന്നാല്‍ മാര്‍ക്സിസത്തില്‍ ദൈവത്തില്‍ നിന്നുള്ള അന്യവല്‍ക്കരണമില്ല. കാരണം അവിടെ ദൈവമില്ല. അവിടെ അന്യവല്‍ക്കരണം മനുഷ്യനും മനുഷ്യനും തമ്മിലാണ്.
ക്രിസ്തീയതയില്‍ മനുഷ്യന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത് ദൈവമാണ്. മാര്‍ക്സിസത്തില്‍ അത് വര്‍ഗ്ഗസമരം (class struggle) ആണ്. യേശുവിന്‍റെ പ്രവര്‍ത്തനം മുഴുവന്‍ ദൈവകേന്ദ്രീകൃതമായിരുന്നു. യേശു പറഞ്ഞു: “പിതാവു എന്നില്‍ വസിച്ചുകൊണ്ട് തന്‍റെ പ്രവൃത്തി ചെയ്യുന്നു. ഞാന്‍ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന്‍; അല്ലെങ്കില്‍ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിന്‍”4 മറിച്ച് മാര്‍ക്സിന്‍റേത് സമ്പദധിഷ്ഠിത വ്യവസ്ഥിതി ആയിരുന്നു.
തൊഴിലാളി വര്‍ഗ്ഗത്തെ ‘സത്യ’ത്തിന്‍റെ പ്രതീകമായി സ്റ്റാലിനിസവും കമ്മ്യൂണിസവും കണ്ടു. പക്ഷേ യേശു പറഞ്ഞു. ‘ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു.’5 എന്ന്. ഇവിടെ സത്യം ദൈവമാണ്.
യേശു സമ്പന്നരെ പൂര്‍ണ്ണമായി എഴുതിത്തള്ളുന്നില്ല. യേശുവിന്‍റെ ശിഷ്യ വൃന്ദത്തില്‍ സമ്പന്നരും ഉണ്ടായിരുന്നു. അരമത്യയിലെ ജോസഫ്, സക്കായി തുടങ്ങിയവരെ നോക്കുക. സമ്പത്തല്ല, അതിന്‍റെ വിനിയോഗമാണ് യേശു നിര്‍ണ്ണയിച്ചത്, സമൂഹോډുഖമായ അതിന്‍റെ വിനിയോഗം. അഥവാ മാര്‍ക്സിസ്റ്റു ശൈലിയില്‍ അതിന്‍റെ ‘വിതരണം’.
ശത്രുക്കളെ സ്നേഹിക്കുവാന്‍ പഠിപ്പിച്ച യേശു6 അതിന്‍റെ പേരില്‍ പലരേയും അപലപിക്കുന്നുണ്ട്. പരീശډാരെയും ശാസ്ത്രിമാരേയും, പുരോഹിതന്മാരെയും , സ്വാര്‍ത്ഥമതികളായ സമ്പന്നരേയും. അപ്പോഴും ആ അപലപനം വ്യക്തികളോടായിരു ന്നില്ല, മറിച്ച് മനോഭാവങ്ങളോടായിരുന്നു. ‘വ്യക്തി’യെ യേശു ഒരിക്കലും അവഗണിച്ചില്ല. കാരണം വ്യക്തിയുടെ ആത്മാവിനെയാണ് യേശു ലക്ഷ്യം വച്ചിരുന്നത്. മാര്‍ക്സിസത്തില്‍ ‘വ്യക്തി’യ്ക്കെന്തു പ്രസക്തി? അവര്‍ക്കു വ്യക്തിയല്ല, സമൂഹമാണ് പ്രധാനം. യേശു വ്യക്തിയുടെ അസ്തിത്വത്തെ മാനിച്ചു. വ്യക്തിയുടെ ദൈവിക പദ്ധതിയെ പ്രചോദിപ്പിച്ചു.
ക്രൈസ്തവ ദര്‍ശനവും മാര്‍ക്സിയന്‍ ദര്‍ശനവും വിലയിരുത്തുമ്പോള്‍ വരുന്ന ഒരു സവിശേഷ മേഖലയാണ് അവയിലെ അതീതാത്മകത. (Transcendance) ക്രിസ്തീയതയില്‍ അതീതാത്മകത ദൈവികമാകുമ്പോള്‍ മാര്‍ക്സിസത്തില്‍ മനുഷ്യനും അവന്‍റെ സാദ്ധ്യതകളുമാണ്. ദൈവികമായ അതീതാത്മകത മനുഷ്യനെ പരതന്ത്രനാക്കുകയല്ല, മറിച്ച് സ്വതന്ത്രനാക്കുകയാണ്. ആ സ്വാതന്ത്ര്യമാകട്ടെ അതു ദൈവദത്തവും. അതുകൊണ്ടുതന്നെ അത് പൂര്‍ണ്ണവുമാണ്.
‘പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രരാകും’ എന്ന ക്രിസ്തുമൊഴിയില്‍7 ഈ പൂര്‍ണതയാണ് അഭിവ്യഞ്ജിക്കുന്നത്. ആദ്യമേ സൂചിപ്പിച്ചതുപോലെ മാര്‍ക്സിസം ഭൗതിക വാദമാണ്. മനുഷ്യ ജീവിതത്തിനപ്പുറത്ത് ഒന്നും ഇല്ലെന്ന് അവര്‍ വിശ്വസിച്ചു; പഠിപ്പിച്ചു, പ്രചരിപ്പിച്ചു. കമ്മ്യൂണിസത്തിലെ ഈ ദൈവ നിഷേധത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന നിക്കോസ് കസാന്‍ദ് സാക്കീസ് എന്ന ഗ്രീക്ക് എഴുത്തുകാരന്‍8 തന്‍റെ കമ്മ്യൂണിസത്തിന് ‘Meta Communism’ എന്ന് പേരിടുകയുണ്ടായി.
കമ്മ്യൂണിസം അധികാരത്തില്‍ വന്ന ഇടങ്ങളില്‍ ക്രിസ്തുമാര്‍ഗ്ഗം പീഡിപ്പിക്ക പ്പെട്ടു, പീഡിപ്പിക്കപ്പെടുന്നു. അതിന്‍റെ ഒരു ശതമാനം പോലും പ്രത്യാക്രമണം ക്രിസ്തീയ സഭയില്‍ നിന്നും മാര്‍ക്സിസത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. വര്‍ഗ്ഗ ശത്രുക്കള്‍ എന്ന ചാപ്പ കുത്തി ആയിരമായിരം വിശ്വാസികളെ കൊന്നൊടുക്കി അവരുടെ ചുടുചോരയില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യമെന്ന പുകമറ സൃഷ്ടിച്ചിട്ട് രഹസ്യത്തില്‍ ‘കുരിശു പിടിച്ച്’ അപഹാസ്യരായവരുടെ പതനമാണ് 1985 ല്‍ ലോകം കണ്ടത്. സ്വന്തം രക്തം ഒഴുക്കി ജീവന്‍ ബലിയര്‍പ്പിച്ച യേശുവിന്‍റെ മാര്‍ഗ്ഗം ഇരുപത് നൂറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. ഇതുവരെ ജീവിച്ച ഏതൊരു വിപ്ലവകാരിയേക്കാളും വലിയ വിപ്ലവകാരിയാണ് യേശു. ആത്മാവിന്‍റെ വിപ്ലവകാരി. വ്യക്തിയുടെ ജീവനെ രൂപാന്തരപ്പെടുത്തുന്ന വിപ്ലവകാരി. ‘മാനസാന്തരത്തിന്‍റെ സ്വര്‍ഗ്ഗശില്പി’! അനുതപിച്ച കള്ളനേയും സെന്‍റ് പോളിനേയും സെന്‍റ് അഗസ്റ്റിനേയും ഒക്കെ നോക്കുക.
ഇവിടെയാണ് ഡെന്‍മാര്‍ക്കുകാരനായ ദാര്‍ശനികന്‍ കിര്‍ക്കിഗാര്‍ പറയുന്നത് ശ്രദ്ധേയമാകുന്നത്. ക്രിസ്തീയത ഒന്നുകില്‍ സത്യമാണ്, അല്ലെങ്കില്‍ മിഥ്യയാണ്. അത് ഒരിക്കലും ‘ഇത്തിരി’സത്യം ആവുകയില്ല. (Either Christianity is true, or it is false. What it cannot be is a ‘little bit true’)മുഷ്ടി ചുരുട്ടി ആകാശത്തിന്‍റെ ശൂന്യതയെ ഇടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ‘ഇസ’ത്തിന്‍റെ പാരകൊണ്ടു ദൈവസങ്കല്പത്തെ ആക്രമിക്കുമ്പോഴും ഉള്ളിന്‍റെയുള്ളില്‍ ദൈവത്തെ വല്ലാതെ ഭയപ്പെടുന്നുണ്ട്. അതാണല്ലോ ബ്രഷ്നേവിന്‍റെ ആ വാക്കുകളില്‍ മുഴങ്ങി നില്‍ക്കുന്നത്.
*******

സൂചിക
1. Keeping Faith By Jimmy Carter.p 245
2. ബൈബിള്‍ സങ്കീര്‍ത്തനങ്ങള്‍ 55:23
3. ബൈബിള്‍ അപ്പോ: പ്രവൃത്തികള്‍ 4:32-35
4. ബൈബിള്‍ യോഹന്നാന്‍ 14:10-11
5. ബൈബിള്‍ യോഹന്നാന്‍ 14: 6
6. ബൈബിള്‍ മാത്യു. 5: 44

PROF.KOSHY THALAKAL